Saturday, April 27, 2024

നുണ പ്രചാരണത്തിന് മറുപടി നൽകി അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ….

Electionനുണ പ്രചാരണത്തിന് മറുപടി നൽകി അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ….

എൽ ഡി എഫ് സ്ഥാനാർഥിയായ അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കനെ വ്യക്തിപരമായി ആക്ഷേപിക്കുന്ന രീതിയിലും,സമൂഹത്തിനു മുൻപിൽ തെറ്റായ രീതിയിൽ ചിത്രീകരിക്കുന്ന തരത്തിലുമുള്ള പ്രസ്താവനകളും കുപ്രചാരണങ്ങളുമാണ് തിരഞ്ഞെടുപ്പ് പ്രചാരണ വേദികളിൽ പൂഞ്ഞാർ നിയോജകമണ്ഡലം ജനപക്ഷം സ്ഥാനാർത്ഥി പി സി ജോർജ് അഴിച്ചു വിടുന്നത്.ഇതിനെതിരെ തന്റെ ഔദ്യോഗിക ഫേസ്ബുക് പേജിൽ മറുപടി നൽകിയിരിക്കുകയാണ് അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ.

സ്ഥാനാർത്ഥി എന്ന നിലയിൽ പൂഞ്ഞാറിലെ സമഗ്രവികസനത്തിനുതകുന്ന രീതിയിളുള്ള ചർച്ചകൾ നടത്തിയും മണ്ഡലത്തിലെ വികസനരാഹിത്യത്തിൻ്റെ തീവ്രത ജനങ്ങളെ ബോധ്യപ്പെടുത്തിയുമാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി പ്രചാരണം ആരംഭിച്ചത്. ആരോഗ്യകരമായ ഈ സംവാദത്തിൽ ഉത്തരമില്ലാതെ പോയ പി സി ജോർജ് തീർത്തും അടിസ്ഥാനരഹിതമായ കുപ്രചരണങ്ങൾ അഴിച്ചുവിട്ട്, വികസനസംവാദത്തെ വ്യക്തിപരമായ ആക്ഷേപങ്ങളിലേക്ക് ചുരുക്കുകയാണ് ചെയ്യുന്നത്.
പൂഞ്ഞാറിലെ മാലിന്യപ്രശ്നം, കുടിവെള്ളക്ഷാമം, വാഗമൺ റോഡിൻറെ ശോചനീയാവസ്ഥ, മിനി സിവിൽ സ്റ്റേഷനും താലൂക്ക് ആശുപത്രിയും ഇല്ലാത്ത എക നിയോജകമണ്ഡലം എന്ന ദുഷ്പേര്, തുടങ്ങി വ്യത്യസ്തമായ വിഷയങ്ങൾ താൻ ഉന്നയിച്ചു. കൂടാതെ കഴിഞ്ഞതവണ പി സി ജോർജ് പുറത്തിറക്കിയ പ്രകടനപത്രികയിലെ ഒരുകാര്യംപോലും നടപ്പിലാക്കാതെ വീണ്ടും തെരഞ്ഞെടുപ്പിനെ നേരിടുന്നതിലുള്ള അനൗചിത്യവും ചൂണ്ടികാട്ടി,കഴിഞ്ഞ ചില പതിറ്റാണ്ടുകളായി ജനപ്രതിനിധിയായിരുന്ന പി സി ക്കു വികസനകാര്യത്തിൽ യാതൊരുവിധ മുന്നേറ്റവും ഉണ്ടാക്കുവാൻ കഴിഞ്ഞില്ല എന്നുള്ളത് നഗ്നമായ സത്യമാണെന്നും അഡ്വ അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ ഫേസ്ബുക് പോസ്റ്റിൽ പറയുന്നു.

