തർക്കത്തെത്തുടർന്ന് 73-കാരിയായ അമ്മയുടെ കൈയും കാലും മകൻ കോടാലികൊണ്ട് അടിച്ചൊടിച്ചു. ഗുരുതരമായി പരിക്കേറ്റ കുന്തളംപാറ കൊല്ലപ്പള്ളിയിൽ കമലമ്മയെ (73) കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർക്ക് തലയ്ക്കും പരിക്കേറ്റിട്ടുണ്ട്. മകൻ പ്രസാദിനെ (44) കട്ടപ്പന അറസ്റ്റുചെയ്തു. വധശ്രമത്തിന് കട്ടപ്പന പോലീസ് കേസെടുത്തു.
ബുധനാഴ്ച രാവിലെയാണ് സംഭവം. വർഷങ്ങളായി പ്രസാദും ഭാര്യയും കമലമ്മയുമായി തർക്കത്തിലായിരുന്നു. ഭീഷണിപ്പെടുത്തി വീട് എഴുതിവാങ്ങിയശേഷം അച്ഛൻ ദിവാകരനെ ഉൾപ്പെടെ വീട്ടിൽനിന്ന് പുറത്താക്കിയതായി മുമ്പ് കമലമ്മ പത്രസമ്മേളനം നടത്തി ആരോപിച്ചിരുന്നു.
വീടിന്റെ അവകാശത്തെ ചൊല്ലിയുള്ള തർക്കം കോടതിയിലാണ്. പുറത്താക്കിയതോടെ വീടിനോടുചേർന്ന് താത്കാലികമായി മുറി പണിത് അവിടെയാണ് കമലമ്മ താമസിച്ചിരുന്നത്. പശുത്തൊഴുത്തിനോട് ചേർന്നുള്ള മറ്റൊരു ഷെഡ്ഡിലാണ് അച്ഛൻ ദിവാകരന്റെ താമസം.
കഴിഞ്ഞ ദിവസം കമലമ്മയുടെ മുറിയിലേക്ക് എത്താനുള്ള വഴിയിൽ മകനും മരുമകളും കോഴിക്കൂട് വെച്ചതുമായി ബന്ധപ്പെട്ട തർക്കമാണ് മർദനത്തിൽ കലാശിച്ചത്. കോഴിക്കൂട് കമലമ്മ തകർത്തെന്ന് ആരോപിച്ച് രാവിലെ പ്രസാദും കമലമ്മയും തമ്മിൽ വാക്കുതർക്കമുണ്ടായി. ഇതിനിടെ കോടാലി ഉപയോഗിച്ച് പ്രസാദ് കമലമ്മയെ ആക്രമിക്കുകയുമായിരുന്നെന്ന് പോലീസ് പറഞ്ഞു.
കമലമ്മയുടെ കൈയും കാലും ഒടിഞ്ഞതായി അയൽവാസികളാണ് പോലീസിനെ അറിയിച്ചത്. പോലീസെത്തി നാട്ടുകാരുടെ സഹായത്തോടെ ഇവരെ കട്ടപ്പന താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി.