സൗദി ആരോഗ്യ മന്ത്രാലയം വെള്ളിയാഴ്ച പുറത്തുവിട്ട കോവിഡ് വിവരങ്ങള്‍ കാണിക്കുന്നത് പുതിയ രോഗികളുടെ എണ്ണത്തിലുള്ള കുറവും മരണ സംഖ്യയിലും ഗുരുതരാവസ്ഥയിലുള്ളവരുടെ എണ്ണത്തിലും ഉണ്ടാകുന്ന നേരിയ തോതിലുള്ള വര്‍ദ്ധനവുമാണ്.

കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറുകള്‍ക്കുള്ളിലായി രാജ്യത്തുണ്ടായ കോവിഡ് മരണം നാല് ആണ്. കഴിഞ്ഞ ബുധനാഴ്ചയും മരണ നിരക്ക് നാല് ആയിരുന്നു. അത് പിറ്റേന്ന് രണ്ടായി കുറഞ്ഞത് വലിയ സന്തോഷത്തിന് ഇടയാക്കിയിരുന്നെങ്കിലും മരണം വെള്ളിയാഴ്ച മൂന്നും ശനിയാഴ്ച നാലും ആയി ഉയരുകയാണ് ചെയ്തത്. അപ്രകാരം, ശനിയാഴ്ചയിലെ ഗുരുതരാവസ്ഥയിലുള്ളവരുടെ എണ്ണത്തിലും നേരിയ വര്‍ദ്ധനവ് ഉണ്ട്: 141. വെള്ളിയാഴ്ച ഇത് 138 ആയിരുന്നു.

എന്നാല്‍, ശനിയാഴ്ച പുതിയ പോസിറ്റീവ് കേസുകളുടെ എണ്ണത്തില്‍ മെച്ചപ്പെട്ട കുറവ് ഉണ്ടായിട്ടുണ്ട്. തലേന്ന് 41 ആയിരുന്നത് ശനിയാഴ്ച 35 ആയാണ് കുറഞ്ഞത്. സുഖം പ്രാപിക്കുന്നവരുടെ എണ്ണത്തിലും വര്‍ദ്ധനവാണ് കാണുന്നത്. ശനിയാഴ്ച 51 പേരാണ് സുഖം പ്രാപിച്ചത്. തലേന്നാള്‍ ഇത് 41 ആയിരുന്നു.
ഇതുവരെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 547,532 ആണ്. ഇവരില്‍ 536,585 പേരുടെ രോഗം ഭേദമാവുകയും ചെയ്തു. ആകെ മരണസംഖ്യ 8,743. ഗുരുതരാവസ്ഥയില്‍ കഴിയുന്നവരുടെ എണ്ണമാകട്ടെ 141 ആണെന്നും ശനിയാഴ്ചയിലെ കോവിഡ് റിപ്പോര്‍ട്ട് വെളിപ്പെടുത്തി.