Monday, May 6, 2024

ഓപ്പൺ എഐയുടെ ചാറ്റ് ജിപിടിയെ വെല്ലുവിളിച്ച് ഗൂഗിൾ ജെമിനി; പല ജോലികളിലും ജെമിനി മനുഷ്യനേക്കാൾ മുന്നിൽ

Newsഓപ്പൺ എഐയുടെ ചാറ്റ് ജിപിടിയെ വെല്ലുവിളിച്ച് ഗൂഗിൾ ജെമിനി; പല ജോലികളിലും ജെമിനി മനുഷ്യനേക്കാൾ മുന്നിൽ

ഏറെനാളത്തെ കാത്തിരിപ്പിനൊടുവിൽ ഗൂഗിൾ പുതിയ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതിക വിദ്യ പുറത്തിറക്കി. ജെമിനി എന്ന് പേരിട്ടിരിക്കുന്ന ഈ എഐ മോഡൽ ഓപ്പൺ എഐയുടെ ചാറ്റ് ജിപിടി ഉൾപ്പടെയുള്ള ഭാഷാ മോഡലുകളെ വെല്ലുവിളിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഗൂഗിൾ അവതരിപ്പിക്കുന്നത്. എട്ട് വർഷത്തെ തങ്ങളുടെ പ്രവർത്തനങ്ങളുടെ ഫലമാണ് ജെമിനി എന്ന് ആൽഫബെറ്റ് മേധാവി സുന്ദർ പിച്ചെ പറഞ്ഞു.

അൾട്ര, പ്രോ, നാനോ എന്നിങ്ങനെ മൂന്ന് മോഡുകളിലാണ് ജെമിനി ലഭ്യമാവുക. പേര് പോലെ തന്നെ കഴിവുകൾ കൂടിയ അൾട്ര മോഡിൽ ഏറ്റവും വലിയ ലാർജ് ലാംഗ്വേജ് മോഡലാണ് എഐ ജോലികൾ ചെയ്യുന്നതിനായി ജെമിനി ഉപയോഗിക്കുക. പ്രോ മോഡിൽ ഇടത്തരം വലിപ്പമുള്ള ലാംഗ്വേജ് മോഡലും, നാനോ മോഡ് ഏറ്റവും ചെറിയ ലാർജ് ലാംഗ്വേജ് മോഡലുമാണ് എഐ ജോലികൾക്കായി ഉപയോഗിക്കുക. ഇതിൽ നാനോ മോഡൽ കംപ്യൂട്ടറുകളിലും ഫോണുകളിലും ഇൻസ്റ്റാൾ ചെയ്‌ത്‌ പ്രവർത്തിപ്പിക്കാനാവും വിധമുള്ളതാവുമെന്നാണ് കരുതുന്നത്. ടെക്സ്റ്റ്, ചിത്രങ്ങൾ, ശബ്ദം എന്നിവയിലൂടെയെല്ലാം ജെമിനിയുമായി സംവദിക്കാൻ ഉപഭോക്താക്കൾക്കാവും.

ചാറ്റ് ജിപിടി അവതരിപ്പിച്ചുകൊണ്ട് എഐ രംഗത്ത് വിപ്ലവം സൃഷ്‌ടിച്ച ഓപ്പൺ എഐ ഈ രംഗത്ത് മുന്നിലാണ്. ഗൂഗിൾ ഉൾപ്പടെയുള്ള മറ്റ് സ്ഥാപനങ്ങളാകട്ടെ ഓപ്പൺ എഐയുമായി മത്സരിക്കാനുള്ള ശ്രമത്തിലുമാണ്. ഇതിന് മുമ്പ് ബാർഡ് എന്നൊരു ചാറ്റ് ബോട്ട് ഗൂഗിൾ അവതരിപ്പിച്ചിരുന്നുവെങ്കിലും ചാറ്റ് ജിപിടിയുടെ സ്വീകാര്യത ബാർഡിന് ഇതുവരെ ലഭിച്ചിട്ടില്ല. ഓപ്പൺ എഐ ഉൾപ്പടെയുള്ള കമ്പനികൾ ഉയർത്തുന്ന ഭീഷണികൾക്ക് മികച്ചരീതിയിൽ മറുപടി നൽകാൻ ജെമിനിയിലൂടെ ഗൂഗിളിന് സാധിക്കുമെന്നാണ് കരുതുന്നത്.

ഭാഷയുമായി ബന്ധപ്പെട്ട പല ജോലികളിലും ജെമിനി മനുഷ്യനേക്കാൾ മുന്നിലാണെന്ന് ഗൂഗിൾ ഡീപ്പ് മൈന്റ്റ് സഹസ്ഥാപകനും സിഇഒയുമായ ഡെമിസ് ഹസ്സാബിസ് പറഞ്ഞു. ജെമിനി അൾട്രയ്ക്ക് ഗണിതം, ഭൗതികശാസ്ത്രം, നിയമം, മെഡിസിൻ, എത്തിക്‌സ് തുടങ്ങി 57 വിഷയങ്ങളിൽ പ്രാവീണ്യമുണ്ട്. പൊതുവിജ്ഞാനത്തിലും, ചോദ്യോത്തരങ്ങൾ കണ്ടെത്തുന്നതിലും ഇത് മികവ് പുലർത്തുന്നു.

ഗൂഗിളിന്റെ ഉല്പന്നങ്ങളിലും സേവനങ്ങളിലും ജെമിനി ഉൾപ്പെടുത്തുമെന്ന് ഗൂഗിൾ വ്യക്തമാക്കി. ഗൂഗിളിൻ്റെ ചാറ്റ് ബോട്ടായ ബാർഡിലും ജെമിനി എഐ സാങ്കേതിക വിദ്യ ഉപയോഗിക്കും. ഇതോടെ ബാർഡിൻ്റെ കഴിവുകൾ വർധിക്കുകയും ചെയ്യും. ജെമിനി നാനോ ഗൂഗിൾ പിക്‌സൽ ഫോണുകളിൽ ഉൾപ്പെടുത്തും. ഗൂഗിൾ സെർച്ച്, ഗൂഗിൾ ആഡ്‌സ്, ക്രോം, ഡ്യുവറ്റ് എഐ എന്നിവയിലും ജെമിന് എഐ ഉൾപ്പെടുത്തും.

spot_img

Check out our other content

Check out other tags:

Most Popular Articles