Wednesday, May 8, 2024

നടിയെ ആക്രമിച്ച കേസ്; മൂന്നു തവണ അനധികൃതമായി മെമ്മറി കാർഡ് പരിശോധിച്ചു, അന്വേഷണ വിവരങ്ങൾ പുറത്ത്

CRIMEനടിയെ ആക്രമിച്ച കേസ്; മൂന്നു തവണ അനധികൃതമായി മെമ്മറി കാർഡ് പരിശോധിച്ചു, അന്വേഷണ വിവരങ്ങൾ പുറത്ത്

നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാർഡ് പരിശോധിച്ചതിൻ്റെ അന്വേഷണ വിവരങ്ങൾ പുറത്ത്. മൂന്നു തവണയായി അനധികൃതമായി മെമ്മറി കാർഡ് പരിശോധിച്ചെന്ന് വ്യക്തമായി. അങ്കമാലി മജിസ്ട്രേട്ട് ലീന റഷീദ്, ജില്ലാ ജഡ്‌ജിയുടെ പിഎ മഹേഷ്, വിചാരണക്കോടതി ശിരസ്‌തദാർ താജുദ്ദീൻ എന്നിവരാണ് മെമ്മറി കാർഡ് പരിശോധിച്ചത്. മജിസ്ട്രേട്ട് ലീന റഷീദ് മെമ്മറി കാർഡ് സ്വകാര്യ കസ്‌റ്റഡിയിൽ സൂക്ഷിച്ചു. അതേസമയം, കുറ്റക്കാരെ സംരക്ഷിച്ചുള്ള വസ്‌തുതാന്വേഷണ റിപ്പോർട്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ട് അതിജീവിത ഹൈക്കോടതിയെ സമീപിച്ചു.

ഹൈക്കോടതി നിർദേശപ്രകാരമാണ് നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാർഡ് ചോർന്നെന്ന ആരോപണത്തിൽ ജില്ലാ ജഡ്‌ജിയുടെ നേതൃത്വത്തിൽ അന്വേഷണം നടന്നത്. അതിജീവിതയുടെ ആരോപണം ശരിവയ്ക്കുന്ന കണ്ടെത്തലുകളാണ് അന്വേഷണ റിപ്പോർട്ടിലുള്ളത്. മൂന്ന് കോടതികളിലും മെമ്മറി കാർഡ് അനധികൃതമായി പരിശോധിച്ചു എന്നാണ് കണ്ടെത്തൽ.

2018ൽ അങ്കമാലി മജിസ്ട്രേട്ട് മെമ്മറി കാർഡ് സ്വകാര്യ കസ്‌റ്റഡിയിലാണ് സൂക്ഷിച്ചത്. അങ്ങനെ സൂക്ഷിക്കാമെന്ന ധാരണയിലാണ് അത് ചെയ്‌തതെന്നാണ് മൊഴി. 2018 ഡിസംബർ 13 ന് ജില്ലാ ജഡ്‌ജിയുടെ പിഎ മഹേഷ് തൻ്റെ ഫോണിൽ മെമ്മറി കാർഡ് പരിശോധിച്ചു. രാത്രി 10.52 ന് നടന്ന പരിശോധന ജഡ്‌ജിയുടെ നിർദ്ദേശ പ്രകാരണമാണെന്നും മൊഴിയുണ്ട്.

എന്നാൽ ജഡ്‌ജി ഇത്തരം ആവശ്യം നിർദ്ദേശിച്ചോ എന്ന് അന്വേഷണ റിപ്പോർട്ടിന്റെ ഭാഗമായി പരിശോധിച്ചില്ല. കൂടാതെ 2021 ജൂലൈ 19 ന് വിചാരണ കോടതി ശിരസ്‌തദാർ താജുദ്ദീൻ മെമ്മറി കാർഡ് പരിശോധിച്ചു. തൻ്റെ ഫോണിലിട്ടാണ് പരിശോധിച്ചത്. ഈ ഫോൺ 2022 ഫെബ്രുവരിയിലെ യാത്രക്കിടയിൽ നഷ്‌ടമായെന്നും മൊഴി നൽകി.

അനധികൃത പരിശോധനകളെക്കുറിച്ച് റിപ്പോർട്ടിൽ പറയുന്നുണ്ടെങ്കിലും ഇവരുടെ ഫോണുകൾ കസ്റ്റഡിയിലെടുക്കുകയോ നടപടികൾക്ക് നിർദേശിക്കുകയോ ചെയ്തിട്ടില്ല. ഈ സഹാചര്യത്തിലാണ് അതിജീവിത വീണ്ടും ഹൈക്കോടതിയെ സമീപിച്ചത്. വസ്‌തുതാന്വേഷണ റിപ്പോർട്ട് സഹപ്രവർത്തകരെ സംരക്ഷിക്കാനുള്ളതാണെന്നും തെളിവ് കസ്റ്റഡിയിലെടുത്ത് ഫൊറൻസിക് പരിശോധനയ്ക്ക് പോലും അയക്കാതെ മൊഴി അതേപടി വിശ്വസിച്ച് റിപ്പോർട്ട് തയാറാക്കി എന്നുമാണ് അതിജീവിതയുടെ ആരോപണം.

പരാതിക്കരിയായ തന്നെ മാറ്റി നിർത്തി അതീവ രഹസ്യമായി നടത്തി ഈ അന്വേഷണ റിപ്പോർട്ട് റദ്ദാക്കി ഐജി റാങ്കിൽ കുറയാത്ത പൊലീസ് ഉദ്യോഗസ്‌ഥനോട് കേസ് അന്വേഷിക്കാൻ കോടതി നിർദ്ദേശിക്കണമെന്നാണ് അതിജീവിതയുടെ ആവശ്യം. ഹർജി വെള്ളിയാഴ്‌ച ഹൈക്കോടതി പരിഗണിക്കും.

spot_img

Check out our other content

Check out other tags:

Most Popular Articles