തിരുവനന്തപുരം: കോവിഡാനന്തര ചികിത്സയ്ക്ക് സര്‍ക്കാര്‍ ആശുപത്രികളിലും പണം ഈടാക്കാനുള്ള സംസ്ഥാന ഭരണകൂടത്തിന്റെ പുതിയ തീരുമാനം കേരളീയ ജനതയോടുള്ള വഞ്ചനയാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്ബലം പറഞ്ഞു.

സര്‍ക്കാര്‍ ആശുപത്രികളില്‍ ഒരു ബെഡ്ഡിന് 750 രൂപ മുതല്‍ 2000 വരെ ഈടാക്കുന്നത് ജനങ്ങളെ കൂടുതല്‍ ദുരിതത്തിലേക്ക് തള്ളി വിടുന്നതാണ്. കോവിഡാനന്തര ചികിത്സ സൗജന്യമായി നല്‍കിയിരുന്ന സര്‍ക്കാര്‍ തീരുമാനം മാറ്റുന്നതിന് പിന്നിലെ താല്പര്യം എന്താണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. നിലവില്‍ തന്നെ സര്‍ക്കാര്‍ ആശുപത്രികളും സൗകര്യങ്ങളും പരിമിതമായതിനാല്‍ ആവശ്യക്കാര്‍ക്ക് പോലും സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്താന്‍ കഴിയാത്ത അവസ്ഥയാണുള്ളത്. അതിനാല്‍ തന്നെ ഇപ്പോഴും ധാരാളം രോഗികള്‍ സ്വകാര്യ ആശുപത്രികളിലേക്ക് പോകുന്നതിന് നിര്‍ബന്ധിതരാണ്.

കോവിഡ് മഹാമാരിയുടെ ഫലമായി സാമ്ബത്തികമായി തകര്‍ന്നു കഴിഞ്ഞ സംസ്ഥാനത്തെ ജനങ്ങളെ കൂടുതല്‍ പ്രതിസന്ധിയിലേക്ക് തള്ളിവിടാനാണ് കോവിഡാനന്തര ചികിത്സയുമായി ബന്ധപ്പെട്ട പുതിയ തീരുമാനത്തിലൂടെ സര്‍ക്കാര്‍ ശ്രമിക്കുന്നത്. ബ്ലാക്ക് ഫംഗസ് തരംഗം കേരളത്തില്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ ആരോഗ്യവകുപ്പ് ജനങ്ങളുടെ സുരക്ഷയെ മുന്‍നിര്‍ത്തി ചികിത്സ സൗജന്യമാക്കുകയാണ് വേണ്ടത്. എന്നാല്‍ ഭരണകൂടവും ആരോഗ്യവകുപ്പും രോഗാവസ്ഥയെ മുതലെടുത്ത് ലാഭം കൊയ്യാന്‍ ശ്രമിക്കുന്നത് ജനങ്ങളോടുള്ള കടുത്ത വെല്ലുവിളിയാണ്. കോവിഡാനന്തര ചികിത്സക്കുള്ള സ്വകാര്യ ആശുപത്രികളിലെ തുക വര്‍ദ്ധിപ്പിച്ചത് തികച്ചും പ്രതിഷേധാര്‍ഹമാണ്. കൊവിഡ് ഭേദമായവര്‍ എല്ലാ മാസവും ക്ലിനിക്കല്‍ എത്തി പരിശോധന നടത്തണമെന്ന നിബന്ധനയെ ദുരുപയോഗം ചെയ്ത് പണം കൊയ്യാനുള്ള നിലപാടില്‍ നിന്നും സംസ്ഥാന സര്‍ക്കാര്‍ പിന്തിരിയണമെന്ന് അദ്ദേഹം പറഞ്ഞു.