Friday, May 3, 2024

നിരന്തരമായ സോഷ്യൽമീഡിയാ ആക്രമണവും നുണകളും; താൻ എല്ലാം നിർത്തുന്നു – ഗായിക ലിസ്സോ

Newsനിരന്തരമായ സോഷ്യൽമീഡിയാ ആക്രമണവും നുണകളും; താൻ എല്ലാം നിർത്തുന്നു - ഗായിക ലിസ്സോ

സ്വതസിദ്ധമായ ശൈലിയിലൂടെ ലോകമെമ്പാടും നിരവധി ആരാധകരെ സൃഷ്ടിച്ച അമേരിക്കൻ റാപ്പറും ഗായികയുമാണ് ഗ്രാമി പുരസ്‌കാര ജേതാവ് ലിസ്സോ. സംഗീതലോകത്തെ ഞെട്ടിക്കുകയും ചൂടേറിയ ചർച്ചകൾക്ക് വഴിയൊരുക്കിയിരിക്കുകയുമാണ് ഗായികയുടെ പുതിയ സോഷ്യൽ മീഡിയാ പോസ്റ്റ്. താൻ എല്ലാം നിർത്തുന്നുവെന്നാണ് അവർ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്‌തത്.

ജോ ബൈഡൻ്റെ ഇലക്ഷൻ ഫണ്ട് ശേഖരണവുമായി ബന്ധപ്പെട്ട് ന്യൂയോർക്ക് സിറ്റിയിലെ സിറ്റി ഹാളിൽ ലിസോ ഒരു സംഗീതപരിപാടി നടത്തിയിരുന്നു. ഇതിനുപിന്നാലെ ശക്തമായ വിമർശനവും സോഷ്യൽ മീഡിയാ ആക്രമണവും ലിസോക്കെതിരെ ഉയർന്നിരുന്നു. ഇതിനേത്തുടർന്നാണ് ലിസോ ചർച്ചകൾക്കാധാരമായ കുറിപ്പ് പോസ്റ്റ് ചെയ്‌തത്‌. നിരന്തരമായ സോഷ്യൽമീഡിയാ ആക്രമണവും നുണകളുമാണ് തൻ്റെ ഈ തീരുമാനത്തിന് പിന്നിലെന്ന് അവർ വ്യക്തമാക്കി. പോസ്റ്റ് പുറത്തുവന്നതിന് പിന്നാലെ വിമർശകർക്കെതിരെ ആഞ്ഞടിച്ച് ലിസോയുടെ ആരാധകരും രംഗത്തെത്തിയിരിക്കുകയാണ്.

“എന്റെ ജീവിതത്തിലും ഇന്റർനെറ്റിലും എല്ലാവരാലും വലിച്ചിഴക്കപ്പെടുന്നത് സഹിച്ചു മടുത്തു. എനിക്ക് വേണ്ടത് സംഗീതം സൃഷ്‌ടിക്കുകയും ആളുകളെ സന്തോഷിപ്പിക്കുകയും ലോകത്തെ ഞാൻ എങ്ങനെ കണ്ടെത്തി എന്നതിനേക്കാൾ അൽപ്പം മെച്ചപ്പെടാൻ സഹായിക്കുകയും ചെയ്യുക എന്നതാണ്. എന്നാൽ ലോകം എന്നെ അതിൽ ആഗ്രഹിക്കുന്നില്ലെന്ന് എനിക്ക് തോന്നിത്തുടങ്ങി. കാഴ്‌ചക്കാരെ സൃഷ്‌ടിക്കാൻ പലരും എനിക്കെതിരെ പ്രചരിപ്പിക്കുന്ന നുണകളെ ഞാനെപ്പോഴും എതിർത്തിട്ടുണ്ട്. എന്റെ ശരീരപ്രകൃതി നോക്കി പലരും തമാശ സൃഷ്ട‌ിക്കുന്നു. എന്നെ അറിയാത്ത ആളുകൾ എന്നെ അകറ്റിനിർത്തുകയും എൻ്റെ പേരിനോട് അനാദരവ് കാണിക്കുകയും ചെയ്യുന്നു.” ലിസ്സോ കുറിച്ചു.

ഏതാനും മാസങ്ങൾക്കുമുമ്പ് ലിസോയ്ക്കെ‌തിരെ ലൈംഗികാതിക്രമ കേസുമായി മുൻസഹായികളായ മൂന്ന് നർത്തകർ ലോസ് ആഞ്ചലസ് കൗണ്ടി സുപ്പീരിയർ കോടതിയിൽ കേസ് ഫയൽ ചെയ്‌തിരുന്നു. അരിയാനാ ഡേവിസ്, ക്രിസ്റ്റൽ വില്ല്യംസ്, നോയേൽ റോഡ്രിഗസ് എന്നിവരാണ് ലിസോയ്ക്കെതിരെ കേസ് കൊടുത്തത്.

ഗായികയും അവരുടെ പ്രൊഡക്ഷൻ കമ്പനിയും ശത്രുതാപരമായ തൊഴിൽ അന്തരീക്ഷം സൃഷ്‌ടിച്ചുവെന്നും പരാതിയിലുണ്ടായിരുന്നു. ആംസ്റ്റർഡാമിലെ സംഗീത പരിപാടിക്കുശേഷം ലിസോയും പരാതിക്കാർ ഉൾപ്പെടുന്ന സംഘാംഗങ്ങളും നഗരത്തിലെ ഒരു ക്ലബിലെ സെക്‌സ് തീം ഷോയിൽ പങ്കെടുത്തിരുന്നു. ഈ ക്ലബിലെ നഗ്നരായ നർത്തകർക്കൊപ്പം ‘ലൈംഗികമായി ഇടപഴകാൻ’ ഗായിക നിർബന്ധിച്ചു എന്നാണ് നർത്തകർ കോടതിയെ അറിയിച്ചത്.

സ്ഥിരമായി ബോഡി പോസിറ്റിവിറ്റിയേക്കുറിച്ച് സംസാരിക്കുന്ന ലിസോ തന്റെ സംഘാംഗമായ ഡേവിസിന് ശരീരഭാരം കൂടിയതിനോട് മോശമായി പ്രതികരിച്ചെന്നും ഹർജിയിലുണ്ടായിരുന്നു. ഈ സാഹചര്യം നിലനിൽക്കേയാണ് ലിസോയുടെ പിന്മാറ്റക്കുറിപ്പ് സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്നത്. അതേസമയം സോഷ്യൽ മീഡിയയിൽനിന്ന് മാത്രമാണോ അതോ സംഗീതലോകത്തുനിന്നാണോ ലിസോയുടെ ഈ പിന്മാറ്റമെന്ന് ഇനിയും വ്യക്തമായിട്ടില്ല.

spot_img

Check out our other content

Check out other tags:

Most Popular Articles