ഫേസ്ബുക് പോസ്റ്റിന്റെ പൂർണ്ണരൂപം :-

പൂഞ്ഞാർ നിയോജകമണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ ജനപക്ഷം സ്ഥാനാർത്ഥി ശ്രീ പി സി ജോർജ്ജിന് എഴുതുന്ന തുറന്ന കത്ത്.*

പ്രിയപ്പെട്ട ശ്രീ പി സി ജോർജ്,

ഈ നിയമസഭ തെരഞ്ഞെടുപ്പ് വേള രാഷ്ട്രീയ-വികസന സംവാദത്തിനുള്ള വേദിയായി മാറണം എന്നുള്ളതാണ് പൂഞ്ഞാർ മണ്ഡലത്തിലെ ജനങ്ങൾ ആഗ്രഹിക്കുന്നത്. അത്കൊണ്ടുതന്നെ, സ്ഥാനാർത്ഥി എന്ന നിലയിൽ പൂഞ്ഞാറിലെ സമഗ്രവികസനത്തിനുതകുന്ന രീതിയിളുള്ള ചർച്ചകൾ നടത്തിയും മണ്ഡലത്തിലെ വികസനരാഹിത്യത്തിൻ്റെ തീവ്രത ജനങ്ങളെ ബോധ്യപ്പെടുത്തിയുമായിരുന്നു ഇടതുപക്ഷ ജനാധിപത്യ മുന്നണി പ്രചാരണം ആരംഭിച്ചത്. ആരോഗ്യകരമായ ഈ സംവാദത്തിൽ ഉത്തരമില്ലാതെ പോയ താങ്കൾ തീർത്തും അടിസ്ഥാനരഹിതമായ കുപ്രചരണങ്ങൾ അഴിച്ചുവിട്ട്, വികസനസംവാദത്തെ വ്യക്തിപരമായ ആക്ഷേപങ്ങളിലേക്ക് ചുരുക്കുകയാണ് ചെയ്തത്.
പൂഞ്ഞാറിലെ മാലിന്യപ്രശ്നം, കുടിവെള്ളക്ഷാമം, വാഗമൺ റോഡിൻറെ ശോചനീയാവസ്ഥ, മിനി സിവിൽ സ്റ്റേഷനും താലൂക്ക് ആശുപത്രിയും ഇല്ലാത്ത എക നിയോജകമണ്ഡലം എന്ന ദുഷ്പേര്, തുടങ്ങി വ്യത്യസ്തമായ വിഷയങ്ങൾ ഞാൻ ഉന്നയിച്ചു. കൂടാതെ കഴിഞ്ഞതവണ താങ്കൾ പുറത്തിറക്കിയ പ്രകടനപത്രികയിലെ ഒരുകാര്യംപോലും നടപ്പിലാക്കാതെ വീണ്ടും തെരഞ്ഞെടുപ്പിനെ നേരിടുന്നതിലുള്ള അനൗചിത്യവും ചൂണ്ടികാട്ടി.കഴിഞ്ഞ ചില പതിറ്റാണ്ടുകളായി ജനപ്രതിനിധിയായിരുന്ന അങ്ങേയ്ക്ക് വികസനകാര്യത്തിൽ യാതൊരുവിധ മുന്നേറ്റവും ഉണ്ടാക്കുവാൻ കഴിഞ്ഞില്ല എന്നുള്ളത് നഗ്നമായ സത്യമാണ്. പകരം, എല്ലാകാലത്തും വിവാദങ്ങളുടെയും അനാരോഗ്യകരമായ ചർച്ചകളുടെയും ഭാഗമാവുന്നതിൽ മാത്രമായിരുന്നു താങ്കൾ ശ്രദ്ധ കേന്ദ്രീകരിച്ചത്.

വ്യക്തിപരമായി താങ്കൾ എന്നെ പലിശക്കാരനെന്ന് അധിക്ഷേപിക്കുകയും 200ലധികം ചെക്ക് കേസിൽ വാദിയാണെന്നും പറയുകയുണ്ടായി. പൊതുയോഗങ്ങളിലും സ്വീകരണ സ്ഥലങ്ങളിലും ജനമെത്താതിരുന്നതോടെ തിരക്കഥക്കനുസരിച്ച് ഈരാറ്റുപേട്ടയിൽ കൂവലും പാറത്തോട്ടിൽ അക്രമവുമെന്നും പറഞ്ഞ് മാധ്യമ പ്രവർത്തകരെയും പൊതു സമൂഹത്തെയും തെറ്റിദ്ധരിപ്പിക്കുവാൻ ശ്രമിച്ചു. മതമൈത്രിയോടെ കഴിയുന്ന ജനതയെ തമ്മിൽ തല്ലിച്ച് വോട്ട് നേടുവാനുള്ള എല്ലാ ശ്രമങ്ങളും നടത്തി. ആദരണനീയനായ വികാരിയച്ഛൻ പള്ളിയിൽനിന്നും എന്നെ ഇറക്കി വിട്ടെന്ന് പറഞ്ഞ് വിശ്വാസ സമൂഹത്തിൽ തെറ്റിദ്ധാരണയുണ്ടാക്കി. അച്ഛനും പള്ളിക്കമ്മിറ്റിയും അത് വാസ്തവ വിരുദ്ധമാണെന്ന് അർത്ഥശങ്കക്ക് ഇടയില്ലാത്തവിധം പറഞ്ഞതോടെ ആ നുണയും പൊളിഞ്ഞു.
താങ്കൾ ഉന്നയിച്ച ആരോപണങ്ങൾ ചുവടെ ചേർക്കുന്നു. ഇതിൽ ഒന്നെങ്കിലും സത്യമാണെന്ന് തെളിയിക്കുവാൻ ഞാൻ താങ്കളെ വെല്ലുവിളിക്കുന്നു:

