രാജ്യസഭയിൽ ബിജെഡി എംപിമാർ പ്രതിപക്ഷമായി ഇരിക്കുമെന്ന് ബിജെഡി നേതാവും ഒഡീഷ മുൻ മുഖ്യമന്ത്രിയുമായ നവീൻ പട്‌നായിക്. പാർട്ടിയുടെ ഒൻപതു രാജ്യസഭാ എംപിമാരുമായി ഭുവനേശ്വറിൽ നടത്തിയ ചർച്ചയ്ക്കു ശേഷമാണ് നവീൻ പട്‌നായിക് ഇക്കാര്യം വ്യക്തമാക്കിയത്. 2014 മുതൽ എൻഡിഎ സർക്കാരിനു രാജ്യസഭയിൽ പിന്തുണ നൽകിയിരുന്ന പാർട്ടിയാണ് ബിജെഡി. പല സുപ്രധാന ബില്ലുകളും രാജ്യസഭയിൽ പാസാക്കാൻ കേന്ദ്രസർക്കാരിനു സഹായകമായതും ഈ പിന്തുണയാണ്. ഒഡീഷ നിയമസഭ തിരഞ്ഞെടുപ്പിൽ ബിജെപിയോടേറ്റ കനത്ത പരാജയത്തിനു പിന്നാലെയാണ് ബിജെഡിയുടെ നിർണായക തീരുമാനം.
“എല്ലാ വിഷയങ്ങളിലും കേന്ദ്രത്തിൻ്റെ ഉത്തരവാദിത്തം എടുത്തുകാട്ടും. സംസ്‌ഥാനത്തിൻ്റെ വികസനവും ഒഡീഷയിലെ ജനങ്ങളുടെ ക്ഷേമവും സംബന്ധിച്ച എല്ലാ പ്രശ്‌നങ്ങളും ബിജെഡി എംപിമാർ ഉന്നയിക്കും. പല ന്യായമായ ആവശ്യങ്ങളും നിറവേറ്റപ്പെട്ടിട്ടില്ല. ഞങ്ങൾ പാർലമെൻ്റിൽ ഒഡീഷയിലെ 4.5 കോടി ജനങ്ങളുടെ ശബ്ദമാകും.”- നവീൻ പട്‌നായിക്കുമായുള്ള ചർച്ചയ്ക്കുശേഷം ബിജെഡി വൃത്തങ്ങൾ പറഞ്ഞു.
ആന്ധ്രപ്രദേശ് മുൻ മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്‌ഡിയുടെ പാർട്ടിയായ വൈഎസ്ആർ കോൺഗ്രസിൻ്റെയും ബിജെഡിയുടെയും പിന്തുണയാണ് രാജ്യസഭയിൽ പല ബില്ലുകളും പാസാക്കാൻ ബിജെപിയെ സഹായിച്ചത്. മുത്തലാഖ്, ജമ്മു കശ്മീർ പുനഃസംഘടന ബിൽ തുടങ്ങിയ തുടങ്ങിയവ കൊണ്ടുവന്നപ്പോൾ ബിജെഡി, കേന്ദ്ര സർക്കാരിന് അനുകൂല തീരുമാനമെടുത്തിരുന്നു.
എന്നാൽ ഇനി ബിജെപിക്ക് യാതൊരു വിധ പിന്തുണയും നൽകേണ്ടെന്നാണ് ബിജെഡിയുടെ തീരുമാനം. ആന്ധ്രയിൽ ജഗൻ മോഹൻ റെഡ്ഡിയെ തോൽപിച്ച ചന്ദ്രബാബു നായിഡുവിൻ്റെ ടിഡിപി, എൻഡിഎയിലെ പ്രധാന ഘടകകക്ഷിയാണ്. വൈഎസ്ആർ കോൺഗ്രസ് ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. ബിജെഡിയെ ഇന്ത്യ സഖ്യത്തിലേക്ക് കൊണ്ടുവരുന്നതുമായുള്ള ചർച്ചകളും നടക്കുന്നുണ്ടെന്നാണ് വിവരം.