Wednesday, May 8, 2024

മഹാമാരിക്ക് സമാനമായ രോഗം വൈറ്റ് ലങ് സിൻഡ്രോം; ലോകത്തിൻ്റെ പലരാജ്യങ്ങളിലും വ്യാപനം

Covid 19മഹാമാരിക്ക് സമാനമായ രോഗം വൈറ്റ് ലങ് സിൻഡ്രോം; ലോകത്തിൻ്റെ പലരാജ്യങ്ങളിലും വ്യാപനം

ചൈനയിലെ കുട്ടികൾക്കിടയിൽ പ്രത്യേകതരം ശ്വാസകോശരോഗം വ്യാപിക്കുന്ന വാർത്തകൾ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. രോഗവ്യാപന പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാരും സംസ്ഥാന-കേന്ദ്രഭരണ പ്രദേശങ്ങളിലെ ആരോഗ്യവിഭാഗങ്ങൾക്ക് മുൻകരുതൽ നിർദേശങ്ങൾ നൽകിയിരുന്നു. ഇപ്പോഴിതാ വൈറ്റ് ലങ് സിൻഡ്രോം എന്ന പേരിലുള്ള ഒരുതരം ന്യുമോണിയ വ്യാപനം ലോകത്തിൻ്റെ പലരാജ്യങ്ങളിലും സ്ഥിരീകരിക്കുന്നുവെന്നാണ് പുതിയ റിപ്പോർട്ടുകൾ. അമേരിക്ക, ഡെൻമാർക്ക്, നെതർലാൻഡ്‌സ് എന്നീ രാജ്യങ്ങളിൽ വൈറ്റ് ലങ് സിൻഡ്രോം സ്ഥിരീകരിച്ചുവെന്ന് ദി മിറർ റിപ്പോർട്ട് ചെയ്യുന്നു.

ഡെൻമാർക്കിൽ മഹാമാരിക്ക് സമാനമായ അവസ്ഥയിലാണ് ഈ രോഗമെന്നും നെതർലാൻഡ്‌സിലും നിരക്കുകൾ ഉയർന്നുകൊണ്ടിരിക്കുകയാണെന്നും റിപ്പോർട്ടുകളുണ്ട്. മൈകോപ്ലാസ്‌മ ന്യുമോണിയ എന്ന, ശ്വാസകോശരോ ഗങ്ങൾക്കിടയാക്കുന്ന ബാക്‌ടീരിയൽ അണുബാധ കാരണം ബാധിക്കുന്ന രോഗമാണിതെന്നാണ് വിദഗ്‌ധർ പറയുന്നത്.

അമേരിക്കയിലെ ഒഹിയോയിൽ മാത്രം 150 കേസുകളാണ് കഴിഞ്ഞ ഒരുമാസത്തിനിടെ റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്. എന്നാൽ ഇതിനു പിന്നിൽ പുതിയ രോഗാണുവല്ലെന്നും ഒരേസമയം ഒന്നിലധികം വൈറസുകളുടെ മിശ്രണം വ്യാപിക്കുന്നതാകാം കാരണമെന്നുമാണ് അധികൃതർ കരുതുന്നത്. നിലവിലുള്ളത് സീസണലായി കാണപ്പെടുന്ന രോഗവ്യാപനമാകാമെന്നും നിരീക്ഷിച്ചു വരികയാണെന്നുമാണ് സി.ഡി.സി.( Centers for Disease Control and Prevention) വ്യക്തമാക്കുന്നത്.

എന്താണ് വൈറ്റ് ലങ് സിൻഡ്രോം?

ശ്വാസകോശങ്ങളുടെ വീക്കത്തിന് കാരണമാകുന്ന ഒരുതരം ന്യുമോണിയ ബാധയാണിത്. രോഗം ബാധിച്ചവരുടെ നെഞ്ചിൻ്റെ എക്‌സ്‌-റേയിൽ വെളുത്ത പാടുകൾ പ്രകടമാകുന്നതുകൊണ്ടാണ് ഈ പേരുവന്നത്. കുട്ടികളിലാണ് കൂടുതൽ ബാധിച്ചുകാണുന്നത്. കോവിഡ് കാലത്തിനുശേഷം കുട്ടികളിൽ രോഗപ്രതിരോധശേഷി കുറഞ്ഞതാണ് കുട്ടികളെ കൂടുതലായി ബാധിക്കുന്നതിനു പിന്നിലെന്നാണ് വിദഗ്‌ധർ കരുതുന്നത്. മൂന്നുമുതൽ എട്ടുവയസ്സുവരെ പ്രായമുള്ള കുട്ടികളിലാണ് രോഗം സ്ഥിരീകരിക്കുന്നത്.

