നടി രശ്മിക മന്ദാനയുടെ ഡീഫേക്ക് വീഡിയോ കേസുമായി ബന്ധപ്പെട്ട് 19-കാരനെ പോലീസ് ചോദ്യംചെയ്തു. ബിഹാർ സ്വദേശിയായ യുവാവിനെയാണ് ഡൽഹി പോലീസിന്റെ സ്പെഷ്യൽ സെൽ വിളിച്ചുവരുത്തി ചോദ്യംചെയ്തത്. നടിയുടെ ഡീഫേക്ക് വീഡിയോ സാമൂഹികമാധ്യമങ്ങളിൽ ആദ്യം അപ് ലോഡ് ചെയ്തത് ഇയാളാണെന്നാണ് പോലീസിന്റെ സംശയം. ഈ വീഡിയോ പിന്നീട് വ്യാപകമായി പ്രചരിക്കുകയായിരുന്നു.

അതേസമയം, കേസുമായി ബന്ധപ്പെട്ട് ഇതുവരെ ആരുടെയും അറസ്റ്റൊന്നും രേഖപ്പെടുത്തിയിട്ടില്ലെന്ന് ഡൽഹി പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. മൊബൈൽഫോൺ സഹിതമാണ് 19-കാരനെ ഡൽഹി പോലീസ് ചോദ്യംചെയ്യലിനായി വിളിച്ചുവരുത്തിയത്. ഡീഫേക്ക് വീഡിയോ ഒരു ഇൻസ്റ്റഗ്രാം അക്കൗണ്ടിൽനിന്ന് ഡൗൺലോഡ് ചെയ്തതാണെന്നാണ് 19-കാരൻ പോലീസിന് നൽകിയ മൊഴി. ഇയാളെ വിശദമായി ചോദ്യംചെയ്തുവരികയാണെന്നും പോലീസ് പറഞ്ഞു.

രശ്മിക മന്ദാനയുടെ ഡീഫേക്ക് വീഡിയോ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ നവംബർ പത്താംതീയതിയാണ് ഡൽഹി പോലീസ് സംഭവത്തിൽ കേസെടുത്തത്. ഐ.ടി. ആക്ടിലെ വിവിധ വകുപ്പുകളടക്കം എഫ്.ഐ.ആറിലുണ്ട്. സംഭവത്തിൽ കേസെടുത്തതിന് പിന്നാലെ വീഡിയോ അപ് ലോഡ് ചെയ്തവരുടെ വിവരങ്ങൾ തേടി ‘മെറ്റ’ അധികൃതർക്കും പോലീസ് കത്തയച്ചിരുന്നു.


