പാലക്കാട്: പാലക്കാട് കാട്ടാന ആക്രമണത്തില്‍ യുവാവ് മരിച്ച സംഭവത്തില്‍ പ്രതികരിച്ച് വനംമന്ത്രി എ കെ ശശീന്ദ്രൻ. അലൻ്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകുമെന്നും മുണ്ടൂരിൽ പ്രതിരോധ നടപടികള്‍ ശക്തമാക്കുമെന്ന് വനംമന്ത്രി അറിയിച്ചു. ചീഫ് വൈൽഡ് ലൈഫ് വാർഡനും കളക്ടർക്കും ഇത് സംബന്ധിച്ച് നിർദ്ദേശം നൽകിയിട്ടുണ്ട്. പ്രദേശത്ത് മൂന്ന് ആനകൾ വനമേഖലയിൽ തുടരുന്നുണ്ട്. ഇതിനെ തുരത്താൻ നടപടിയെടുക്കുമെന്നും മന്ത്രി അറിയിച്ചു.

പാലക്കാട് മുണ്ടൂർ സെക്ഷൻ പരിധിയിൽ കണ്ണാടും ചോല ഭാഗത്ത് ഒരു സ്ത്രീയെയും മകനെയും കാട്ടാന ആക്രമിച്ച് ഒരാൾ മരണപ്പെട്ട സംഭവത്തില്‍ ശക്തമായ പ്രതിരോധ നടപടികള്‍ സ്വീകരിക്കാന്‍ വനം മന്ത്രി എ കെ ശശീന്ദ്രന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനും ജില്ലാ കളക്ടര്‍ക്കും നിര്‍ദേശം നല്‍കി. ആനയെ പ്രദേശത്ത് നിന്നും ഉള്‍ക്കാട്ടിലേക്ക് തുരത്താനും ആവശ്യമായ പൊലീസ് സഹായം ഉള്‍പ്പെടെ നല്‍കാനും നിര്‍ദേശിച്ചു.