പനി, ചുമ, ക്ഷീണം തുടങ്ങിയവയാണ് പ്രധാനലക്ഷണങ്ങൾ. ചിലരിൽ ശ്വാസതടസ്സവും അനുഭവപ്പെടാം. വ്യക്തിശുചിത്വം കാക്കുക, തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മുഖം മറയ്ക്കുക, രോഗമുള്ളപ്പോൾ സാമൂഹിക ഇടപെടലുകൾ കുറയ്ക്കുക തുടങ്ങിയവയാണ് പ്രധാന രോഗപ്രതിരോധ മാർ ഗങ്ങൾ.

മൈകോപ്ലസ്‌ ന്യുമോണിയ കൂടാതെ, കോവിഡിനു കാരണമാകുന്ന വൈറസുകൾ, ഇൻഫ്ലുവൻസകൾ, ചിലതരം അന്തരീക്ഷമലിനീകരണങ്ങൾ തുടങ്ങിയവ ശ്വാസകോശത്തെ അസ്വസ്ഥമാക്കുകയും അണുബാധയുണ്ടാക്കുകയും വൈറ്റ് ലങ് സിൻഡ്രോമിലേക്ക് നയിക്കുകയും ചെയ്യുമെന്നും വിദഗ്‌ധർ പറയുന്നു.

രോഗത്തിന്റെ സ്വഭാവവും തീവ്രതയും പരിശോധിച്ച് ആൻ്റിബയോട്ടിക്കുകൾ, ആന്റിവൈറലുകൾ, ഓക്‌സിജൻ തെറാപ്പി, മെക്കാനിക്കൽ വെൻ്റിലേഷൻ, കോർട്ടികോസ്റ്റിറോയ്‌ഡ്‌സ് തുടങ്ങിയ ചികിത്സാരീതികളാണ് പൊതുവേ നൽകാറുള്ളത്.

ചൈനയിലെ സാഹചര്യം

മൈകോപ്ലാസ്മ ന്യുമോണിയ എന്ന ബാക്‌ടീരിയ തന്നെയാണ് ചൈനയിലെ കുട്ടികൾക്കിടയിൽ പടരുന്ന ശ്വാസകോശരോഗങ്ങൾക്കും പിന്നിൽ. എന്നാൽ ഇതുതന്നെയാണോ ഇപ്പോൾ മറ്റുരാജ്യങ്ങളിൽ വ്യാപിക്കുന്നത് എന്നതുസംബന്ധിച്ച വ്യക്തത കൈവന്നിട്ടില്ല.

കോവിഡ് നിയന്ത്രണങ്ങൾ നീക്കിയതിനു പിന്നാലെയാണ് ശ്വാസകോശ രോഗങ്ങളുടെ കാര്യത്തിൽ വർധനവുണ്ടായിരിക്കുന്നതെന്നാണ് ചൈനയിലെ അധികൃതർ നൽകുന്ന വിശദീകരണം. രോഗം കൂടുതൽ പടരുന്നത് തടയാൻ അവശ്യനടപടികൾ കൈക്കൊള്ളണമെന്ന് ലോകാരോഗ്യസംഘടനയും നിർദേശിച്ചിട്ടുണ്ട്.

രാജ്യത്തുടനീളം ശ്വാസകോശസംബന്ധമായ രോഗങ്ങൾ കുത്തനെ ഉയരുന്നുണ്ടെന്നതു സംബന്ധിച്ച് ഈ മാസമാദ്യം ചൈനയിലെ ആരോഗ്യവകുപ്പ് അധികൃതർ പ്രസ് കോൺഫറൻസ് വിളിച്ചിരുന്നു. കോവിഡ് നിയന്ത്രണങ്ങൾ ലഘൂകരിച്ചതും പുതിയ ശ്വാസകോശ രോഗവ്യാപനവും തമ്മിലുള്ള ബന്ധത്തേയും ചൈനയിലെ ആരോഗ്യപ്രവർത്തകർ ചൂണ്ടിക്കാട്ടുന്നുണ്ട്.

പ്രശസ്ത മാധ്യമവും രോഗങ്ങൾ സംബന്ധിച്ച നിരീക്ഷണ റിപ്പോർട്ടുകൾ പുറത്തുവിടുന്നതുമായ പ്രൊമെഡ് എന്ന മാധ്യമത്തിലൂടെ ചൈനയിലെ പുതിയ സാഹചര്യത്തേക്കുറിച്ച് മുന്നറിയിപ്പ് പുറത്തുവന്നിരുന്നു. 2019-ൽ കോവിഡിന്റെ വരവിനേക്കുറിച്ചും പ്രൊമെഡ് സമാനമായ മുന്നറിയിപ്പ് നൽകിയിരുന്നു.

spot_img

Check out our other content

Check out other tags:

Most Popular Articles