Wednesday, May 1, 2024

2034 ഫിഫ ലോകകപ്പ് വേദിക്കുവേണ്ടി മത്സരിച്ചിരുന്ന ഓസ്ട്രേലിയ പിൻവാങ്ങി; ഓസ്ട്രേലിയ പിൻവാങ്ങിയ സാഹചര്യത്തിൽ സൗദിയെ പിന്തുണയ്ക്കാനാണ് എഎഫ്സി തീരുമാനം

News2034 ഫിഫ ലോകകപ്പ് വേദിക്കുവേണ്ടി മത്സരിച്ചിരുന്ന ഓസ്ട്രേലിയ പിൻവാങ്ങി; ഓസ്ട്രേലിയ പിൻവാങ്ങിയ സാഹചര്യത്തിൽ സൗദിയെ പിന്തുണയ്ക്കാനാണ് എഎഫ്സി തീരുമാനം

2034 ഫിഫ ലോകകപ്പ് ഫുട്ബോളിന് ആതിഥേയരാകാൻ സൗദി അറേബ്യയ്ക്ക് സാധ്യതയേറുന്നു. വേദിക്കുവേണ്ടി മത്സരിച്ചിരുന്ന ഓസ്ട്രേലിയ പിൻവാങ്ങി. എല്ലാ ഘടകങ്ങളും പരിശോധിച്ച ശേഷമാണു ആതിഥേയ രാഷ്ട്രമാകാനുള്ള നീക്കത്തിൽനിന്നു പിൻവാങ്ങുന്നതെന്ന് ഫുട്ബോൾ ഓസ്ട്രേലിയ ചൊവ്വാഴ്ച അറിയിച്ചു. 2034 ലോകകപ്പിന് ആതിഥേയത്വം വഹിക്കാൻ ഏഷ്യ, ഓഷ്യാനിയ മേഖലകളിൽ നിന്നാണ് ഫിഫ ഫുട്ബോൾ അസോസിയേഷനുകളെ ക്ഷണിച്ചത്.

ലോകകപ്പ് നടത്താൻ ഓസ്ട്രേലിയയ്ക്കു താൽപര്യമുണ്ടെന്ന് ഫെഡറേഷൻ തലവൻ ജെയിംസ് ജോൺസൺ നേരത്തേ അറിയിച്ചിരുന്നു. എന്നാൽ 2026ലെ വനിതാ ഏഷ്യൻ കപ്പിലും 2029ലെ ക്ലബ് ലോകകപ്പിലും ശ്രദ്ധ കേന്ദ്രീകരിക്കാനാണു തീരുമാനമെന്ന് ഫുട്ബോൾ ഓസ്ട്രേലിയ പിന്നീടു നിലപാടെടുക്കുകയായിരുന്നു. ഓസ്ട്രേലിയ പിൻവാങ്ങിയ സാഹചര്യത്തിൽ സൗദിയെ പിന്തുണയ്ക്കാനാണ് എഎഫ്സി (ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ) അംഗങ്ങളുടെ തീരുമാനം.

ഓസ്ട്രേലിയയ്ക്കും മലേഷ്യ, സിംഗപ്പൂർ എന്നീ രാഷ്ട്രങ്ങൾക്കുമൊപ്പം ലോകകപ്പിന് ആതിഥേയരാകാൻ ശ്രമിക്കുന്നുണ്ടെന്ന് ഇന്തോനീഷ്യ നേരത്തേ അറിയിച്ചിരുന്നു. സൗദി അറേബ്യയ്ക്കാണ് തങ്ങളുടെ പിന്തുണയെന്ന് ഇന്തോനീഷ്യയും വ്യക്തമാക്കിക്കഴിഞ്ഞു. ഈ വർഷത്തെ വനിതാ ലോകകപ്പ് ഓസ്ട്രേലിയ, ന്യൂസീലൻഡ് രാജ്യങ്ങളിലായാണു നടന്നത്. ഒക്ടോബർ ആദ്യവാരം ലോകകപ്പ് നടത്താൻ ഏഷ്യ, ഓഷ്യാനിയ രാജ്യങ്ങളെ ഫിഫ ക്ഷണിച്ചതിനു പിന്നാലെ സൗദി അറേബ്യ താൽപര്യം അറിയിച്ചിരുന്നു.

കഴിഞ്ഞ വർഷത്തെ ലോകകപ്പ് സൗദിയുടെ അയൽ രാജ്യമായ ഖത്തറിലാണു നടന്നത്. ഫൈനലിൽ ഫ്രാൻസിനെ തോൽപിച്ച് അർജന്റീന കിരീടം ഉയർത്തി. കഴിഞ്ഞ ലോകകപ്പിൽ അർജന്റീനയെ കീഴടക്കി സൗദി അറേബ്യൻ ടീം ഫുട്ബോൾ ആരാധകരെ ഞെട്ടിച്ചിരുന്നു. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു സൗദിയുടെ വിജയം. മറ്റു രണ്ടു മത്സരങ്ങളും തോറ്റതോടെ ഗ്രൂപ്പ് സിയിൽ അവസാന സ്ഥാനക്കാരായാണ് സൗദി ഖത്തറിൽ നിന്നു മടങ്ങിയത്.

spot_img

Check out our other content

Check out other tags:

Most Popular Articles