സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി ലോക്സഭാ സ്പീക്കർ പദവിയിലേക്ക് മത്സരത്തിന് വഴിയൊരുങ്ങി.
എൻഡിഎ സ്ഥാനാർഥിയായി ഓം ബിർളയും ഇന്ത്യ സഖ്യത്തിന്റെ സ്ഥാനാർഥിയായി കൊടിക്കുന്നില്‍ സുരേഷും മത്സരിക്കും. ബുധനാഴ്ച 11 മണിക്കാണ് ലോക്സഭയില്‍ വോട്ടെടുപ്പ് നടക്കുക. സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ പദവികള്‍ സംബന്ധിച്ച് ഭരണ-പ്രതിപക്ഷ നേതാക്കള്‍ നടത്തിയ ചർച്ചകള്‍ സമവായത്തിലെത്താത്തതിനെ തുടർന്നാണ് മത്സരത്തിലേക്ക് നീങ്ങിയത്.
മുഖ്യ പ്രതിപക്ഷകക്ഷിക്ക് ഡെപ്യൂട്ടി സ്പീക്കർ സ്ഥാനമെന്നതാണ് ലോക്സഭയില്‍ കീഴ്വഴക്കമെങ്കിലും കഴിഞ്ഞ രണ്ടുതവണയും ഇത് നിഷേധിക്കപ്പെട്ടിരുന്നു. ഇത്തവണ പ്രതിപക്ഷത്തിന്റെയും കോണ്‍ഗ്രസിന്റെയും അംഗബലം ഉയർന്നതോടെ ഡെപ്യൂട്ടി സ്പീക്കർ പദവി ലഭിച്ചേതീരൂ എന്ന നിലപാടിലായിരുന്നു ഇന്ത്യ സഖ്യം.