Thursday, May 2, 2024

മലയാളചിത്രങ്ങൾക്ക് പിവിആർ ഏർപ്പെടുത്തിയ വിലക്ക്; വിഷയത്തിൽ മലയാളസിനിമയ്ക്ക് പിന്തുണയുമായി തെലുങ്ക് ചലച്ചിത്ര നിർമാതാക്കളുടെ സംഘടന

TOP NEWSINDIAമലയാളചിത്രങ്ങൾക്ക് പിവിആർ ഏർപ്പെടുത്തിയ വിലക്ക്; വിഷയത്തിൽ മലയാളസിനിമയ്ക്ക് പിന്തുണയുമായി തെലുങ്ക് ചലച്ചിത്ര നിർമാതാക്കളുടെ സംഘടന

റംസാൻ, വിഷു റിലീസായി തിയേറ്ററുകളിലെത്തേണ്ടിയിരുന്ന മലയാളചിത്രങ്ങൾക്ക് തിയേറ്റർ ശൃംഖലയായ പിവിആർ ഏർപ്പെടുത്തിയ വിലക്കും തുടർന്ന് ചർച്ചയിലൂടെ ആ പ്രശ്‌നം പരിഹരിച്ചതും ഈയിടെ സിനിമാ മേഖലയിൽ വലിയ ചർച്ചയായിരുന്നു. ഇപ്പോൾ ഈ വിഷയത്തിൽ മലയാളസിനിമയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ് തെലുങ്ക് ചലച്ചിത്ര നിർമാതാക്കളുടെ സംഘടനയായ ആക്‌ടീവ് തെലുഗു ഫിലിം പ്രൊഡ്യൂസേഴ്സ‌് ഗിൽഡ്.

സിനിമയുടെ പ്രൊജക്‌ഷൻ ചെയ്യുന്ന കണ്ടൻ്റ് മാസ്റ്ററിങ് യൂണിറ്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനുമായുള്ള തർക്കം മൂലമായിരുന്നു പിവിആർ സ്ക്രീനുകളിൽ മലയാളചിത്രങ്ങളുടെ പ്രദർശനം നിർത്തിവച്ചത്. വിഷുവിന് തിയേറ്ററുകളിലെത്തേണ്ടവയ്ക്കൊപ്പം അതുവരെ പ്രദർശനം നടത്തിവന്ന ചിത്രങ്ങൾ പിൻവലിക്കുകയുംകൂടി ചെയ്തതോടെയാണ് പ്രശ്‌നം വഷളായത്. തുടർന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയുടെ നേതൃത്വത്തിൽ നടന്ന ചർച്ചയിൽ ഈ പ്രശ്‌നത്തിന് താത്ക്കാലിക വിരാമമായി. കോഴിക്കോട്ടെ മിറാഷ് സിനിമാസ്, കൊച്ചി ഫോറം മാളിലെ പുതിയ ഒമ്പത് സ്ക്രീനുകൾ എന്നിവയിൽ മലയാള സിനിമകൾ പ്രദർശിപ്പിക്കുന്ന കാര്യത്തിൽ തീരുമാനമായിരുന്നില്ല. ഈ സാഹചര്യം നിലനിൽക്കേയാണ് മലയാളസിനിമയ്ക്ക് തെലുങ്ക് നിർമാതാക്കൾ പിന്തുണയറിയിച്ചത്.

