24 മണിക്കൂറിനിടെ 2,380 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ, രാജ്യത്ത് വീണ്ടും കോവിഡ് ജാഗ്രത ശക്തമാക്കുന്നു. ഡൽഹിക്കു പുറമെ പഞ്ചാബിലും മാസ്ക്കുകൾ ധരിക്കുന്നത് വീണ്ടും നിർബന്ധമാക്കി.

മഹാരാഷ്ട്രയിൽ സ്ഥിതിഗതികൾ അവലോകനം ചെയ്യുന്നതിനുള്ള യോഗം അടുത്ത ആഴ്ച ആദ്യം ചേരും. രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്ത മൊത്തം കോവിഡ് കേസുകളുടെ എണ്ണം 4,30,49,974 ആയി ഉയർന്നു, 56 പുതിയ മരണങ്ങളും രാജ്യത്ത് റിപ്പോർട്ട് ചെയ്തു. ഇതോടെ മരണസംഖ്യ 5,22,062 ആയി ഉയർന്നു.

ഹരിയാനയിലെ ഗുരുഗ്രാം ജില്ലയിൽ കൊവിഡ് കേസുകളിൽ വർദ്ധനവ് തുടരുകയാണ്, ബുധനാഴ്ച റിപ്പോർട്ട് ചെയ്ത 310 കേസുകളിൽ 225 എണ്ണം എൻസിആർ ജില്ലയിൽ നിന്നാണ്. ഗുരുഗ്രാം ഉൾപ്പെടെ ദേശീയ തലസ്ഥാന മേഖലയിലെ നാല് ജില്ലകളിൽ ഹരിയാന സർക്കാർ തിങ്കളാഴ്ച മാസ്ക്ക് ധരിക്കുന്നത് നിർബന്ധമാക്കിയിരുന്നു.