തിരുവനന്തപുരം: എസ്എൻഡിപിയെ കാവിവത്കരിക്കാൻ അനുവദിക്കില്ലെന്നും മുസ്‌ലിം ലീഗിന്റെ വര്‍ഗീയത തുറന്നുകാട്ടുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യാൻ ചേര്‍ന്ന സിപിഎം സംസ്ഥാന സമിതി യോഗത്തിന് ശേഷമാണ് പ്രതികരണം.
ബിജെപിയുടെ മതരാഷ്ട്ര വാദ നിലപാടിനെതിരെ ശക്തമായ ആശയ പ്രചാരണം വേണം. ക്ഷേത്രങ്ങൾ കയ്യടക്കാൻ ആർഎസ്എസ് ശ്രമിക്കുകയാണ്. ക്ഷേത്രമുറ്റത്ത് ശാഖകൾ അടക്കം നടത്തുന്നു. വിശ്വാസികളാരും വര്‍ഗീയവാദികളല്ല. വിശ്വാസികളുടെ കേന്ദ്രങ്ങളിൽ വർഗ്ഗീയ വാദം അനുവദിച്ച് കൊടുക്കാൻ പറ്റില്ല. ആരാധനാലയങ്ങളിൽ ആർക്കും പോകാം. പാർട്ടി അംഗങ്ങൾക്കിടയിൽ വിശ്വാസികൾ ധാരാളം ഉണ്ട്. പാർട്ടി മെമ്പറാകുന്നത് ആരാധനാലയത്തിൽ പോകുന്നതിൽ തടസമല്ല. വിശ്വാസികളെ അടക്കം വര്‍ഗീയവത്കരിക്കാനാണ് ബിജെപിയുടെ നീക്കം. ബിജെപിയുടെ എല്ലാ ശ്രമങ്ങളെയും ശക്തമായി പ്രതിരോധിക്കാൻ സംസ്ഥാന സമിതി യോഗത്തിൽ തീരുമാനിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തിലായിരുന്നു പ്രതികരണം. ശ്രീനാരായണ ഗുരു സ്ഥാപിച്ച എസ്എൻഡിപിയുടെ നേതാക്കൾ സിപിഎം വിമർശനം നടത്തുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. എസ്എൻഡിപി നേതാക്കൾ വ്യക്തിപരമായ വിമർശനങ്ങൾ പോലും നടത്തുന്നു. ബിഡിജെഎസിനെ ഒരു ഉപകരണമാക്കി ആർഎസ്എസ് അജണ്ട നടപ്പാക്കുകയാണ്. ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി ഒറ്റക്ക് ഭൂരിപക്ഷം നേടുമെന്ന് പ്രചരിപ്പിച്ചു. ബിഡിജെഎസ് വഴി ബിജെപി അജണ്ട നടപ്പാക്കുന്നതിൽ വിമർശനം തുടരും. എസ്എൻഡിപിയെ കാവിവത്കരിക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.