Thursday, May 2, 2024

വെറും ഒൻപത് ദിവസംകൊണ്ട് നൂറുകോടി ക്ലബിൽ; മലയാളത്തിൽ ഏറ്റവും വേഗത്തിൽ 100 കോടിയെന്ന നേട്ടം സ്വന്തമാക്കി ആടുജീവിതം

TOP NEWSINDIAവെറും ഒൻപത് ദിവസംകൊണ്ട് നൂറുകോടി ക്ലബിൽ; മലയാളത്തിൽ ഏറ്റവും വേഗത്തിൽ 100 കോടിയെന്ന നേട്ടം സ്വന്തമാക്കി ആടുജീവിതം

തിയേറ്ററുകളിൽ അപരാജിത കുതിപ്പ് തുടർന്ന് മുന്നേറവേ നൂറുകോടി ക്ലബിൽ ഇടംപിടിച്ച് ആടുജീവിതം. വെറും ഒൻപത് ദിവസംകൊണ്ടാണ് ഈ ബ്ലെസി- പൃഥ്വിരാജ് ചിത്രം ആഗോളകളക്ഷനിൽ 100 കോടിയെന്ന നേട്ടം സ്വന്തമാക്കിയത്. ഇതോടെ മലയാളത്തിൽ ഏറ്റവും വേഗത്തിൽ ഈ കളക്ഷൻ നേടുന്ന ചിത്രമെന്ന പേരും ആടുജീവിതം കരസ്ഥമാക്കി.

ആടുജീവിതത്തിൻ്റെ 100 കോടി നേട്ടത്തേക്കുറിച്ച് കഴിഞ്ഞദിവസംതന്നെ ഫിലിം ട്രാക്കർമാർ ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നുവെങ്കിലും ശനിയാഴ്‌ച രാവിലെ പൃഥ്വിരാജ് തന്നെ ഇക്കാര്യം സ്ഥിരീകരിക്കുകയായിരുന്നു. മലയാളത്തിലെ ആറാമത്തെ 100 കോടി ക്ലബ് ചിത്രമാണ് ആടുജീവിതം.

2018 ആണ് 100 കോടി കളക്ഷൻ നേടിയ വേഗതയിൽ ആടുജീവിതത്തിന് പിന്നിലുള്ളത്. 11 ദിവസം. ലൂസിഫർ, മഞ്ഞുമ്മൽ ബോയ്‌സ്‌ എന്നിവ പന്ത്രണ്ടും പ്രേമലു മുപ്പത്തൊന്നും പുലിമുരുകൻ മുപ്പത്താറ് ദിവസവുമെടുത്താണ് 100 കോടി ക്ലബിലേക്കെത്തിയത്.

പൃഥ്വിരാജിന്റെ കരിയറിലെ ആദ്യ 100 കോടി കളക്ഷൻ ചിത്രമാണ് ആടുജീവിതം. മലയാളത്തിൽ ഏറ്റവും വേഗമേറിയ 50 കോടി കളക്ഷനും ആടൂജീവിതത്തിന് അവകാശപ്പെട്ടതാണ്. 2024-ൽ നൂറുകോടി കളക്ഷൻ കിട്ടുന്ന മൂന്നാമത്തെ ചിത്രമാണ് ആടുജീവിതം. ഫെബ്രുവരിയിൽ പുറത്തിറങ്ങിയ പ്രേമലു, മഞ്ഞുമ്മൽ ബോയ്‌സ് എന്നീ ചിത്രങ്ങളും നൂറുകോടി ക്ലബിൽ ഇടംനേടിയിരുന്നു. ഇതിൽ 220 കോടിയാണ് മഞ്ഞുമ്മൽ ബോയ്‌സിന്റെ കളക്ഷൻ.

സൗദി അറേബ്യയിലെ ഇന്ത്യൻ കുടിയേറ്റ തൊഴിലാളിയായ നജീബ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ പൃഥ്വി അവതരിപ്പിച്ചത്. പൃഥ്വിരാജിനെ കൂടാതെ അമല പോളും ശോഭ മോഹനുമാണ് മലയാളത്തിൽ നിന്നുള്ള മറ്റുതാരങ്ങൾ. എ.ആർ. റഹ്‌മാനാണ് ചിത്രത്തിന് സംഗീതം നിർവഹിക്കുന്നത്. കെ.എസ്. സുനിലാണ് ഛായാഗ്രാഹകൻ. പ്രശാന്ത് മാധവ് കലാസംവിധാനവും രഞ്ജിത്ത് അമ്പാടി മേക്കപ്പും നിർവഹിച്ചിരിക്കുന്നു.

spot_img

Check out our other content

Check out other tags:

Most Popular Articles