Saturday, April 27, 2024

മദ്യനയ അഴിമതിക്കേസ്; കേജ്‌രിവാൾ തിങ്കളാഴ്‌ച വരെ ഇ.ഡി കസ്റ്റഡിയിൽ, മുഖ്യമന്ത്രിയായി തുടരാം

TOP NEWSINDIAമദ്യനയ അഴിമതിക്കേസ്; കേജ്‌രിവാൾ തിങ്കളാഴ്‌ച വരെ ഇ.ഡി കസ്റ്റഡിയിൽ, മുഖ്യമന്ത്രിയായി തുടരാം

മദ്യനയ അഴിമതിക്കേസിൽ അറസ്‌റ്റിലായ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ തിങ്കളാഴ്‌ച വരെ ഇ.ഡി കസ്റ്റഡിയിൽ തുടരും. നാലു ദിവസത്തേക്ക് കൂടിയാണ് കേജ്‌രിവാളിന്റെ കസ്‌റ്റഡി കാലാവധി ഡൽഹി റോസ് അവന്യു കോടതി നീട്ടിയത്. ഏപ്രിൽ ഒന്നിന് രാവിലെ 11.30നു മുൻപായി കേജ്‌രിവാളിനെ കോടതിയിൽ ഹാജരാക്കണമെന്നാണ് നിർദേശം.

അതേസമയം, കേജ്‌രിവാളിന് ഡൽഹി മുഖ്യമന്ത്രിയായി തുടരാം. കേജ്‌രിവാളിനെ മുഖ്യമന്ത്രി സ്‌ഥാനത്തുനിന്നു നീക്കണമെന്ന ഹർജി ഡൽഹി ഹൈക്കോടതി തള്ളി. നിലവിലെ സാഹചര്യത്തിൽ കോടതി ഇടപെടൽ സാധ്യമല്ലെന്നു ജഡ്‌ജി പറഞ്ഞു. കേസിന്റെ മെറിറ്റിലേക്കു കടക്കാതെയാണു ഹർജി തള്ളിയത്.

കേജ്‌രിവാളിന്റെ ഭാര്യ സുനിത, മന്ത്രിമാരായ അതിഷി, സൗരഭ് ഭരദ്വാജ് എന്നിവരും കോടതിയിൽ എത്തിയിരുന്നു. തൻ്റെ അറസ്‌റ്റിനു പിന്നിൽ വലിയ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്നു കോടതിയിലേക്കു കൊണ്ടുപോകുന്നതിനിടെ കേജ്‌രിവാൾ മാധ്യമങ്ങളോടു പറഞ്ഞു.

കേജ്‌രിവാൾ ചോദ്യം ചെയ്യലിനോടു സഹകരിക്കുന്നില്ലെന്നും ഏഴുദിവസം കസ്‌റ്റഡിയിൽ വേണമെന്നും ഇ.ഡി കോടതിയിൽ വാദിച്ചു. കേസിലെ മറ്റു പ്രതികൾക്കൊപ്പമിരുത്തി കേജ്‌രിവാളിനെ ചോദ്യം ചെയ്യണമെന്നും പഞ്ചാബിലെ മുതിർന്ന എക്സൈസ് ഉദ്യോഗസ്‌ഥരെയും ചോദ്യം ചെയ്യണമെന്നും ഇ.ഡി വ്യക്‌തമാക്കി.

കോടതിയിൽ സംസാരിക്കണമെന്നു കേജ്‌രിവാൾ ആവശ്യപ്പെട്ടു. പറയാനുള്ളത് എഴുതിത്തന്നുകൂടെയെന്ന കോടതിയുടെ ചോദ്യത്തിനു സംസാരിക്കുക തന്നെ വേണമെന്നു കേജ്‌രിവാൾ പറഞ്ഞു. എന്നാൽ അഞ്ചുമിനിറ്റിൽ കൂടുതൽ സംസാരിക്കാൻ കേജ്‌രിവാളിന് അനുമതിയില്ലെന്നു കോടതി അറിയിച്ചു.

തനിക്കെതിരായ കുറ്റം തെളിഞ്ഞിട്ടില്ല, സിബിഐ 31,000 പേജുകളുള്ള കുറ്റപത്രവും ഇഡി 25,000 പേജുള്ള കുറ്റപത്രവും സമർപ്പിച്ചു. അവ ഒന്നിച്ചു വായിച്ചാലും എന്തിനാണ് എന്നെ അറസ്‌റ്റ് ചെയ്തതെന്ന ചോദ്യം അവിടെത്തന്നെ നിൽക്കുന്നു? ഈ മൊഴികൾ ഒരു മുഖ്യമന്ത്രിയെ അറസ്‌റ്റ് ചെയ്യാൻ പര്യാപ്‌തമാണോ? തന്റെ വസതിയിൽ മന്ത്രിമാർ എത്തിയെന്ന് പറഞ്ഞുകൊണ്ട് അറസ്‌റ്റ് ചെയ്യാമോ എന്നും കേജ്‌രിവാൾ ചോദിച്ചു.

