Monday, May 6, 2024

ചാറ്റ് ജിപിടിക്ക് സമാനമായ എഐ ഫീച്ചറുകൾ അവതരിപ്പിച്ച് യൂട്യൂബ്

Newsചാറ്റ് ജിപിടിക്ക് സമാനമായ എഐ ഫീച്ചറുകൾ അവതരിപ്പിച്ച് യൂട്യൂബ്

ഉപഭോക്താക്കളുടെ ഇടപെടൽ വർധിപ്പിക്കാൻ ചാറ്റ് ജിപിടിക്ക് സമാനമായ എഐ ഫീച്ചറുകൾ അവതരിപ്പിച്ച് യൂട്യൂബ്. ഒരു എഐ ചാറ്റ്ബോട്ടും എഐ അധിഷ്ഠിത കമന്റ് സമ്മറി സംവിധാനവുമാണ് ഇപ്പോൾ പരീക്ഷിക്കുന്നതെന്ന് ടെക്ക് വെബ്സൈറ്റായ ദി വെർജ് പറയുന്നു.

എഐ ചാറ്റ് ബോട്ട്

ഉപഭോക്താവുമായി സംഭാഷണം നടത്താൻ കഴിവുള്ള എഐ ചാറ്റ്ബോട്ട് ആണ് യൂട്യൂബ് ഒരുക്കിയിരിക്കുന്നത്. കണ്ടു കൊണ്ടിരിക്കുന്ന വീഡിയോയുമായി ബന്ധപ്പെട്ട വിശദ വിവരങ്ങൾ ഉപഭോക്താവിന് ചാറ്റ് ബോട്ടിനോട് ചോദിക്കാം. വീഡിയോയ്ക്ക് താഴെയായി Ask എന്നൊരു ബട്ടൻ ഇതിനായി നൽകിയിട്ടുണ്ടാവും.

വീഡിയോ കാണുന്നത് തടസപ്പെടാതെ തന്നെ ചാറ്റ് ബോട്ട് മറുപടി നൽകും. കണ്ടു കൊണ്ടിരിക്കുന്ന വീഡിയോയെ കുറിച്ച് കൂടുതൽ ധാരണ ലഭിക്കാൻ ഈ സംവിധാനത്തിലൂടെ സാധിക്കും. ലാർജ് ലാംഗ്വേജ് എഐ മോഡലുകൾ ഉപയോഗിച്ചാണ് ഇതിന്റെ പ്രവർത്തനം. യൂട്യൂബിൽ നിന്നും വെബ്ബിൽ നിന്നുമുള്ള വിവരങ്ങൾ ഇതിൽ ലഭിക്കും.

യുഎസിലെ ചുരുക്കം ചില ആൻഡ്രോയിഡ് പ്രീമിയം ഉപഭോക്താക്കൾക്കിടയിൽ മാത്രമാണ് പരീക്ഷണാടിസ്ഥാനത്തിൽ ഈ ഫീച്ചർ ലഭ്യമാക്കിയിരിക്കുന്നത്. കൂടുതൽ പേർക്ക് താമസിയാതെ ലഭ്യമാക്കിയേക്കും.

എഐ അധിഷ്ഠിത കമന്റ് സംഗ്രഹം

യൂട്യൂബ് പരീക്ഷണാടിസ്ഥാനത്തിൽ അവതരിപ്പിച്ച മറ്റൊരു എഐ ഫീച്ചറാണ് കമന്റ് സമ്മറി. വീഡിയോകൾക്ക് താഴെ വന്നിട്ടുള്ള കമന്റുകളുടെ സംഗ്രഹം അറിയാൻ കഴിയുന്നതിലൂടെ ക്രിയേറ്റർമാർക്കും കാഴ്ചക്കാർക്കും കമന്റ് സെക്ഷനിൽ നടക്കുന്ന ചർച്ചയുടെ ഏകദേശ രൂപം മനസിലാക്കാൻ കഴിയും. ചർച്ചയിലെ പ്രധാന വിഷയങ്ങൾ തിരിച്ചറിഞ്ഞ് ആളുകളെ മികച്ച രീതിയിൽ ചർച്ചയുടെ ഭാഗമാക്കാൻ ഇതുവഴി സാധിക്കും.

വിഷയങ്ങളുടെ അടിസ്ഥാനത്തിൽ കമന്റുകളെ ക്രമീകരിച്ച് നൽകുമ്പോൾ അനാവശ്യ വിഷയങ്ങളിലെ കമന്റുകൾ നീക്കം ചെയ്യാൻ അത് ക്രിയേറ്റർമാരെ സഹായിക്കുകയും ചെയ്യും. ഇംഗ്ലീഷ് വീഡിയോകൾ കാണുന്ന ചുരുക്കം ചില ഉപഭോക്താക്കൾക്ക് മാത്രമാണ് ഈ സംവിധാനം ലഭ്യമാക്കിയിട്ടുള്ളത്.

വീഡിയോ സ്ട്രീമിങ് സേവനം കൂടുതൽ മെച്ചപ്പെടുത്താൻ കൂടുതൽ എഐ അധിഷ്ടിത ടൂളുകൾ അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് യൂട്യൂബ്. താമസിയാതെ തന്നെ ഇത്തരം കൂടുതൽ ഫീച്ചറുകൾ യൂട്യൂബിൽ നിന്ന് പ്രതീക്ഷിക്കാം.

spot_img

Check out our other content

Check out other tags:

Most Popular Articles