Thursday, May 2, 2024

കോടീശ്വരന്മാരെ കൂട്ടുപിടിച്ച് പ്രധാനമന്ത്രി മോദി മാച്ച് ഫിക്‌സിങ് നടത്തുകയാണ് – രാഹുൽ ഗാന്ധി

TOP NEWSINDIAകോടീശ്വരന്മാരെ കൂട്ടുപിടിച്ച് പ്രധാനമന്ത്രി മോദി മാച്ച് ഫിക്‌സിങ് നടത്തുകയാണ് - രാഹുൽ ഗാന്ധി

ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ‘മാച്ച് ഫിക്‌സിങ്’ നടത്തുകയാണെന്നും അവരുടെ ഉദ്യമം വിജയിച്ചാൽ രാജ്യത്തെ ഭരണഘടന മാറ്റുകയും ഇന്ത്യയിലെ ജനങ്ങളുടെ അവകാശങ്ങൾ നിഷേധിക്കപ്പെടുകയും ചെയ്യുമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഡൽഹിയിലെ രാംലീല മൈതാനിയിൽ ഇന്ത്യാസഖ്യത്തിൻ്റെ ‘ജനാധിപത്യത്തെ സംരക്ഷിക്കുക’ റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു രാഹുൽ.

“അംപയർമാരുടെയും ക്യാപ്റ്റന്റെയും മേൽ അധികസമ്മർദ്ദമുണ്ടാകുമ്പോൾ കളിക്കാരെ വിലയ്ക്കു വാങ്ങുകയും മത്സരം ജയിക്കുകയും ചെയ്യുന്നു. ക്രിക്കറ്റിൽ ഇതിനെ മാച്ച് ഫിക്സിങ് എന്നാണ് പറയുന്നത്. നമുക്കു മുന്നിൽ ലോക്സഭാ തിരഞ്ഞെടുപ്പാണുള്ളത്. ആരാണ് അംപയർമാരെ തിരഞ്ഞെടുക്കുന്നത്? മത്സരം ആരംഭിക്കുന്നതിനു മുൻപു തന്നെ രണ്ടു കളിക്കാർ അറസ്‌റ്റിലായി. ഈ തിരഞ്ഞെടുപ്പിൽ മാച്ച് ഫിക്സിങ്ങിനാണ് മോദി ശ്രമിക്കുന്നത്. 400 സീറ്റുകൾ ലഭിക്കുമെന്ന മുദ്രാവാക്യമാണ് മോദി ഉയർത്തുന്നത്. എന്നാൽ ഇവിഎമ്മോ മാച്ച് ഫിക്സിങ്ങോ കൂടാതെ, പ്രതിപക്ഷ നേതാക്കളെ സമ്മർദ്ദത്തിലാക്കാതെയോ മാധ്യമങ്ങളെ വിലയ്ക്കു വാങ്ങാതെയോ അവർക്ക് 180ൽ അധികം സീറ്റുകൾ നേടാനാകില്ല.

രാജ്യത്തെ ഏറ്റവും വലിയ പ്രതിപക്ഷ പാർട്ടിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചിരിക്കുന്നു. രണ്ടു മുഖ്യമന്ത്രിമാർ അറസ്‌റ്റിലായി. എന്തു തിരഞ്ഞെടുപ്പാണിത്? രണ്ടു മൂന്നോ കോടീശ്വരന്മാരെ കൂട്ടുപിടിച്ച് പ്രധാനമന്ത്രി മോദി മാച്ച് ഫിക്‌സിങ് നടത്തുകയാണ്. രാജ്യത്തെ ജനങ്ങളിൽനിന്ന് ഭരണഘടന പിടിച്ചു വാങ്ങാനാണ് ഇത് ചെയ്യുന്നത്. ഭരണഘടന രാജ്യത്തെ ജനങ്ങളുടെ ശബ്‌ദമാണ്. എന്ന് അത് അവസാനിക്കുന്നോ, അന്ന് ഈ രാജ്യവും ഇല്ലാതാകും. ഭരണഘടന ഇല്ലാതായാൽ ജനങ്ങളുടെ അവകാശങ്ങളും സംവരണങ്ങളും ഇല്ലാതാകും.

നാനൂറ് സീറ്റുകൾ ലഭിച്ചാൽ ഭരണഘടന മാറ്റുമെന്നാണ് ഒരു ബിജെപി നേതാവ് പറഞ്ഞത്. അതങ്ങനെ വെറുതെ പറഞ്ഞതല്ല, ആ ഒരു ആശയം പരീക്ഷിക്കുകയാണ് ചെയ്ത‌ത്‌. ഭീഷണിയിലൂടെയും പൊലീസ്, സിബിഐ, ഇ.ഡി തുടങ്ങിയ ഏജൻസികളുടെ ഉപയോഗിച്ച് വിരട്ടിയും രാജ്യത്തെ മുന്നോട്ട് നയിക്കാമെന്നാണ് അവർ കരുതുന്നത്.

രാജ്യത്തെ ജനങ്ങളുടെ ശബ്ദ‌ത്തെ അടിച്ചമർത്താൻ കഴിയില്ല. ലോകത്തെ ഒരു ശക്‌തിക്കും ജനങ്ങളുടെ ശബ്ദത്തെ അടിച്ചമർത്താനാകില്ല. മാച്ച് ഫിക്‌സിങ്ങിലൂടെ ബിജെപി തിരഞ്ഞെടുപ്പിൽ വിജയിച്ച് ഭരണഘടന മാറ്റിയാൽ, രാജ്യം ഒരിക്കലും സംരക്ഷിക്കപ്പെടുകയില്ല, എല്ലായിടത്തും പ്രതിഷേധം ആളിക്കത്തും. ഇത്തവണത്തേത് വോട്ടുമായി മാത്രം ബന്ധപ്പെട്ട തിരഞ്ഞെടുപ്പല്ല, രാജ്യത്തെയും ഭരണഘടനയേയും സംരക്ഷിക്കാനുള്ളതാണ്”- രാഹുൽ ഗാന്ധി പറഞ്ഞു.

spot_img

Check out our other content

Check out other tags:

Most Popular Articles