തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തിന് കേരളത്തിലെ ഓരോ ജില്ലയ്ക്കും ഒരു കോടി രൂപ വീതം സഹായം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. കേരളത്തില്‍ കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യം നേരിട്ടു വിലയിരുത്താന്‍ ഇന്നലെയെത്തിയ കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവ്യയാണ് സഹായം പ്രഖ്യാപിച്ചത്.


കേരളത്തിന് 1.11 കോടി ഡോസ് വാക്‌സിന്‍ നല്‍കുമെന്നും മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യമന്ത്രി വീണാ ജോര്‍ജും പങ്കെടുത്ത കൊവിഡ് അവലോകന യോഗത്തിനു ശേഷം കേന്ദ്രമന്ത്രി പറഞ്ഞു. ഓരോ ജില്ലയ്ക്കും പീഡിയാട്രിക് ഐസിയുവും അനുവദിച്ചു. ആഗസ്ത്, സപ്തംബര്‍ മാസങ്ങളിലേക്ക് 1.11 കോടി ഡോസ് വാക്‌സിന്‍ അടിയന്തരമായി ലഭ്യമാക്കണമെന്ന് യോഗത്തില്‍ കേരളം ആവശ്യപ്പെട്ടു. ഇത് കേന്ദ്രമന്ത്രി ഉടന്‍

അംഗീകരിക്കുകയായിരുന്നു. അടിയന്തര കൊവിഡ് പ്രതിരോധ പാക്കേജില്‍ (ഇസിപിആര്‍) ഉള്‍പ്പെടുത്തിയാണ് എല്ലാ ജില്ലകള്‍ക്കും ഒരു കോടി രൂപ വീതം അനുവദിക്കുന്നത്. എല്ലാ ജില്ലാ ആശുപത്രികളിലും പീഡിയാട്രിക് ഐസിയു സ്ഥാപിക്കും. 10 കിലോലിറ്റര്‍ ദ്രവീകൃത ഓക്‌സിജന്‍ സംഭരണ ടാങ്ക് സൗകര്യമുള്ളതാകും പീഡിയാട്രിക് ഐസിയു. എല്ലാ ജില്ലകളിലും ടെലിമെഡിസിന്റെ മികവ് കേന്ദ്രങ്ങള്‍ സൃഷ്ടിക്കുന്നത് ഉറപ്പാക്കുമെന്നും മന്‍സുഖ് മാണ്ഡവ്യ കൂട്ടിച്ചേര്‍ത്തു. രണ്ടാം അടിയന്തര കൊവിഡ് പ്രതിരോധ പാക്കേജില്‍ 267.35 കോടി രൂപ അനുവദിച്ചതിന് പുറമേയാണ് പുതിയ പ്രഖ്യാപനമെന്നും അദ്ദേഹം വ്യക്തമാക്കി.