നേരത്തേ അറസ്‌റ്റിലായവർക്കുമേൽ തൻ്റെ പേരു പറയാൻ സമ്മർദമുണ്ടായി. ഇ.ഡിക്കു തൻ്റെ അറസ്‌റ്റ് രേഖപ്പെടുത്താൻ നേരത്തേ പദ്ധതിയുണ്ടായിരുന്നു. മദ്യനയ അഴിമതിയിലെ ഇ.ഡി പറയുന്ന 100 കോടി എവിടെ എന്നും കേജ്‌രിവാൾ ചോദിച്ചു. ബിജെപി പണം വാങ്ങിയെന്നു കേജ്‌രിവാൾ പറഞ്ഞു. പി.ശരത് ചന്ദ്ര റെഡ്‌ഡി ബിജെപിക്ക് 55 കോടി നൽകിയെന്നു കേജ്‌രിവാൾ പറഞ്ഞു. 50 കോടി നൽകിയതു താൻ അറസ്‌റ്റിലായതിനു ശേഷമാണെന്നും ഇതിൻ്റെ തെളിവുകൾ ഉണ്ടെന്നും കേജ്‌രിവാൾ പറഞ്ഞു.

സൗത്ത് ഗ്രൂപ്പിൽനിന്ന് 100 കോടി രൂപ എഎപി കോഴ വാങ്ങിയെന്ന് ഇ.ഡി കോടതിയിൽ പറഞ്ഞു. ഡിജിറ്റൽ തെളിവുകൾ ശേഖരിക്കാനായില്ലെന്നും കേജ്‌രിവാൾ പാ‌സ്പേഡ് നൽകുന്നില്ലെന്നും ഇ.ഡി പറഞ്ഞു. എന്നാൽ അന്വേഷണവുമായി സഹകരിക്കാൻ തയാറാണെന്നു കേജ്‌രിവാൾ പറഞ്ഞു. റോസ് അവന്യു കോടതിക്ക് പുറത്ത് കേജ്‌രിവാളിന് എതിരെ അഭിഭാഷകർ പ്രതിഷേധിച്ചു. കേജ്‌രിവാളിൻ്റെ ചിത്രത്തിൽ ബീയർ ഒഴിച്ച് പ്രതിഷേധിച്ച അഭിഭാഷകനെ പൊലീസ് കസ്‌റ്റഡിയിൽ എടുത്തു.

കോടതിയിൽ കേസുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ വെളിപ്പെടുത്തുമെന്നു കഴിഞ്ഞ ദിവസം കേജ്‌രിവാളിന്റെ ഭാര്യ സുനിത പ്രഖ്യാപിച്ചിരുന്നു. മദ്യനയ അഴിമതിയുടെ പിന്നലെ പണത്തിന്റെ സ്രോതസ്സ് എവിടെനിന്നാണെന്ന് അദ്ദേഹം വെളിപ്പെടുത്തുമെന്നും സുനിത പറഞ്ഞു. ഡൽഹി ജനതയെ കഷ്ട്‌ടപ്പെടുത്തുകയാണു ചെയ്യുന്നത് എന്നാരോപിച്ചു ബിജെപിയെയും അവർ കുറ്റപ്പെടുത്തി. ജയിലിൽ ഇരുന്നുകൊണ്ടു രണ്ട് ഉത്തരവുകളാണു കേജ്‌രിവാൾ പുറപ്പെടുവിച്ചത്.

കേജ്‌രിവാളിന്റെ അറസ്‌റ്റുമായി ബന്ധപ്പെട്ടു പ്രസ്‌താവനകളുമായി യുഎസും ജർമനിയും രംഗത്തുവന്നിരുന്നു. സംഭവത്തിൽ സുതാര്യമായ അന്വേഷണം നടത്തണമെന്ന് അവർ ഇന്ത്യയോട് ആവശ്യപ്പെട്ടു. ഡൽഹി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ആഴ്ചയാണ് കേജ്‌രിവാളിനെ ഇഡി അറസ്‌റ്റുചെയ്തത്. അറസ്‌റ്റ് നിയമവിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടി കേജ്‌രിവാൾ ഡൽഹി ഹൈക്കോടതിയിൽ സമർപ്പിച്ച അപേക്ഷ കോടതി തള്ളിയിരുന്നു. ഇതുസംബന്ധിച്ചു വിശദമായ റിപ്പോർട്ട് നൽകാൻ ഏപ്രിൽ രണ്ടുവരെ ഇ.ഡിക്ക് കോടതി സമയം നൽകിയിരുന്നു.

spot_img

Check out our other content

Check out other tags:

Most Popular Articles