പത്തനംതിട്ട പ്രിവന്റീവ് ഓഫീസര്‍ ഉള്‍പ്പെടെയുള്ള എക്‌സൈസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. മലയാലപ്പുഴ ചീങ്കല്‍തടം ആവനിലയത്തില്‍ ആകാശ് മോഹന്‍ (32), ചീങ്കല്‍തടം അയത്തില്‍ പുത്തന്‍വീട്ടില്‍ അരുണ്‍ അജിത് (32) എന്നിവരെയാണ് ചിറ്റാര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. കേസിലെ പ്രധാന പ്രതികള്‍ ഇപ്പോഴും ഒളിവിലാണ്

ഒക്ടോബര്‍ ഒന്നിനാണ് കേസിനാസ്പദമായ സംഭവം. സീതത്തോട് ഗുരുനാഥന്‍മണ്ണില്‍ അബ്കാരി റെയ്ഡിനെത്തിയപ്പോള്‍, പോസ്റ്റ് ഓഫീസിനു മുന്‍വശത്തു പ്രിവന്റീവ് ഓഫീസര്‍ പ്രസാദിനും ഒപ്പമുണ്ടായിരുന്ന രണ്ട് എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്കുമെതിരേയാണ് ആക്രമണമുണ്ടായത്. സംഭവദിവസം ഉച്ചകഴിഞ്ഞ് വാഹനങ്ങളിലായെത്തിയ പ്രതികള്‍, എക്‌സൈസ് ഉദ്യോഗസ്ഥരെ അസഭ്യം വിളിച്ച് ആക്രമിക്കുകയും പ്രിവന്റീവ് ഓഫീസറുടെ കൈയില്‍ നിന്നു മൊബൈല്‍ ഫോണ്‍ പിടിച്ചെടുക്കുകയും, ദേഹോപദ്രവം ഏല്‍പിക്കുകയും ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തുകയും ചെയ്തുവെന്നാണ് പരാതി

കേസില്‍ ഏഴും എട്ടും പ്രതികളാണ് ആകാശും അരുണും. അന്വേഷണത്തിനിടെ പ്രതികള്‍ ഒളിവില്‍ പോയി. മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ച ഇരുവരും കോടതി നിര്‍ദേശപ്രകാരം സ്റ്റേഷനില്‍ ഹാജരായതിനെത്തുടര്‍ന്ന് ഇന്നലെ രാവിലെ അറസ്റ്റ് രേഖപ്പെടുത്തി. മറ്റു പ്രതികള്‍ക്കായുള്ള അന്വേഷണം തുടരുകയാണ്. പൊലീസ് ഇന്‍സ്പെക്ടര്‍ രാജേന്ദ്രന്‍ പിള്ളയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. എസ്ഐ സണ്ണി ജോര്‍ജ്, എസ്സിപിഒ അജി കര്‍മ എന്നിവരും സംഘത്തിലുണ്ട്. പ്രതികളെ കോടതിയില്‍ ഹാജരാക്കി