Saturday, May 4, 2024

കേരളത്തിലെ ആദ്യ ഡബിൾ ഡെക്കർ സൂപ്പർ ഫാസ്‌റ്റ് ട്രെയിൻ ഇന്ന് പരീക്ഷണ സർവീസ് നടത്തും; പൊള്ളാച്ചി വഴി പാലക്കാട് – ബെംഗളൂരു സർവീസ് ആരംഭിക്കാൻ സാധ്യത

TOP NEWSKERALAകേരളത്തിലെ ആദ്യ ഡബിൾ ഡെക്കർ സൂപ്പർ ഫാസ്‌റ്റ് ട്രെയിൻ ഇന്ന് പരീക്ഷണ സർവീസ് നടത്തും; പൊള്ളാച്ചി വഴി പാലക്കാട് - ബെംഗളൂരു സർവീസ് ആരംഭിക്കാൻ സാധ്യത

ബെംഗളൂരു-കോയമ്പത്തൂർ ഉദയ് ഡബിൾ ഡെക്കർ സൂപ്പർ ഫാസ്‌റ്റ് ട്രെയിൻ പാലക്കാട്ടേക്കു നീട്ടുന്നതിനു മുന്നോടിയായി പൊള്ളാച്ചി – പാലക്കാട് റൂട്ടിൽ ഇന്നു പരീക്ഷണ സർവീസ് നടത്തും. സമയക്രമം ഉൾപ്പെടെ, ഔദ്യോഗിക ഉത്തരവായില്ലെങ്കിലും തിരഞ്ഞെടുപ്പിനു ശേഷം പൊള്ളാച്ചി വഴി പാലക്കാട് – ബെംഗളൂരു സർവീസ് ആരംഭിക്കാനാണു സാധ്യത.

ഇന്നു രാവിലെ എട്ടിനു കോയമ്പത്തൂരിൽ നിന്നു പുറപ്പെടുന്ന ട്രെയിൻ റേക്ക് പൊള്ളാച്ചി വഴി 11.05നു പാലക്കാട് ജംക്ഷൻ ‌സ്റ്റേഷനിലെത്തും. ജംക്‌ഷനിലെ മുഴുവൻ ട്രാക്കുകളിലും ഓടിച്ചുനോക്കി 11.35നു മടങ്ങും. ട്രാക്കും പ്ലാറ്റ്ഫോമും ഡബിൾ ഡെക്കറിനു യോജ്യമാണോയെന്നും സുരക്ഷിതത്വവും പരിശോധിക്കും. ഡബിൾ ഡെക്കറിനു സാധാരണ ട്രെയിനിനെക്കാൾ ഉയരമുണ്ട്. കോയമ്പത്തൂർ – വാളയാർ വഴി ഓടിക്കാനാണു പാലക്കാട് ഡിവിഷൻ ആവശ്യപ്പെട്ടത്. എന്നാൽ, സർവീസ് നീട്ടുന്നതിനെതിരെ കോയമ്പത്തൂർ കേന്ദ്രീകരിച്ചു ചില സംഘടനകൾ രംഗത്തെത്തിയിരുന്നു.

നിലവിൽ പുലർച്ചെ 5.45നു കോയമ്പത്തൂരിൽ നിന്നു പുറപ്പെടുന്ന ട്രെയിൻ ഉച്ചയ്ക്ക് 12.40നു ബെംഗളൂരുവിലെത്തി 2.15നു മടങ്ങും. രാത്രി 9.30നു കോയമ്പത്തൂരിൽ തിരിച്ചെത്തും. സേലം ഡിവിഷനു കീഴിൽ രണ്ടു വർഷം മുൻപ് ആരംഭിച്ച ഉദയ് ഒരു വർഷത്തിലേറെയായി നഷ്‌ടത്തിലാണ്.
കോയമ്പത്തൂർ – ബെംഗളൂരു വന്ദേഭാരത് ആരംഭിച്ചതോടെ വീണ്ടും യാത്രക്കാർ കുറഞ്ഞു. ട്രെയിൻ പാലക്കാട്ടു നിന്ന് ആരംഭിക്കുന്നതിനോടു സേലം ഡിവിഷൻ ആദ്യം യോജിച്ചില്ലെങ്കിലും വരുമാനനഷ്‌ടം പരിഹരിക്കാൻ സർവീസ് നീട്ടാമെന്നു ദക്ഷിണ റെയിൽവേ നിർദേശം വയ്ക്കുകയായിരുന്നു.

ഉദയ് വരുന്നതോടെ പാലക്കാട് – പൊള്ളാച്ചി റൂട്ടിൽ പുതിയ ട്രെയിനാകും. ഈ റൂട്ടിൽ ആവശ്യത്തിനു ട്രെയിനുകൾ ഓടിക്കാത്തതിൽ യാത്രക്കാർ കടുത്ത പ്രതിഷേധത്തിലാണ്.

ഉദയ് പാലക്കാട്ടേക്കു നീട്ടുന്നതോടെ ബെംഗളൂരുവിൽ നിന്നു കേരളത്തിലേക്ക് ഒരു പകൽ ട്രെയിൻ കൂടിയാകും. നിലവിൽ കെഎസ്ആർ ബെംഗളൂരു-എറണാകുളം എക്‌സ് മാത്രമാണു പകൽ ഓടുന്ന ട്രെയിൻ. വന്ദേഭാരത് സർവീസ് ആരംഭിക്കുന്നതിനു മുൻപ് ഈ റൂട്ടിലെ ഏറ്റവും വേഗമുള്ള ട്രെയിനായിരുന്ന ഉദയ് 6 മണിക്കൂർ 45 മിനിറ്റിൽ ബെംഗളുരുവിൽ നിന്നു കോയമ്പത്തൂരിൽ എത്തിയിരുന്നു.

spot_img

Check out our other content

Check out other tags:

Most Popular Articles