Monday, May 6, 2024

കേരളത്തിലെ ഏഴോളം കോൺഗ്രസ്, സി.പി.എം. നേതാക്കളുമായി ബി.ജെ.പിയിൽ ചേരുന്നത് സംബന്ധിച്ച് ചർച്ചനടത്തി; ശോഭ സുരേന്ദ്രൻ്റെ വെളിപ്പെടുത്തൽ

Electionകേരളത്തിലെ ഏഴോളം കോൺഗ്രസ്, സി.പി.എം. നേതാക്കളുമായി ബി.ജെ.പിയിൽ ചേരുന്നത് സംബന്ധിച്ച് ചർച്ചനടത്തി; ശോഭ സുരേന്ദ്രൻ്റെ വെളിപ്പെടുത്തൽ

കേരളത്തിലെ ഏഴോളം കോൺഗ്രസ്, സി.പി.എം. നേതാക്കളുമായി ബി.ജെ.പിയിൽ ചേരുന്നത് സംബന്ധിച്ച് ചർച്ചനടത്തിയെന്ന് ആലപ്പുഴയിലെ ബി.ജെ.പി. സ്ഥാനാർഥി ശോഭ സുരേന്ദ്രൻ. പാലക്കാട് ജില്ലയിലെ ആലത്തൂരിൽ വോട്ട് രേഖപ്പെടുത്തിയതിനുശേഷം മാധ്യമപ്രവർത്തകരോട്
സംസാരിക്കുകയായിരുന്നു അവർ. ഇ.പി. ജയരാജന് ബി.ജെ.പിയിൽ ചേരാൻ ഒരു ഓഫറും നൽകിയിരുന്നില്ലെന്നും അവർ പറഞ്ഞു.

‘കേരളത്തിലെ ഏഴോളം പ്രഗത്ഭരായ നേതാക്കളെ ഞാൻ കണ്ടിട്ടുണ്ട്. അവരുമായി സംസാരിച്ചിട്ടുണ്ട്. അതിൽ കോൺഗ്രസിൽനിന്നുള്ള നേതാക്കളും മാർക്സ‌ിസ്റ്റ് പാർട്ടിയിൽ നിന്നുള്ള നേതാക്കളുമുണ്ട്. പാർട്ടി മെഷിനറി ആവശ്യപ്പെട്ടതുപ്രകാരമാണ് ഇത്തരം പ്രവർത്തനങ്ങളുമായി ഞാൻ മുന്നോട്ട് പോയത്. കേരളത്തിൻ്റെ മുഖ്യമന്ത്രി പദവിയിലേക്ക് ഭാരതീയ ജനതാ പാർട്ടി നേതൃത്വം നൽകുന്ന എൻ.ഡി.എ. കടന്നുവരുമെന്ന് പറയുന്നത് ആ ചർച്ചയുടെയൊക്കെ വെളിച്ചത്തിലാണ്’, ശോഭ സുരേന്ദ്രൻ പറഞ്ഞു.

ഇ.പി. ജയരാജൻ-പ്രകാശ് ജാവഡേക്കർ കൂടിക്കാഴ്‌ച സംബന്ധിച്ച വിവാദം തുടരുന്നതിനിടെയാണ് ശോഭ സുരേന്ദ്രൻ്റെ പുതിയ വെളിപ്പെടുത്തൽ. പോളിങ് ദിനമായ വെള്ളിയാഴ്‌ച രാവിലെയാണ് തൻ്റെ മകൻ്റെ ഫ്ളാറ്റിലെത്തി ജാവഡേക്കർ തന്നെ കണ്ടുവെന്ന് ഇ.പി. ജയരാജൻ സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം ഇക്കാര്യം ദല്ലാൾ നന്ദകുമാർ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

രൂക്ഷമായ ഭാഷയിലാണ് ജയരാജൻ്റെ വെളിപ്പെടുത്തലിനോട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചത്. ഇത്തരം കാര്യങ്ങളിൽ ജയരാജന് വേണ്ടത്ര ജാഗ്രതയില്ലെന്ന് പറഞ്ഞ പിണറായി, പാപിയുടെ കൂടെ ശിവൻ കൂടിയാൽ ശിവനും പാപിയായിടും എന്ന പഴഞ്ചൊല്ലും പറഞ്ഞു. എന്നാൽ, ജയരാജനെ പിന്തുണയ്ക്കുന്ന നിലപാടായിരുന്നു സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ സ്വീകരിച്ചത്. രാഷ്ട്രീയപ്രവർത്തനത്തിൻ്റെ ഭാഗമായി ആരെ കാണുന്നതിലും തെറ്റില്ലെന്ന് അദ്ദേഹം പറഞ്ഞു.

പോളിങ് ദിനത്തിൽ അപ്രതീക്ഷിതമായി വീണുകിട്ടിയ ആയുധം ശക്തമായി പ്രയോഗിക്കുകയാണ് യു.ഡി.എഫ്. മുഖ്യമന്ത്രിയെ തന്നെ ലക്ഷ്യമിട്ടായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ പ്രതികരണം. ഇ.പി. ജയരാജൻ പ്രകാശ് ജാവഡേക്കറെ കണ്ടത് മുഖ്യമന്ത്രിയുടെ അറിവോടെയാണെന്ന് പറഞ്ഞ സതീശൻ, യഥാർഥ ശിവൻ്റെ കൂടെ പാപി കൂടിയാൽ പാപി ചാമ്പലാകുമെന്നും പറഞ്ഞു. ഒരു സീറ്റും ജയിക്കില്ലെന്ന് ഉറപ്പുള്ള മുഖ്യമന്ത്രി ജയരാജനെ ബലിയാടാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

spot_img

Check out our other content

Check out other tags:

Most Popular Articles