നീറ്റ് -യുജിസി ചോദ്യപ്പേപ്പർ ചോർച്ചയിൽ സിബിഐ എഫ്ഐആർ റജിസ്‌റ്റർ ചെയ്‌തു. ക്രിമിനൽ ഗൂഢാലോചന, വഞ്ചന തുടങ്ങിയ വകുപ്പുകളിലാണ് എഫ്ഐആർ. സിബിഐ അന്വേഷണ സംഘം ഉടൻ തന്നെ ഗുജറാത്തിലേക്കും ബിഹാറിലേക്കും യാത്രതിരിക്കുമെന്നും സൂചനയുണ്ട്.
ശനിയാഴ്‌ച രാത്രിയാണ് കേസ് സിബിഐക്ക് കൈമാറിയത്. കേസ് അന്വേഷിച്ചിരുന്ന ബിഹാറിലെ സാമ്പത്തിക കുറ്റാന്വേഷണസംഘം കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയത്തിനും സംസ്‌ഥാന സർക്കാരിനും സമർപ്പിച്ച വിശദമായ അന്വേഷണ റിപ്പോർട്ടിൻ്റെ അടിസ്‌ഥാനത്തിലാണ് കേസ് സിബിഐയ്ക്ക് വിട്ടത്.
ചോദ്യക്കടലാസ് ചോർച്ചയിൽ കള്ളപ്പണം വെളുപ്പിക്കാനുള്ള ശ്രമം നടന്നതായും പറയുന്നു. അങ്ങനെയെങ്കിൽ സംഭവത്തിൽ എൻഫോഴ്സ്മെൻ്റ് ഡയറക്‌ടറേറ്റും കേസെടുക്കാൻ സാധ്യതയുണ്ടെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ പ്രതിപക്ഷപാർട്ടികൾ സിബിഐ അന്വേഷണത്തെ എതിർത്ത് രംഗത്തു വന്നിട്ടുണ്ട്. സുപ്രീം കോടതിയുടെ നേതൃത്വത്തിലുള്ള അന്വേഷണം വേണമെന്നാണ് പ്രതിപക്ഷ കക്ഷികൾ ആവശ്യപ്പെടുന്നത്.