ഒരിടവേളയ്ക്ക് ശേഷം കൊവിഡ് 19 വീണ്ടും സജീവമായിരിക്കുന്ന സാഹചര്യമാണ് നിലവിൽ രാജ്യത്ത് കാണുന്നത്. ഇന്ത്യയിൽ മാത്രമല്ല യൂറോപ്യൻ രാജ്യങ്ങൾ അടക്കം പലയിടങ്ങളിലും കൊവിഡ് 19 കേസുകൾ അടുത്തിടെയായി വർധിച്ചുവരുന്ന സാഹചര്യം തന്നെയാണുള്ളത്.

ജെഎൻ 1 എന്ന വൈറസ് വകഭേദമാണ് നിലവിൽ ഏറ്റവുമധികം കൊവിഡ് കേസുകളുണ്ടാക്കുന്നത്. ഇപ്പോൾ കേസുകൾ കൂടുതലാണെന്ന് പറയുമ്പോഴും കൊവിഡിനോട് ആളുകൾക്ക് മുമ്പുണ്ടായിരുന്ന പേടിയോ ആശങ്കയോ ഇല്ല എന്നതാണ് സത്യം.
പക്ഷേ നിസാരമായ ഈ മനോഭാവം നല്ലതല്ല എന്ന ഓർമ്മപ്പെടുത്തലാണ് ലോകാരോഗ്യ സംഘടന ഇക്കാര്യത്തിൽ നടത്തുന്നത്. കൊവിഡ് 19നെ ഇപ്പോഴും പേടിക്കേണ്ടതുണ്ട് അത് ഇനിയും ഭീഷണിയായി നിലനിൽക്കുകയാണ് എന്നാണ് ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അഥനോം അറിയിക്കുന്നത്.

‘ഇക്കഴിഞ്ഞ മാസങ്ങളിൽ പലയിടത്തും കൊവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നതിന്റെ തോത് നാൽപത് ശതമാനത്തിലധികം ഉയർന്നിരിക്കുന്നു. ഐസിയു ആവശ്യങ്ങൾ 60 ശതമാനത്തിലധികം ഉയർന്ന സാഹചര്യം വരെ കണ്ടു. ഒരു മാസത്തിൽ പതിനായിരം പേരാണ് രോഗം മൂലം മരിക്കുന്നത് എങ്കിൽ അതെല്ലാം തന്നെ നമുക്ക് തടയാൻ കഴിയുമായിരുന്ന മരണങ്ങളായാണ് കണക്കാക്കേണ്ടത്. അങ്ങനെയെങ്കിൽ ഈ മരണങ്ങൾ നമുക്ക് അംഗീകരിക്കാൻ സാധിക്കുമോ? ഇല്ല…’ – ടെഡ്രോസ് അഥനോം പറയുന്നു.
ജെഎൻ 1 തന്നെയാണ് കൊവിഡ് കേസുകളുയർത്തുന്നത്. മുമ്പത്തെ അത്ര തീവ്രത ഇല്ലായിരിക്കും. പക്ഷേ രോഗമുണ്ട്, രോഗകാരി മാറ്റങ്ങൾ കൈവരിക്കുന്നു, അത് വ്യാപനം നടത്തുന്നു, ആളുകളെ കൊല്ലുന്നു. ഇത്രയും തുടരുക തന്നെയാണ്. ഓരോ രാജ്യത്തും അതത് സർക്കാരുകൾ ജാഗ്രതയോടെ തുടരണം. ഓരോ വ്യക്തിക്കും ഈ ജാഗ്രത ആവശ്യമാണ്. പരിശോധന, വാക്‌സിനേഷൻ എന്നിവയെല്ലാം ഉറപ്പാക്കണം- ടെഡ്രോസ് അഥാനോം ഓർമ്മപ്പെടുത്തുന്നു.

കൊവിഡ് കേസുകൾ ഉയരുന്നു എന്നത് മാത്രമല്ല, ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തിൽ വർധനവുണ്ടായി, മരണം കൂടി എന്ന വസ്‌തുതകളെല്ലാമാണ് ആശങ്ക സൃഷ്ട്‌ടിക്കുന്നത്. മുമ്പേ നാം പിന്തുടർന്നിരുന്ന കൊവിഡ് പ്രതിരോധ മാർഗങ്ങൾ തന്നെയാണ് ഇപ്പോഴും പിന്തുടരേണ്ടത്. കഴിയുന്നതും ആൾക്കൂട്ടം ഒഴിവാക്കുക, ഗുണമുള്ള മാസ്ക്ക് ഉപയോഗിക്കുക, കൈകൾ വൃത്തിയായി കഴുകിസൂക്ഷിക്കുക, രോഗമുള്ളവർ മറ്റുള്ളവരിൽ നിന്ന് അകലം പാലിക്കുക, വാക്‌സിനെടുക്കുക എന്നിങ്ങനെയുള്ള കാര്യങ്ങളാണ് പൊതുവിൽ ശ്രദ്ധിക്കാനുള്ളത്.