Saturday, May 18, 2024

ശബരിമല റോഡ് നിര്‍മാണത്തിന് പ്രത്യേക വര്‍ക്കിംഗ് കലണ്ടര്‍ തയാറാക്കും

TOP NEWSKERALAശബരിമല റോഡ് നിര്‍മാണത്തിന് പ്രത്യേക വര്‍ക്കിംഗ് കലണ്ടര്‍ തയാറാക്കും

ശബരിമല പാതയിലെ റോഡുകള്‍ യുദ്ധകാല അടിസ്ഥാനത്തില്‍
ഗതാഗത യോഗ്യമാക്കും: മന്ത്രി പി.എ. മുഹമ്മദ് റിയാസ്
തീര്‍ഥാടനം ആരംഭിക്കുന്നതിനു മുന്‍പു തന്നെ ശബരിമല പാതയിലെ എല്ലാ പൊതുമരാമത്തു റോഡുകളും യുദ്ധകാല അടിസ്ഥാനത്തില്‍ ഗതാഗത യോഗ്യമാക്കുമെന്ന് പൊതുമരാമത്ത് -ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. ഈമാസം 12ന് അകം പ്രവൃത്തികള്‍ പൂര്‍ത്തിയാക്കും. ശബരിമല പാതയുടെ പ്രവൃത്തികള്‍ വിലയിരുത്തുന്നതിനും കാലവര്‍ഷക്കെടുതിയില്‍ ശബരിമല റോഡുകള്‍ക്കുണ്ടായ തകര്‍ച്ച ചര്‍ച്ച ചെയ്യാനും പത്തനംതിട്ട ജില്ലാ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ഉന്നതതലയോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
ശബരിമല റോഡുകളുടെ പ്രവൃത്തികള്‍ വിലയിരുത്തുന്നതിനായി പ്രത്യേക വര്‍ക്കിംഗ് കലണ്ടര്‍ തയാറാക്കും. 2022 ജനുവരി 15 മുതല്‍ മേയ് 15വരെയുള്ള പ്രവൃത്തികള്‍ ഇതുപ്രകാരം വിലയിരുത്തും. പുരോഗതികള്‍ വിലയിരുത്തുന്നതിനായി നിരവധി ഉദ്യോഗസ്ഥ തല യോഗങ്ങള്‍ ചേര്‍ന്നിരുന്നു. അവസാനവട്ട വിലയിരുത്തല്‍ എന്ന നിലയിലാണ് പത്തനംതിട്ടയില്‍ യോഗം ചേര്‍ന്നത്. ശബരിമല പാത ഉള്‍പ്പെടുന്ന പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലെ റോഡ് നവീകരണ പ്രവൃത്തികളാണ് വിലയിരുത്തിയത്.
പുനലൂര്‍-മൂവാറ്റുപുഴ റോഡ് പ്രധാന തീര്‍ഥാടന പാതയാണ്. ജനങ്ങളുടെ സ്വപ്ന പദ്ധതിയായിരുന്നു ഈ റോഡിന്റെ വികസനം. സര്‍ക്കാര്‍ ഇത് യാഥാര്‍ഥ്യമാക്കി വരികയാണ്. അതിന്റെ ഭാഗമായി കെഎസ്ടിപിയില്‍ ഉള്‍പ്പെടുത്തി നിര്‍മാണം നടക്കുകയാണ്. തമിഴ്‌നാട്ടില്‍ നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വരുന്നവര്‍ ഉള്‍പ്പടെയുള്ള ശബരിമല തീര്‍ഥാടകര്‍ ഉപയോഗിക്കുന്ന പ്രധാന പാതയാണിത്. ഇതിന്റെ നിര്‍മാണം പുരോഗമിക്കുകയാണ്.
പുനലൂര്‍-കോന്നി റീച്ചിന്റെ നിര്‍മാണം വേഗത്തില്‍ നടക്കുന്നുണ്ട്. 2022 ഡിസംബര്‍ വരെയാണ് നിര്‍മാണ കാലാവധി. കോന്നി – പ്ലാച്ചേരി റീച്ചിന്റെ നിര്‍മാണവും പുരോഗമിക്കുകയാണ്. തീര്‍ഥാടകര്‍ക്ക് റോഡ് ഉപയോഗിക്കത്തക്ക നിലയില്‍ പരാമാവധി വേഗത്തില്‍ രാത്രിയും പകലുമായി നിര്‍മാണം നടത്താന്‍ നിര്‍ദേശം നല്‍കി. മഴ ഒരു പ്രധാന തടസമാണ്. സംസ്ഥാനത്തു തന്നെ ഏറ്റവും അധികം മഴ ലഭിക്കുന്നത് പത്തനംതിട്ട ജില്ലയിലാണ്. മുന്‍ വര്‍ഷത്തെക്കാള്‍ 169 ശതമാനം അധിക മഴയാണ് പത്തനംതിട്ട ജില്ലയില്‍ ഈ വര്‍ഷം ലഭിച്ചത്. ടാറിംഗ് ഉള്‍പ്പടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഇത് തടസമാകുന്നുണ്ട്. അതിതീവ്ര മഴയും വെള്ളപ്പൊക്കവും മലവെള്ളപാച്ചിലുമെല്ലാം റോഡ് തകര്‍ച്ചയ്ക്ക് പ്രധാന കാരണമാണ്.
തീര്‍ഥാടന പാതയായ മണ്ണാറക്കുളത്തി- ചാലക്കയം പാതയും അടിയന്തര പ്രാധാന്യത്തില്‍ ഗതാഗത യോഗ്യമാക്കും. എല്ലാ റോഡുകളുടെയും വശങ്ങളിലെ കാട് നീക്കം ചെയ്യും. കാഴ്ച മറയ്ക്കുന്ന എല്ലാ തടസങ്ങളും മാറ്റാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കിയിട്ടുണ്ട്. റാന്നി ചെറുകോല്‍പ്പുഴ തിരുവാഭരണ പാതയും വേഗത്തില്‍ നവീകരിക്കും. ശബരിമല തീര്‍ഥാടകര്‍ ഉപയോഗിക്കുന്ന എല്ലാ പാതയും സഞ്ചാരയോഗ്യമായിരിക്കണം എന്ന കാര്യത്തില്‍ കര്‍ശന നിര്‍ദേശമാണ് നല്‍കിയിട്ടുള്ളത്.