  1. ഞാൻ പലിശക്ക് പണം കൊടുത്തു എന്ന ആരോപണം രേഖാമൂലം തെളിയിക്കുവാൻ ഞാൻ വെല്ലുവിളിക്കുന്നു. തെളിയിക്കുന്നപക്ഷം, ഞാൻ എന്റെ പൊതുജീവിതം അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിക്കുന്നു. അല്ലാത്തപക്ഷം, അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിച്ചതിന് പൊതുസമൂഹത്തോട് മാപ്പ് പറയുവാണെങ്കിലും താങ്കൾ തയ്യാറാവണം.
  2. 2000 രൂപ കൊടുത്ത് 8000 മേടിച്ചു എന്ന് പറയുന്ന 80 വയസ്സ്കാരി അമ്മയെ പൊതു സമൂഹത്തിന് മുന്നിൽ പരിചയപ്പെടുത്തണം. ഇത്തരം വിലകുറഞ്ഞ ആരോപണങ്ങൾ ഉന്നയിച്ച് മണ്ഡലത്തിലെ ജനങ്ങളുടെ സാമാന്യയുക്തിയെ ചോദ്യം ചെയ്യാതിരിക്കുവാനുള്ള മാന്യതയെങ്കിലും പ്രകടിപ്പിക്കണം എന്ന് അഭ്യർത്ഥിക്കുന്നു.
  3. ഞാൻ വാദിയായ ഒരു ചെക്ക് കേസെങ്കിലും കോടതിയിലുണ്ടെന്ന് തെളിയിക്കണം. ഇതിനു തയ്യാറാകാത്തപക്ഷം, താങ്കൾക്കെതിരെ മാനനഷ്ടകേസ് ഫയൽ ചെയ്യുന്നതായിരിക്കും എന്നറിയിക്കുന്നു.
    ദുർഗന്ധം വമിപ്പിക്കുന്ന താങ്കളുടെ ചരിത്രം മറച്ചുവെച്ച്, മാന്യമായ പൊതുജീവിതം നയിക്കുന്ന എനിക്കെതിരെ മേൽപറഞ്ഞവപോലെയുള്ള അസത്യങ്ങൾ പ്രചരിപ്പിക്കുന്ന താങ്കൾ, താഴെപറയുന്ന ചോദ്യങ്ങൾക്ക് മറുപടി പറയുമെന്ന് പ്രതീക്ഷിക്കുന്നു:
  4. പി സി ജോർജിൻ്റെ പിതാവ് പ്ലാത്തോട്ടത്തിൽ ചാക്കോ മത്തായിയുടെ ജെ.സി ബാങ്കേഴ്സ് എന്ന സ്ഥാപനം നാട്ടുകാരുടെ പണം തിരികെ നൽകാതെ ജനങ്ങളെ വഞ്ചിക്കുകയുണ്ടായി. ഇതിനെ തുടർന്ന് ഈ നാട്ടിലെ പാവപെട്ട ജനങ്ങൾ താങ്കളുടെ പിതാവിന് നേരെ ഫയൽ ചെയ്ത കേസുകളുടെ ജാള്യത മറച്ചുവെക്കുവാനാണോ താങ്കൾ എനിക്കുനേരെ സമാന ആരോപണം ഉന്നയിച്ചത്? നാട്ടുകാരുടെ പണം തിരികെ നൽകാതിരിക്കുവാൻ താങ്കളുടെ പിതാവ് കോടതിയിൽ പാപ്പർ ഹർജി കൊടുത്ത് പാപ്പരായി പ്രഖ്യാപിക്കപ്പെട്ടയാളാണെന്ന് താങ്കൾക്ക് നിഷേധിക്കുവാൻ കഴിയുമോ?
  5. മാലം സുരേഷ് എന്ന ക്രിമിനൽകേസ് പ്രതിക്കുവേണ്ടി ഗവ. ചീഫ് വിപ്പിൻറെ ഔദ്യോഗിക ലെറ്റർ പാഡിൽ ശിപാർശ അയച്ചത് ഏത് താൽപര്യത്തിൻറെ അടിസ്ഥാനത്തിലാണ്?
  6. മുൻ ISRO ശാസ്ത്രജ്ഞൻ ശ്രീ. നമ്പി നാരായണനെ താങ്കൾ സഹായിച്ചു എന്ന് ഇല്ലാ കഥ ചാനലിൽ വന്നിരുന്ന് ഉളുപ്പില്ലാതെ പറഞ്ഞു തീരുന്നതിനു മുമ്പേ തന്നെ, അതേ ചർച്ചയിൽ അദ്ദേഹമത് കള്ളമാണെന്ന് പറയുകയും ചെയ്തത് കേരളം മറന്നിട്ടില്ല. ഒരു സങ്കോചവുംകൂടാതെ പച്ചനുണകൾ പറയുകയും ഗീർവാണങ്ങൾ മുഴക്കുകയും ചെയ്യുന്ന താങ്കളുടെ സ്ഥിരം ശൈലി ഇനിയെങ്കിലും നിർത്തിക്കൂടെ?
