ടി.പി.ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾക്ക് ശിക്ഷയിളവ് നൽകാനുള്ള നീക്കത്തിനെതിരെ കെ.കെ.രമ നൽകിയ അടിയന്തര പ്രമേയ നോട്ടിസിന് അനുമതി നിഷേധിച്ചു സ്പീക്കർ നടത്തിയ പരാമർശത്തിലെ അനൗചിത്യം ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ കത്ത് നൽകി.
പ്രതിപക്ഷം ഉന്നയിച്ച വിഷയത്തെ കുറിച്ച് മറുപടി പറയേണ്ടത് ആഭ്യന്തര- ജയിൽ വകുപ്പുകളുടെ ചുമതലയുള്ള മുഖ്യമന്ത്രിയാണ്. ഇതു സംബന്ധിച്ച ഫയലുകൾ കൈകാര്യം ചെയ്യുന്നതും ആഭ്യന്തര വകുപ്പാണ്. സർക്കാർ ഫയലുകൾ സംബന്ധിച്ച് ലെജിസ്ലേച്ചർ സെക്രട്ടേറിയറ്റിന് യാതൊരു ബന്ധവും ഇല്ലെന്നിരിക്കെ, മുഖ്യമന്ത്രി പറയേണ്ട മറുപടി സ്‌പീക്കർ പറഞ്ഞതിലെ അനൗചിത്യം പ്രതിപക്ഷം സഭയിൽ ചൂണ്ടിക്കാട്ടിയിരുന്നു. അടിയന്തര പ്രമേയ നോട്ടിസിന് അവതരണാനുമതി നിഷേധിക്കാം എന്നല്ലാതെ സർക്കാർ പറയേണ്ട മറുപടി സ്പീക്കർ പറഞ്ഞത് ഉചിതമായില്ലെന്നും പ്രതിപക്ഷ നേതാവ് കത്തിൽ വ്യക്തമാക്കി.