Saturday, May 4, 2024

അതുവഴി മാത്രമേ ഹമാസിനെ പരാജയപ്പെടുത്താനാവൂ; ഇസ്രായേൽ ഹമാസ് യുദ്ധത്തിൽ പ്രതികരണവുമായി ഇലോൺ മസ്ക്

Newsഅതുവഴി മാത്രമേ ഹമാസിനെ പരാജയപ്പെടുത്താനാവൂ; ഇസ്രായേൽ ഹമാസ് യുദ്ധത്തിൽ പ്രതികരണവുമായി ഇലോൺ മസ്ക്

ഇസ്രായേൽ ഹമാസ് യുദ്ധത്തിൽ പ്രതികരണവുമായി ശതകോടീശ്വര വ്യവസായി ഇലോൺ മസ്ക്. പോഡ്കാസ്റ്ററായ ലെക്സ് ഫ്രിഡ്മാൻ നടത്തിയ അഭിമുഖത്തിലാണ് മസ്കിന്റെ പ്രതികരണം. ഗാസയിൽ ഇസ്രായേൽ നടത്തുന്ന ആക്രമണം കൂടുതൽ ഹമാസ് അംഗങ്ങളെ സൃഷ്ടിക്കുകയാണെങ്കിൽ അവിടെ നടത്തുന്ന കൊലപാതങ്ങളിലൂടെ ഇസ്രായേലിന് വിജയം കാണാനാവില്ലെന്ന് മസ്ക് പറഞ്ഞു.

ഇസ്രായേൽ-ഗാസ യുദ്ധം എങ്ങനെ അവസാനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്? കാലങ്ങളായി ആ മേഖലയിലെ ജനങ്ങൾ നേരിടുന്ന പ്രയാസങ്ങൾ ലഘൂകരിക്കാൻ എന്ത് മാർഗമാണ് താങ്കൾ കാണുന്നത് എന്ന ചോദ്യത്തിന് മറുപടിയായാണ് മസ്ക് തന്റെ നിരീക്ഷണം വ്യക്തമാക്കിയത്.

‘നിങ്ങൾ ഗാസയിൽ ആരുടെയെങ്കിലും കുട്ടിയെ കൊന്നാൽ, നിങ്ങൾ കുറച്ച് ഹമാസ് അംഗങ്ങളെയെങ്കിലും സൃഷ്ടിച്ചുവെന്ന് നിസ്സംശയം പറയാം. ഇസ്രായേലിനെ പ്രകോപിക്കുകയായിരുന്നു ഹമാസിന്റെ ലക്ഷ്യം. ഇസ്രായേലിന് സാധിക്കുന്ന ഏറ്റവും അക്രമാസക്തമായ പ്രതികരണത്തിന് വേണ്ടി അവരെ പ്രകോപിപ്പിക്കാൻ വേണ്ടിയാണ് ഹമാസ് അതി ക്രൂരമായ കാര്യങ്ങൾ ചെയ്യുന്നത്. എന്നാൽ അതിന് വിപരീതമായി തങ്ങൾക്കാവുന്ന കാരുണ്യ പ്രവർത്തനങ്ങളാണ് ഇസ്രായേൽ ചെയ്യേണ്ടിയിരുന്നത്. അതുവഴി മാത്രമേ ഹമാസിനെ പരാജയപ്പെടുത്താനാവൂ’, മസ്ക് പറഞ്ഞു.

ഒരു കവിളത്തടിച്ചാൽ മറുകവിൾ കാണിച്ചുകൊടുക്കുന്ന തത്വശാസ്ത്രമാണോ പിന്തുടരുന്നത് എന്ന അവതാരകന്റെ മറുചോദ്യത്തിന്, ഇസ്രായേൽ ഹമാസ് അംഗങ്ങളെ കണ്ടെത്തി വധിക്കുകയോ തടവിലാക്കുകയോ ചെയ്യണം. എന്നാൽ, ഗാസയിലെ ദുരിതമനുഭവിക്കുന്നവർക്ക് ഇസ്രായേൽ ആശുപത്രികൾ നൽകുകയും ഭക്ഷണവും വെള്ളവും ഉറപ്പാക്കുകയും അവശ്യ മരുന്നുകൾ എത്തിക്കുകയും ചെയ്യണമെന്നും മസ്ക് പറഞ്ഞു. അത് വളരെ സുതാര്യമായ രീതിയിൽ ചെയ്യണം. അതൊരു അടവായി ആളുകൾക്ക് തോന്നരുത്. ഇസ്രായേൽ പ്രകടമായി തന്നെ ദയ കാണിക്കണമെന്നും മസ്ക് പറഞ്ഞു.

‘കണ്ണിന് കണ്ണ്’ എന്ന നിലപാടിലാണ് ഇസ്രായേൽ യഥാർത്ഥത്തിൽ വിശ്വസിക്കുന്നത്. എന്നാൽ, അത് ഒരു വംശഹത്യയിലേക്കാണ് നീങ്ങുന്നത് എങ്കിൽ അത് അംഗീകരിക്കാൻ ആർക്കും സാധിക്കില്ല. അത് ഇസ്രായേലിനെ ആളുകൾ വെറുക്കുന്ന സ്ഥിതിയിലെത്തിക്കും.’

യഥാർഥ ചോദ്യം ഇതാണ്, നിങ്ങൾ ഓരോ ഹമാസ് അംഗങ്ങളെ കൊല്ലുമ്പോഴും പകരം എത്ര പേരെയാണ് നിങ്ങൾ സൃഷ്ടിക്കുന്നത്? നിങ്ങൾ കൊല്ലുന്നതിനേക്കാൾ കൂടുതൽ പേരെ സൃഷ്ടിക്കുന്നുവെങ്കിൽ അത് വിജയമാകില്ല. ഗാസയിൽ ആരുടേയെങ്കിലും കുഞ്ഞിനെ നിങ്ങൾ കൊന്നാൽ ഒരു ഇസ്രായേലിയെ കൊല്ലാൻ വേണ്ടി മാത്രം മരിക്കുന്ന ഏതാനും ഹമാസ് അംഗങ്ങളെയെങ്കിലും നിങ്ങൾ സൃഷ്ടിച്ചിട്ടുണ്ടാവും.

ഗാസയോട് അനുഭാവം പ്രകടിപ്പിച്ച് മസ്ക് നിലപാട് സ്വീകരിക്കുന്നത് ഇത് ആദ്യമായല്ല. യുദ്ധ സാഹചര്യത്തിൽ ഗാസയിൽ പ്രവർത്തിക്കുന്ന, അന്താരാഷ്ട്ര തലത്തിൽ അംഗീകരിച്ച സ്ഥാപനങ്ങൾക്കുവേണ്ടി സ്റ്റാർലിങ്ക് ഉപഗ്രഹ ഇന്റർനെറ്റ് സേവനം എത്തിക്കുമെന്ന് മസ്ക് പ്രഖ്യാപിച്ചിരുന്നു. ഇത് ഇസ്രായേലിൽ നിന്നുള്ള വിമർശനത്തിനിടയാക്കുകയും ചെയ്തു. എന്നാൽ, ഗാസയിൽനിന്ന് സ്റ്റാർലിങ്കിന് വേണ്ടി ആരും ആവശ്യപ്പെട്ടിട്ടില്ല എന്നാണ് വിവരം.

spot_img

Check out our other content

Check out other tags:

Most Popular Articles