  7. നിയമസഭ എത്തിക്സ് കമ്മിറ്റി രണ്ട് തവണ അച്ചടക്കനടപടി സ്വീകരിച്ച കേരളത്തിലെ ഏക എംഎൽഎയാണ് താങ്കൾ. ഇതുപോലെയുള്ള ദുഷ്പേരുകൾ പൂഞ്ഞാറിനു ചാർത്തുന്നതിലൂടെ പൂഞ്ഞാറിലെ ജനങ്ങൾക്കുണ്ടാവുന്ന അപമാനം താങ്കളെ ഒട്ടും അലോസരപ്പെടുത്താത്തത് എന്ത്കൊണ്ടാണ്?
  8. ചെമ്മലമറ്റം സ്കൂളിലെ അദ്ധ്യാപക നിയമനത്തിൽ അഴിമതി നടത്തിയതിന് അഴിമതി നിരോധന കമ്മീഷൻ ശിക്ഷിച്ച വ്യക്തിയാണ് താങ്കൾ. ഇത് മറച്ചുവെച്ച്കൊണ്ട് അഴിമതിക്കെതിരെ പോരാടുന്ന നേരിന്റെ അപ്പോസ്തോലനെന്നു ചമയുന്ന താങ്കളെപോലെയുള്ള കപടന്മാരെ വെള്ളതേച്ച ശവക്കല്ലറകളോടല്ലേ ഉപമിക്കേണ്ടത്?
  9. എംഎൽഎ ഹോസ്റ്റലിൽ ആഹാരമെത്തിച്ച സപ്ലയറെ ഒരു ജനപ്രതിധിയായ താങ്കൾ തടഞ്ഞു വെച്ച് ക്രൂരമായി മർദിച്ചത് അതീവ ഞെട്ടലാണ് കേരളമനസാക്ഷിക്ക് സമ്മാനിച്ചത്. ഒരു നേരത്തെ അന്നത്തിനുവേണ്ടി രാപ്പകൽ വിശ്രമമില്ലാതെ ജോലി ചെയ്യുന്ന ഇതുപോലെയുള്ള പാവങ്ങളോട് മാടമ്പിയെ പോലെ പെരുമാറുവാനും തല്ലിച്ചതക്കുവാനും ആരാണ് താങ്കൾക്ക് അനുവാദം തന്നത്?
  10. മുണ്ടക്കയം വെള്ളനാടിയിലെ പാവപ്പെട്ട തോട്ടം തൊഴിലാളികൾക്കുനേരെ തോക്ക് ചൂണ്ടുകയും ആസിഡ് ഒഴിക്കുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തത് എസ്റ്റേറ്റ് മുതലാളിയുടെ താല്പര്യം സംരക്ഷിക്കാൻ വേണ്ടിയായിരുന്നില്ലേ ?
    മേൽപ്പറഞ്ഞ കാര്യങ്ങൾ നിഷേധിക്കുന്നപക്ഷം രേഖാമൂലമായ തെളിവുകൾ പൊതുസമക്ഷം സമർപ്പിക്കുന്നതാണെന്ന്കൂടി ഓര്മിപ്പിക്കുന്നു.
    ശ്രീ.പി സി ജോർജ്, എന്റെ എതിർ സ്ഥാനാർഥി എന്ന നിലയിൽ ചില കാര്യങ്ങൾ താങ്കളോട് പറഞ്ഞുകൊള്ളട്ടെ. നാല് വോട്ടിനു വേണ്ടി പൂഞ്ഞാറിലെ ജനതയുടെ മുന്നിൽ വർഗീയ കാർഡുമായി ഇറങ്ങരുത്. മതമൈത്രിയുടെയും സാഹോദര്യത്തിൻറെയും നല്ല മനസ്സുള്ള ഈ ജനത അതെതിർത്തു തോൽപ്പിക്കും. തെരഞ്ഞെടുപ്പ് ജയപരാജയങ്ങൾക്കപ്പുറം ഈ ജനതയുടെ ആത്മാഭിമാനം സംരക്ഷിക്കുവാൻ ജീവൻ കൊടുത്തും ഞാൻ മുന്നിലുണ്ടാകും. പരാജയഭീതിയിൽ വിറളിപൂണ്ട് കുപ്രചാരണങ്ങൾ ഇനിയുമധികം അഴിച്ചുവിട്ടാലും, മാന്യതക്കുനിരക്കാത്ത അസത്യങ്ങൾ ഇനിയുമേറെ നേരിടേണ്ടി വന്നാലും, ഒരു പടി കൂടെ കടന്നു എന്നെ കായികമായി ഇല്ലായ്മ ചെയ്യുവാൻ ശ്രമിച്ചാലും, പൂഞ്ഞാർ ജനതയുടെ വികസന ആവശ്യങ്ങൾ നടപ്പിലാക്കുവാനും, ഈ ജനതയുടെ ആത്മാഭിമാനം വീണ്ടെടുക്കാനും ഇടതുപക്ഷ സ്ഥാനാർഥിയായ ഞാൻ മുൻപിൽ തന്നെയുണ്ടാവും.

