രാജ്യതലസ്‌ഥാനത്തെ ജലക്ഷാമത്തിൽ പ്രതിഷേധിച്ച് നിരാഹാര സമരം നടത്തിയിരുന്ന മന്ത്രി അതിഷി മർലേനയെ ആശുപത്രിയിലേക്ക് മാറ്റി. ശരീരത്തിൽ പഞ്ചസാരയുടെ അളവ് അപകടകരമായ നിലയിൽ താഴ്ന്ന് ആരോഗ്യസ്‌ഥിതി മോശമായതിനാലാണ് അതിഷിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എൽഎൻജെപി ആശുപത്രിയിലെ ഐസിയുവിൽ കഴിയുന്ന അതിഷിയുടെ ആരോഗ്യനില തൃപ്‌തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.
ജലക്ഷാമം രൂക്ഷമായ ഡൽഹിയിൽ, ഹരിയാനയിൽനിന്ന് വെള്ളം ആവശ്യപ്പെട്ടാണ് അതിഷി അനിശ്ചിതകാല നിരാഹാരസമരം തുടങ്ങിയത്. മന്ത്രി എന്ന നിലയിൽ ഹരിയാന സർക്കാരുമായി എല്ലാ ചർച്ചകളും നടത്തിയെന്നും അവർ സഹകരിക്കുന്നില്ലെന്നും ആരോപിച്ചിരുന്നു. ഡൽഹിയിൽ ജലക്ഷാമമുണ്ടാക്കാൻ ബോധപൂർവമായ ശ്രമം നടക്കുന്നുണ്ടെന്നായിരുന്നു ആരോപണം.
ഡൽഹി സർക്കാരിൻ്റെ കെടുകാര്യസ്‌ഥതയാണ് ജലക്ഷാമത്തിലേക്ക് നയിച്ചത് എന്നാണ് ബിജെപിയുടെ ആരോപണം. ഉഷ്ണതരംഗം ഉണ്ടാകുമെന്ന് കാലാവസ്‌ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടും ഡൽഹി സർക്കാർ ഒന്നും ചെയ്‌തില്ലെന്ന് ബിജെപി എംപി ബാൻസുരി സ്വരാജ് വിമർശിച്ചു.