Saturday, May 4, 2024

കടമക്കുടിയിൽ രണ്ട് കുട്ടികളെ കൊലപ്പെടുത്തി ദമ്പതിമാർ ജീവനൊടുക്കിയ സംഭവം; ഓൺലൈൻ വായ്‌പാക്കെണിയെന്ന് സൂചന, തിരിച്ചടവ് മുടങ്ങിയതോടെ ഓൺലൈൻ ആപ്പുകാർ ചിത്രങ്ങൾ മോർഫ് ചെയ്‌ത്‌ ഭീഷണി സന്ദേശങ്ങൾ അയച്ചതായും ബന്ധുക്കൾ

Newsകടമക്കുടിയിൽ രണ്ട് കുട്ടികളെ കൊലപ്പെടുത്തി ദമ്പതിമാർ ജീവനൊടുക്കിയ സംഭവം; ഓൺലൈൻ വായ്‌പാക്കെണിയെന്ന് സൂചന, തിരിച്ചടവ് മുടങ്ങിയതോടെ ഓൺലൈൻ ആപ്പുകാർ ചിത്രങ്ങൾ മോർഫ് ചെയ്‌ത്‌ ഭീഷണി സന്ദേശങ്ങൾ അയച്ചതായും ബന്ധുക്കൾ

കടമക്കുടിയിൽ രണ്ട് കുട്ടികളെ കൊലപ്പെടുത്തി ദമ്പതിമാർ ജീവനൊടുക്കിയ സംഭവത്തിന് പിന്നിൽ ഓൺലൈൻ വായ്‌പാക്കെണിയെന്ന് സൂചന. മരിച്ച യുവതി ഓൺലൈൻ വായ്‌പ ആപ്പിൽനിന്ന് പണം വായ്പ്‌പയെടുത്തിരുന്നതായും ഇതിന്റെ തിരിച്ചടവ് മുടങ്ങിയതോടെ ഓൺലൈൻ ആപ്പുകാർ ചിത്രങ്ങൾ മോർഫ് ചെയ്‌ത്‌ ഭീഷണി സന്ദേശങ്ങൾ അയച്ചതായും ബന്ധുക്കൾ പറഞ്ഞു. നാലംഗകുടുംബത്തിൻ്റെ മരണത്തിന് പിന്നാലെയാണ് ഓൺലൈൻ വായ്‌പാക്കാരുടെ ഭീഷണിസന്ദേശങ്ങൾ ബന്ധുക്കൾക്കും ലഭിച്ചത്. ഇതോടെ ബന്ധുക്കൾ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. നിലവിൽ ദമ്പതിമാർ ഉപയോഗിച്ചിരുന്ന മൊബൈൽഫോണുകൾ പോലീസ് ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.

കഴിഞ്ഞദിവസം രാവിലെയാണ് കടമക്കുടി മാടശ്ശേരി നിജോ(39) ഭാര്യ ശില്പ(29) മക്കളായ ഏയ്ബൽ(ഏഴ്) ആരോൺ(അഞ്ച്) എന്നിവരെ വീട്ടിൽ മരിച്ചനിലയിൽ കണ്ടത്. കുട്ടികളെ കൊലപ്പെടുത്തിയശേഷം ദമ്പതിമാർ വീടിനുള്ളിൽ തൂങ്ങിമരിക്കുകയായിരുന്നു. മരണത്തിന് കാരണം സാമ്പത്തികബാധ്യതയാണെന്നാണ് പോലീസും കഴിഞ്ഞദിവസം പറഞ്ഞത്. എന്നാൽ, ഇതിനുപിന്നാലെയാണ് ഓൺലൈൻ വായ്‌പാ ആപ്പുകാരുടെ ഭീഷണിയെക്കുറിച്ച് ബന്ധുക്കൾ വെളിപ്പെടുത്തിയത്.

ശില്പ ഓൺലൈൻ ആപ്പിൽനിന്ന് 9000 രൂപയോളം വായ്‌പ എടുത്തിരുന്നതായും ഇത് എത്രയുംവേഗം തിരിച്ചടക്കാൻ പറയണമെന്നുമാണ് ബന്ധുക്കൾക്ക് വാട്‌സാപ്പിൽ ലഭിച്ചിരുന്ന സന്ദേശം. ശില്പയുടെ ചില മോർഫ് ചെയ്‌ത ചിത്രങ്ങളും ഓൺലൈൻ ആപ്പുകാർ ബന്ധുക്കൾക്ക് അയച്ചുനൽകിയിരുന്നു. പണം തിരിച്ചടച്ചില്ലെങ്കിൽ ചിത്രങ്ങൾ വ്യാപകമായി പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി. ഇതോടെ ബന്ധുക്കൾ വിവരം പോലീസിൽ അറിയിക്കുകയായിരുന്നു.

നിർമാണത്തൊഴിലാളിയും ആർട്ടിസ്റ്റുമാണ് നിജോ. കടമക്കുടിയിലെ വീടിന്റെ മുകൾനിലയിലാണ് നിജോയും ഭാര്യയും രണ്ടുമക്കളും താമസിച്ചിരുന്നത്. വീടിന്റെ താഴത്തെനിലയിൽ നിജോയുടെ അമ്മയും സഹോദരനും ഇവരുടെ കുടുംബവും താമസിക്കുന്നു.

ചൊവ്വാഴ്ച രാവിലെ ജോലിക്ക് പോകാനായി സഹപ്രവർത്തകൻ നിജോയെ ഫോണിൽ വിളിച്ചെങ്കിലും പ്രതികരണമുണ്ടായിരുന്നില്ല. നിജോയുടെ രണ്ട് മൊബൈൽനമ്പറുകളും സ്വിച്ച് ഓഫ് ചെയ്‌തനിലയിലായിരുന്നു. ഇതോടെ സഹപ്രവർത്തകൻ വീട്ടിലെത്തി അമ്മയോട് കാര്യംതിരക്കി. തുടർന്ന് അമ്മ ആനിയും സഹോദരനും മുകൾനിലയിൽ പോയിനോക്കിയപ്പോളാണ് ദമ്പതിമാരെ മരിച്ചനിലയിൽ കണ്ടതെന്നാണ് സഹപ്രവർത്തകൻ പറഞ്ഞത്.

നിജോയും ഭാര്യ ശിൽപയും തൂങ്ങിമരിച്ചനിലയിലായിരുന്നു. മക്കളായ ഏയ്ബലിന്റെയും ആരോണിന്റെയും മൃതദേഹങ്ങൾ മുറിയിലെ കട്ടിലിൽ കിടക്കുന്നനിലയിലായിരുന്നു.

നേരത്തെ വിസിറ്റിങ് വിസയിൽ വിദേശത്തേക്ക് പോയിരുന്ന ശിൽപ ഒരുമാസം മുൻപാണ് തിരികെയെത്തിയത്. വീണ്ടും വിദേശത്തേക്ക് പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു. ഇതിനായി പണം കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു നിജോ എന്നാണ് നാട്ടുകാരും ബന്ധുക്കളും കഴിഞ്ഞദിവസം പറഞ്ഞത്.

spot_img

Check out our other content

Check out other tags:

Most Popular Articles