ആട്ടിൻതോലിട്ട ചെന്നായയെപ്പോലെ ഈ നാട്ടിലെ പാവം ജനങ്ങളെ ഇനിയും വഞ്ചിക്കുവാൻ അനുവദിച്ചുതരില്ല എന്ന് ഓർത്താൽ നല്ലത്.
എന്ന് സ്വന്തം
അഡ്വ:സെബാസ്റ്റ്യൻ കുളത്തുങ്കൽ

NB:പുതിയ തിരക്കഥകൾ ഇനിയും രചിക്കപെടുമെന്നും ഇല്ലാത്ത കഥാപാത്രങ്ങൾ ഇനിയും തകർത്താടുമെന്നും രേഖാപിൻബലം ഇല്ലാത്ത വ്യാജ ആരോപണങ്ങൾ വായുവിൽ ഇനിയും കറങ്ങിനടക്കുമെന്നും അറിയാം. പക്ഷെ പ്രിയ സുഹൃത്തേ, ഒന്ന് ഓർത്തുകൊള്ളുക, സത്യത്തെ എന്നെന്നേക്കും മൂടിവെക്കുവാൻ കാർമേഘങ്ങൾക്ക് കഴിയില്ല. കാലമധികം കഴിയുംമുൻപേ, എല്ലാ അസത്യങ്ങളും സൂര്യതേജസ്സിന് മുൻപിൽ നിഷ്പ്രഭമാവും, അവ കരിഞ്ഞു ചാമ്പലാവും

നിങ്ങൾക്ക് പൂക്കളെ ഇറുത്ത്കളയാൻ സാധിക്കും പക്ഷേ വസന്തത്തിൻറെ വരവിനെ തടയാൻ കഴിയില്ല.

“കേൾപ്പാൻ ചെവി ഉള്ളവൻ കേൾക്കട്ടെ..!”

spot_img

Check out our other content

Check out other tags:

Most Popular Articles