കുറ്റ്യാടി സീറ്റ് ജോസ് കെ മാണി വിഭാഗത്തിന് നൽകിയതിനെത്തുടർന്നുള്ള പ്രതിഷേധങ്ങൾക്ക് വഴങ്ങേണ്ടെന്ന് സി പി എം. കുന്നുമ്മൽ ഏരിയാ കമ്മിറ്റിയോഗത്തിലാണ് തീരുമാനമുണ്ടായത്. എളമരം കരീമും പി മോഹനനും യോഗത്തിൽ പങ്കെടുത്തു. ജോസ് കെ മാണി വിഭാഗം തന്നെ കുറ്റ്യാടിയിൽ മത്സരിക്കട്ടെ എന്നാണ് ഭൂരിപക്ഷത്തിന്റെയും അഭിപ്രായം. ഇതുസംബന്ധിച്ച് ഞായറാഴ്ച കുറ്റ്യാടിയിൽ വിശദീകരണ യോഗം നടത്താനും തീരുമാനിച്ചിട്ടുണ്ട്.
കുറ്റ്യാടി സീറ്റ് കേരള കോൺഗ്രസ് എം ജോസ് വിഭാഗത്തിന് വിട്ടുനൽകിയതിൽ പ്രതിഷേധിച്ച് സി പി എം പ്രവർത്തകർ പരസ്യമായി രംഗത്തെത്തിയിരുന്നു.തീരുമാനത്തിനെതിരെ അവർ പ്രകടനം നടത്തുകയും ചെയ്തിരുന്നു. സി പി എം പ്രവർത്തകരുടെ സഹായമില്ലാതെ മണ്ഡലത്തിൽ തങ്ങളുടെ സ്ഥാനാർത്ഥിയെ ലാൻഡ് ചെയ്യിക്കാനുള്ള സാഹചര്യം പോലുമില്ലെന്നാണ് കേരള കോൺഗ്രസിന്റെ പ്രാദേശിക നേതാക്കൾപറയുന്നത്.
സി പി എം പ്രവർത്തകരുടെ വികാരം പരിഗണിക്കാതെ സ്ഥാനാർത്ഥിയെ നിർത്തിയാൽ വലിയ തിരിച്ചടിയുണ്ടാകുമെന്ന് കേരളകോൺഗ്രസ് പ്രാദേശിക നേതൃത്വം ജോസ് കെ മാണിയെ അറിയിച്ചിട്ടുണ്ട്. പാർട്ടി പറയുന്നത് അനുസരിക്കുമെന്നാണ് കേരള കോൺഗ്രസ് സ്ഥാനാർത്ഥിയായി പരിഗണിക്കുന്ന മുഹമ്മദ് ഇക്ബാൽ പറയുന്നത്.കുറ്റ്യാടിയിൽ സ്ഥാനാർത്ഥി നിർണയം സി പി എമ്മുമായി ആലോചിച്ച് പിന്നീട് നടത്തുമെന്നാണ് ജോസ് കെ മാണി ഇന്ന് രാവിലെ പറഞ്ഞത്.സീറ്റ് തിരികെ ചോദിക്കേണ്ടെന്നും കാര്യങ്ങൾ മനസിലാക്കി ജോസ് കെ മാണി സീറ്റ് തിരികെ തന്നാൽ ഏറ്റെടുക്കാമെന്നുമാണ് സി പി എമ്മിന്റെ ഇപ്പോഴത്തെ നിലപാട്. കുറ്റ്യാടി വിട്ടുതരികയാണെങ്കിൽ പകരം തിരുവമ്ബാടി സീറ്റ് വിട്ടുനൽകില്ലെന്നും സി പി എം ജോസ് കെ മാണിയെ അറിയിച്ചിട്ടുണ്ട്.



