കര്‍ണാടകയിലെ ഷിരൂരില്‍ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് കാണാതായ അര്‍ജുനെ തേടിയുള്ള രക്ഷാപ്രവര്‍ത്തനം വീണ്ടും ആരംഭിച്ചു. ലോറിയുള്‍പ്പെടെ മണ്ണിനടിയില്‍പ്പെട്ട കോഴിക്കോട് സ്വദേശി അർജുന് വേണ്ടിയുള്ള തെരച്ചിൽ ഇന്ന് രാവിലെ 5.30ന് പുനഃരാരംഭിക്കുമെന്ന് അറിയിച്ചെങ്കിലും വൈകിയാണ് തുടങ്ങിയത്. വെള്ളിയാഴ്ച രാത്രി ഒൻപത് മണിക്ക് തെരച്ചിൽ നിർത്തിവയ്ക്കുകയാണെന്ന് ജില്ലാ കളക്ടർ അറിയിക്കുകയായിരുന്നു.
വൈകാതെ റഡാർ ഉപകരണം സ്ഥലത്ത് എത്തിക്കാനാണ് ശ്രമം. ലോറിയുള്ള സ്ഥലം ഈ റഡാർ വഴി കണ്ടെത്താൻ കഴിഞ്ഞാൽ ആ ദിശ നോക്കി മണ്ണെടുപ്പ് നടത്തും. കോഴിക്കോട്ടെ വീട്ടിൽ അര്‍ജുന് വേണ്ടി കണ്ണീരോടെ, അതിലേറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് കുടുംബം. രക്ഷാപ്രവര്‍ത്തനത്തിന് സൈന്യത്തിന്റെ സഹായം തേടണമെന്ന് അര്‍ജുന്‍റെ ഭാര്യാസഹോദരന്‍ ജിതിന്‍ ആവശ്യപ്പെട്ടിരുന്നു.