ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്ക് സ്ലൊവാക്യയെ കീഴടക്കി ഇംഗ്ലണ്ട് യൂറോകപ്പ് ക്വാർട്ടറിലെത്തി. ഒരു ഗോളിന് പിന്നിട്ടുനിന്ന സൗത്ത് ഗേറ്റും സംഘവും കളിയവസാനിക്കാൻ സെക്കൻഡുകള്‍ മാത്രം ബാക്കിനില്‍ക്കേയാണ് തിരിച്ചടിച്ചടിച്ചത്. ജൂഡ് ബെല്ലിങ്ങാമാണ് ഇംഗ്ലണ്ടിന്റെ രക്ഷകനായി അവതരിച്ചത്. 95-ാം മിനിറ്റിലെ ഉഗ്രൻ ബൈസിക്കിള്‍ കിക്ക് ഗോളിലൂടെയാണ് സ്ലൊവാക്യയോട് സമനിലപിടിച്ചത്. അതോടെ മത്സരം 1-1 എന്ന നിലയിലായി. അധികസമയത്ത് ഹാരി കെയ്നും ലക്ഷ്യം കണ്ടതോടെ ഇംഗ്ലണ്ട് ജയത്തോടെ മടങ്ങി. നേരത്തേ 25-ാം മിനിറ്റില്‍ ഇവാൻ ഷ്രാൻസാണ് സ്ലൊവാക്യയ്ക്കായി ലക്ഷ്യം കണ്ടത്. മത്സരത്തിനുടനീളം ഇരുടീമുകളും നിരവധി ഗോളവസരങ്ങള്‍ സൃഷ്ടിച്ചു. ക്വാർട്ടറില്‍ സ്വിറ്റ്സർലൻഡാണ് ഇംഗ്ലണ്ടിന്റെ എതിരാളികള്‍.