ഇന്ത്യയിലെമ്പാടും പ്രദർശിപ്പിക്കുന്ന മലയാളസിനിമകൾ ഒരു മൾട്ടിപ്ലെക്സ‌് ശൃംഖല ഏകപക്ഷിയമായി നീക്കംചെയ്യുന്നതിനെ ശക്തമായി അപലപിക്കുന്നുവെന്ന് തെലുഗു പ്രൊഡ്യൂസേഴ്‌സ് ഗിൽഡ് എക്‌സിൽ പോസ്റ്റ് ചെയ്തു. ന്യായമായ ബിസിനസ് സമ്പ്രദായങ്ങൾ പിന്തുടരുന്നതിനായി കേരളത്തിലെ ചലച്ചിത്ര നിർമാതാക്കൾക്കൊപ്പം നിൽക്കുന്നു. തങ്ങൾ എന്നും ഒരുമിച്ച് നിൽക്കുമെന്നും അവർ അറിയിച്ചു. ഈ കുറിപ്പ് തെലുങ്കിലെ പ്രമുഖ നിർമാതാക്കളായ മൈത്രി മൂവി മേക്കേഴ്‌സ് പങ്കുവെച്ചിട്ടുണ്ട്. പിവിആറുമായി ബന്ധപ്പെട്ടുള്ള ഈ പ്രശ്‌നങ്ങളേത്തുടർന്ന് മൈത്രി മൂവി മേക്കേഴ്‌് തെലുങ്കിൽ മൊഴിമാറ്റിയെത്തിച്ച മഞ്ഞുമ്മൽ ബോയ്‌സ് എന്ന ചിത്രത്തിന്റെ പ്രദർശനങ്ങളും മുടങ്ങിയിരുന്നു.

തെലങ്കാനയിൽ മഞ്ഞുമ്മൽ ബോയ്‌സിൻ്റെ മൊഴിമാറ്റ പതിപ്പ് വിതരണത്തിനെത്തിച്ച മൈത്രി മൂവി മേക്കേഴ്‌സുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ശശിധർ റെഡ്ഡി തെലുങ്ക് ഫിലിം ചേംബർ ഓഫ് കൊമേഴ്സിന് കഴിഞ്ഞയാഴ്‌ച പിവിആറിനെതിരെ പരാതി നൽകിയിരുന്നു. കേരളത്തിലെ നിർമാതാക്കളുമായി പ്രശ്‌നമുണ്ടെങ്കിൽ പിവിആർ എന്തിനാണ് മഞ്ഞുമ്മൽ ബോയ്‌സിന്റെ തെലുങ്ക് മൊഴിമാറ്റ പതിപ്പിൻ്റെ പ്രദർശനം തടയുന്നതെന്ന് അദ്ദേഹം പരാതിയിൽ ചോദിച്ചു. നല്ല കളക്ഷൻ കിട്ടിക്കൊണ്ടിരിക്കുമ്പോൾ ഇത്തരം പ്രവൃത്തികൾചെയ്യുന്നത് നല്ലതല്ലെന്നും അദ്ദേഹം പരാതിയിൽ പറഞ്ഞിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് തെലുങ്ക് ഫിലിം ചേംബർ ഉടനടി യോഗംചേരുമെന്നാണ് റിപ്പോർട്ട്.

പിവിആറും നിർമാതാക്കളും തമ്മിലുള്ള ഡിജിറ്റൽ കണ്ടന്റ്റ് പ്രൊഡക്ഷൻ സംബന്ധിച്ച തർക്കമാണ് സിനിമകളുടെ പ്രദർശനം നിർത്തിവെക്കുന്നതിലേക്ക് എത്തിയത്. വൻതുക നൽകുന്നത് ഒഴിവാക്കാൻ നിർമാതാക്കൾ സ്വന്തമായി ഇതിനുള്ള സംവിധാനം ഒരുക്കിയത് അംഗീകരിക്കാൻ പി.വി.ആർ തയ്യാറാവാതിരുന്നതാണ് തർക്കത്തിന് കാരണം. ഈ മാസം 11 മുതലാണ് വിഷു റിലീസായെത്തുന്നതും നിലവിൽ ഓടിക്കൊണ്ടിരിക്കുന്നതുമായ മലയാള ചിത്രങ്ങളുടെ ബുക്കിങ്ങും പ്രദർശനവും പിവിആർ നിർത്തിയത്. ഇതോടെ പ്രദർശിപ്പിച്ചുകൊണ്ടിരുന്നതും വിഷു റിലീസിന് ഒരുങ്ങിയിരുന്നതുമായ സിനിമകൾക്ക് വലിയ നഷ്‌ടമാണ് ഉണ്ടായതെന്ന് സംവിധായകർ ചൂണ്ടിക്കാട്ടിയിരുന്നു.

spot_img

Check out our other content

Check out other tags:

Most Popular Articles