ശബരിമല പാതയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് പൊതുമരാമത്ത് വകുപ്പ്
ഡെപ്യൂട്ടി സെക്രട്ടറി ശ്രീറാം സാംബശിവ റാവുവിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു. ഈ സംഘത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പരിശോധന നടത്തി. മുഖ്യമന്ത്രി, വിവിധ വകുപ്പ് മന്ത്രിമാര്‍, എംഎല്‍എമാര്‍, മൂന്ന് ജില്ലകളിലേയും കളക്ടര്‍മാര്‍ തുടങ്ങിയവരുടെ സാന്നിധ്യത്തില്‍ വിവിധ യോഗങ്ങള്‍ ചേര്‍ന്നിരുന്നു. പൂര്‍ത്തീകരിച്ച പ്രവൃത്തികള്‍, പൂര്‍ത്തീകരിക്കാനുള്ളവ, കാലങ്ങളായി പ്രശ്‌നങ്ങള്‍ നേരിടുന്നവ എന്നിങ്ങനെ തരംതിരിച്ചാണ് പഠനം നടത്തിയത്.
നിലവിലുള്ള സര്‍ക്കാര്‍ ഉത്തരവിലെ നിര്‍ദേശങ്ങള്‍ പാലിച്ചാണോ റോഡ് കുഴിക്കുന്നത് ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുള്ളതെന്ന് പരിശോധിക്കും. വീഴ്ച വന്നിട്ടുണ്ടെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കും. സംസ്ഥാനത്തെ റോഡുകളിലെ ഓട നിര്‍മാണം ശാസ്ത്രീയമായി വിശകലനം ചെയ്ത് നടപ്പാക്കും. എന്‍.എച്ച് റോഡിലെ പ്രവൃത്തികള്‍ അഞ്ച് ദിവസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കും. സംസ്ഥാനത്തെ 153 പിഡബ്ല്യൂഡി റസ്റ്റ് ഹൗസുകളിലെ നവീകരണ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ച് മികച്ച രീതിയില്‍ ഉപയോഗപ്രദമാക്കും. ഈ വര്‍ഷം സൗകര്യപ്രദമായ യാത്ര ശബരിമല തീര്‍ഥാടകര്‍ക്ക് ഉറപ്പുവരുത്തും. അതിനായി ദൈനംദിന പുരോഗതി വിലയിരുത്തുന്നുണ്ട്. ശബരിമല തീര്‍ഥാടനം സുഗമമാക്കുക എന്നത് സര്‍ക്കാരിന്റെ ഒന്നാം പരിഗണനയാണെന്നും മന്ത്രി പറഞ്ഞു.
ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്, ആന്റോ ആന്റോ ആന്റണി എംപി, ഗവ ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ്, എംഎല്‍എമാരായ മാത്യു ടി. തോമസ്, അഡ്വ. കെ.യു. ജനീഷ് കുമാര്‍, അഡ്വ.പ്രമോദ് നാരായണ്‍, സെബാസ്റ്റിയന്‍ കുളത്തിങ്കല്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, പത്തനംതിട്ട ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍, കോട്ടയം ജില്ലാ കളക്ടര്‍ ഡോ. പി.കെ. ജയശ്രീ, ഇടുക്കി ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ്, ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറിന്റെ പ്രതിനിധിയും അടൂര്‍ നഗരസഭാ ചെയര്‍മാനുമായ ഡി. സജി, പിഡബ്ല്യുഡി സെക്രട്ടറി ആനന്ദ് സിംഗ്, പൊതുമരാമത്ത് വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി ശ്രീറാം സാംബശിവറാവു, റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് ഡവലപ്‌മെന്റ് കോര്‍പറേഷന്‍ എംഡി എസ്. സുഹാസ്, എഡിഎം അലക്‌സ് പി. തോമസ്,
പിഡബ്ല്യുഡി റോഡ്സ് ചീഫ് എന്‍ജിനിയര്‍ അജിത് രാമചന്ദ്രന്‍, എന്‍എച്ച് ചീഫ് എന്‍ജിനിയര്‍ എം. അശോക് കുമാര്‍, കെഎസ്ടിപി ആന്‍ഡ് കെആര്‍എഫ്ബി ചീഫ് എന്‍ജിനിയര്‍ ഡാര്‍ലിന്‍ കര്‍മലീത്ത ഡിക്രൂസ്, ബ്രിഡ്ജസ് ആന്‍ഡ് റോഡ് മെയിന്റനന്‍സ് ചീഫ് എന്‍ജിനിയര്‍ എസ്. മനോമോഹന്‍, പൊതുമരാമത്ത് എക്‌സിക്യുട്ടീവ് എന്‍ജിനിയര്‍മാര്‍, വകുപ്പ് തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

spot_img

Check out our other content

Check out other tags:

Most Popular Articles