Saturday, May 4, 2024

ചൊവ്വ, ഭൂമി, സൂര്യൻ എന്നിവ സ്ഥാനത്തിലുണ്ടായ മാറ്റം; ഭൂമിയിൽ നിന്ന് നിർദേശങ്ങൾ അയക്കുന്നത് നവംബർ 25 ശനിയാഴ്ച വരെ നിർത്തിവെച്ച് നാസ

Newsചൊവ്വ, ഭൂമി, സൂര്യൻ എന്നിവ സ്ഥാനത്തിലുണ്ടായ മാറ്റം; ഭൂമിയിൽ നിന്ന് നിർദേശങ്ങൾ അയക്കുന്നത് നവംബർ 25 ശനിയാഴ്ച വരെ നിർത്തിവെച്ച് നാസ

നാസയുടെ വിവിധങ്ങളായ റോബോട്ടിക് പര്യവേക്ഷണ ദൗത്യങ്ങൾ ചൊവ്വയിൽ സജീവമായി പ്രവർത്തിച്ചുവരുന്നുണ്ട്. പെർസിവിയറൻസ്, ക്യൂരിയോസിറ്റി, ഇൻജെന്യൂയിറ്റി മാർസ് ഹെലികോപ്ടർ, മാർസ് റിക്കനൈസൻസ് ഓർബിറ്റർ എന്നിവ അതിൽ ചിലതാണ്. എന്നാൽ ഈ ഉപകരണങ്ങളിലേക്ക് ഭൂമിയിൽ നിന്ന് നിർദേശങ്ങൾ അയക്കുന്നത് നവംബർ 25 ശനിയാഴ്ച വരെ നിർത്തിവെച്ചിരിക്കുകയാണ് നാസ. ചൊവ്വ, ഭൂമി, സൂര്യൻ എന്നിവ സ്ഥാനത്തിലുണ്ടായ മാറ്റമാണ് ഇതിന് കാരണം.

നവംബർ 11 മുതൽ 25 വരെ സൂര്യൻ ഭൂമിയ്ക്കും ചൊവ്വയ്ക്കും ഇടയിലായി സ്ഥാനം പിടിക്കും. ‘മാർസ് സോളാർ കൺജങ്ഷൻ’ എന്നാണ് ഈ പ്രതിഭാസത്തെ വിളിക്കുന്നത്. രണ്ട് വർഷത്തിൽ ഒരിക്കലാണ് ഇത് സംഭവിക്കുക.

ചൂടുള്ളതും അയണീകരിക്കപ്പെട്ടതുമായ വാതകം സൂര്യന്റെ കൊറോണയിൽ നിന്നു പുറം തള്ളുന്നുണ്ട്. ഇത് റേഡിയോ സിഗ്നലുകളിൽ പ്രശ്നം സൃഷ്ടിക്കാനും അതുവഴി ചൊവ്വയിലെ റോബോട്ടിക് ഉപകരണങ്ങൾ തെറ്റായ രീതിയിൽ പ്രവർത്തിക്കാനും തകരാറിലാവാനും സാധ്യതയുണ്ട്. ഇക്കാരണത്താലാണ് ഭൂമിയിൽ നിന്ന് ചൊവ്വയിലേക്കുള്ള വിവര വിനിമയം നാസ നിർത്തിവെച്ചത്.

ഭൂമിയിൽ നിന്നുള്ള നിർദേശങ്ങൾ നിർത്തിവെച്ചു എങ്കിലും ചൊവ്വയിലെ ദൗത്യങ്ങൾ നിശ്ചലമായിട്ടില്ല. പെർസീവിയറൻസ്, ക്യൂരിയോസിറ്റി റോവറുകൾ ചൊവ്വയിലെ ഉപരിതല സാഹചര്യങ്ങൾ പഠിക്കുന്നത് തുടരുന്നുണ്ട്. എന്നാൽ അവ നിലവിലുള്ള സ്ഥലങ്ങളിൽ നിന്ന് ചലിക്കില്ല. ഇൻജെന്യൂയിറ്റി മാർസ് ഹെലികോപ്റ്റർ പറക്കില്ലെങ്കിലും നിലത്തുനിന്നകൊണ്ട് ക്യാമറ ഉപയോഗിച്ചുള്ള
നിരീക്ഷണങ്ങൾ നടത്തും.

മാർസ് റിക്കനൈസൻസ്, ഓഡിസി ഓർബിറ്ററുകൾ ചൊവ്വയുടെ ഉപരിതല ചിത്രങ്ങൾ ഭ്രമണ പഥത്തിൽ നിന്ന് പകർത്തുന്നത് തുടരും.

കൺജങ്ഷൻ കാലയളവിൽ രണ്ട് ദിവസം ഒഴികെ മറ്റെല്ലാ ദിവസങ്ങളിലും ചൊവ്വയിൽ നിന്നുള്ള വിവിധ ദൗത്യങ്ങളുടെ ആരോഗ്യം സംബന്ധിച്ച വിവരങ്ങൾ ഭൂമിയിലേക്കെത്തും. സൂര്യൻ പൂർണമായും ചൊവ്വയെ മറയ്ക്കുന്ന രണ്ട് ദിവസങ്ങളിൽ മാത്രം ആരോഗ്യ വിവരങ്ങൾ ലഭിക്കില്ല.
കൺജംങ്ഷൻ കാലയളവ് പൂർത്തിയായതിന് ശേഷം ദൗത്യങ്ങളിൽ നിന്നുള്ള എല്ലാ ശാസ്ത്രീയ വിവരങ്ങളും ഭൂമിയിലെത്തുകയും നിർദേശങ്ങൾ നൽകുന്നത് തുടരുകയും ചെയ്യും.

spot_img

Check out our other content

Check out other tags:

Most Popular Articles