Friday, May 3, 2024

ഇറാൻ എംബസിക്കു നേരെ ഇസ്രയേൽ നടത്തിയ വ്യോമാക്രമണം; ഇറാൻ കനത്ത തിരിച്ചടി നൽകുമെന്നാണ് വിദഗ്‌ധർ

Newsഇറാൻ എംബസിക്കു നേരെ ഇസ്രയേൽ നടത്തിയ വ്യോമാക്രമണം; ഇറാൻ കനത്ത തിരിച്ചടി നൽകുമെന്നാണ് വിദഗ്‌ധർ

സിറിയയിലെ ഇറാൻ എംബസിക്കു നേരെ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ രണ്ട് ഇറാനിയൻ ജനറൽമാർ ഉൾപ്പെടെ ഏഴ് ഉദ്യോഗസ്‌ഥർ കൊല്ലപ്പെട്ട സംഭവത്തിൽ ഇസ്രയേലിനെതിരെ രൂക്ഷവിമർശനവുമായി സിറിയയും ഇറാനും രംഗത്ത്. എന്തു വിലകൊടുത്തും ഇസ്രയേലിന് ശക്തമായ തിരിച്ചടി നൽകുമെന്ന് ഇറാനും ഇറാൻ്റെ പിന്തുണയുള്ള ലബനീസ് ഗ്രൂപ്പായ ഹിസ്ബുല്ലയും മുന്നറിയിപ്പു നൽകി. ആക്രമണത്തേക്കുറിച്ച് ഇസ്രയേൽ ഇതുവരെ പ്രതികരിച്ചില്ല. അതേസമയം, തിങ്കളാഴ്‌ച ദക്ഷിണ ഇസ്രയേലിൽ ഡ്രോൺ ആക്രമണം നടത്തിയതിന് ഇസ്രയേൽ സൈനിക ഉദ്യോഗസ്‌ഥൻ ഇറാനെതിരെ രൂക്ഷ വിമർശനം ഉയർത്തുകയും ചെയ്തു.

ഇസ്രയേലിന്റെ ആക്രമണത്തിന് ഇറാൻ കനത്ത തിരിച്ചടി നൽകുമെന്നാണ് വിദഗ്‌ധരുടെ വിലയിരുത്തൽ. ഇറാന്റെ നിയന്ത്രണത്തിലുള്ള ഹിസ്‌ബുല്ലയ്ക്ക്, ഇസ്രയേലിനെതിരെ ആക്രമണം വ്യാപിപ്പിക്കാൻ പ്രത്യേക നിർദ്ദേശം നൽകിയേക്കുമെന്ന് വാഷിങ്ടണിലെ ഫോറിൻ റിലേഷൻസ് കൗൺസിലിൽ അനലിസ്‌റ്റായ സ്റ്റ‌ീവൻ കുക്ക് ചൂണ്ടിക്കാട്ടി.

ഇറാൻ എംബസി ഉൾപ്പെടുന്ന മേഖലയിൽ ഇസ്രയേൽ യുദ്ധവിമാനങ്ങൾ ആറ് മിസൈലുകൾ വർഷിച്ചതായാണ് വിവരം. ഡമാസ്‌കസിലെ മെസ ജില്ലയിലാണ് തിങ്കളാഴ്‌ച ആക്രമണം നടന്നത്. മൂന്ന് സീനിയർ കമാൻഡർമാരും കൊല്ലപ്പെട്ടതായാണ് വിവരം. സിറിയൻ വിദേശകാര്യ മന്ത്രി ഫൈസൽ മേഗ്ദാദ് ആക്രമണത്തെ കടുത്ത ഭാഷയിൽ അപലപിച്ചു. ഒരു കൂട്ടം നിരപരാധികളുടെ ജീവനെടുത്ത് ഡമാസ്‌കസിലെ ഇറാനിയൻ കോൺസുലേറ്റ് ഉൾപ്പെടുന്ന കെട്ടിട സമുച്ചയത്തിനു നേരെ നടന്ന അതിക്രൂരമായ തീവ്രവാദി ആക്രമണത്തെ ശക്‌തമായി അപലപിക്കുന്നുവെന്ന് അദ്ദേഹം പ്രതികരിച്ചു.

ഇറാനിയൻ എംബസിക്കു നേരെ നടന്ന ആക്രമണത്തിൽ സിറിയയിലെ ഇറാൻ അംബാസഡർ ഹുസൈൻ അക്ബാരി പരുക്കേൽക്കാതെ രക്ഷപ്പെട്ടു. സീനിയർ കമാൻഡർ മുഹമ്മദ് റീസ സെഹാദി മരിച്ചവരുടെ കൂട്ടത്തിലുള്ളതായി സ്‌ഥിരീകരിച്ചിട്ടുണ്ട്. സിറിയയിലെ ഇറാനിയൻ സൈനിക കേന്ദ്രങ്ങൾക്കു നേരെ ഇസ്രയേൽ മുൻപും ആക്രമണം നടത്തിയിട്ടുണ്ടെങ്കിലും, എംബസിക്കു നേരെ ആക്രമണം നടത്തുന്നത് ഇതാദ്യമാണ്.

അതേസമയം, ഈ മേഖലയിൽ ഇറാൻ്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന ലബനീസ് തീവ്രവാദ സംഘടനയായ ഹിസ്ബുല്ല, ഇസ്രയേലിന് ശക്തമായ തിരിച്ചടി നൽകുമെന്ന് പ്രഖ്യാപിച്ചു. ആക്രമണം നടത്തിയവർക്ക് തക്കതായ ശിക്ഷയും പ്രതികാരവും ഉറപ്പാക്കാതെ മുന്നോട്ടു പോകില്ലെന്ന് സംഘടന പ്രസ്‌താവനയിൽ അറിയിച്ചു. റഷ്യ, മുസ്‌ലിം രാജ്യങ്ങളായ ഇറാഖ്, ജോർദാൻ, ഒമാൻ, പാക്കിസ്ഥാൻ, ഖത്തർ, സൗദി അറേബ്യ, യുഎഇ തുടങ്ങിയ രാജ്യങ്ങൾ ആക്രമണത്തെ അപലപിച്ചു.

എഫ്-35 യുദ്ധവിമാനങ്ങൾ ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്ന് ഇറാൻ പറഞ്ഞു. ഇറാൻ്റെ പതാകയുള്ള എംബസി കെട്ടിടം ആക്രമിക്കാൻ ഇസ്രയേൽ തയാറാകുന്നത് ആദ്യമാണെന്നും ഇറാൻ ചൂണ്ടിക്കാട്ടി. അതേസമയം ആക്രമണത്തിൽ തകർന്ന കെട്ടിടം കോൺസുലേറ്റോ എംബസിയോ അല്ലെന്ന് ഇസ്രയേൽ സൈനിക വക്‌താവ് റിയർ അഡ്‌മിറൽ ഡാനിയൽ ഹഗാരി അവകാശപ്പെട്ടു.

ഹിസ്ബുല്ല നേതാക്കളെ ലക്ഷ്യമിട്ട് ഇസ്രയേൽ സിറിയയിൽ മുൻപും ആക്രമണം നടത്തിയിരുന്നു. ഇറാനിൽ നിന്നുള്ള ആയുധനീക്കം തടയാനാണ് ഇസ്രയേൽ ശ്രമമെന്നും വിലയിരുത്തലുണ്ട്. എന്നാൽ ഇസ്രയേൽ ഇക്കാര്യത്തിൽ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

spot_img

Check out our other content

Check out other tags:

Most Popular Articles