Wednesday, May 8, 2024

ടിക്കറ്റ് ചോദിച്ചതിനെത്തുടർന്നുള്ള വൈരാഗ്യം; ഇതര സംസ്ഥാന തൊഴിലാളി ടിക്കറ്റ് പരിശോധകനെ ട്രെയിനിൽനിന്നു തള്ളിയിട്ടു കൊന്നു

CRIMEടിക്കറ്റ് ചോദിച്ചതിനെത്തുടർന്നുള്ള വൈരാഗ്യം; ഇതര സംസ്ഥാന തൊഴിലാളി ടിക്കറ്റ് പരിശോധകനെ ട്രെയിനിൽനിന്നു തള്ളിയിട്ടു കൊന്നു

ടിക്കറ്റ് ചോദിച്ചതിനെത്തുടർന്നുള്ള വൈരാഗ്യത്തിൽ ഇതര സംസ്ഥാന തൊഴിലാളി ടിക്കറ്റ് പരിശോധകനെ ട്രെയിനിൽനിന്നു തള്ളിയിട്ടു കൊന്നു. എറണാകുളം സൗത്ത് ഡിപ്പോയിലെ ടിക്കറ്റ് പരിശോധകനായിരുന്ന എറണാകുളം മഞ്ഞുമ്മൽ പള്ളിക്കു സമീപം കുന്തപ്പാടം റോഡിൽ മൈത്രി നഗറിൽ കെ.വിനോദ് (48)ആണ് കൊല്ലപ്പെട്ടത്. പ്രതി ഒഡീഷ ഗഞ്ചാം ബഡഗോച്ച സ്വദേശി രജനികാന്ത രണജിത്തിനെ (42) ട്രെയിൻ പാലക്കാട് എത്തിയപ്പോൾ പൊലീസ് കസ്‌റ്റഡിയിലെടുത്തു.

എറണാകുളം – പട്‌ന എക്‌സ്പ്രസ് വൈകിട്ട് 6.45ന് തൃശൂർ ‌സ്റ്റേഷൻ വിട്ട് അധികം കഴിയും മുൻപ് മുളങ്കുന്നത്തുകാവ് സ്‌റ്റേഷനു സമീപത്താണു വിനോദിനെ തള്ളിയിട്ടത്. തൊട്ടടുത്ത ട്രാക്കിലേക്കു വീണ ഇദ്ദേഹത്തിൻ്റെ ദേഹത്തു കൂടി മറ്റൊരു ട്രെയിൻ കയറിയതിനെത്തുടർന്നാണു മരണം എന്നാണ് നിഗമനം. എസ് 11 കോച്ചിൽ ടിക്കറ്റ് പരിശോധനയ്ക്കെത്തിയ വിനോദും രജനികാന്തയും തമ്മിൽ തർക്കം ഉണ്ടായി. ടിക്കറ്റ് ഇല്ലാത്ത രജനികാന്തയോട് പാലക്കാട് എത്തുമ്പോൾ ഇറങ്ങണമെന്നു വിനോദ് നിർദേശിച്ചു. ഇതിനുശേഷം ഇദ്ദേഹം വാതിലിനു സമീപമെത്തി വെള്ളം കുടിക്കുമ്പോൾ പ്രതി തള്ളിയിടുകയായിരുന്നുവെന്നാണു മറ്റു യാത്രക്കാർ നൽകുന്ന വിവരം.

മദ്യലഹരിയിലായിരുന്ന പ്രതി തങ്ങളെയും ആക്രമിക്കാൻ ശ്രമിച്ചതിനാൽ ചങ്ങല വലിക്കാൻ കഴിഞ്ഞില്ലെന്നും യാത്രക്കാർ പറയുന്നു. പിന്നീട് സമീപകോച്ചിലെ ടിടിഇയെ ഇവർ വിവരം ധരിപ്പിച്ചതിനെത്തുടർന്ന് അദ്ദേഹം റെയിൽവേ അധികൃതരുമായി ബന്ധപ്പെട്ടാണു പ്രതിയെ പാലക്കാടുനിന്നു പിടികൂടിയത്.

എറണാകുളം പറ്റ്‌ന എക്‌സ്പ്രസിലെ കോച്ച് നമ്പർ പതിനൊന്നിൽ നിന്നാണു പ്രതി രജനി കാന്തിനെ പാലക്കാട് റെയിൽവേ പൊലീസും റെയിൽവേ സംരക്ഷണ സേനയും ചേർന്നു പുറത്തിറക്കിയത്. രാത്രി 8.22നാണ് ട്രെയിൻ സ്‌റ്റേഷനിൽ എത്തിയത്. സംഭവം അറിഞ്ഞ് ട്രെയിനിൽ കയറിയ ആർപിഎഫുകാർ കോച്ച് 11ൽ ഇയാളെ തടഞ്ഞുവച്ചിരുന്നു. ട്രെയിനിൻ്റെ തൊട്ടടുത്ത സ്‌റ്റോപ്പ് പാലക്കാടായിരുന്നു. സമീപത്തു നിൽക്കുന്ന ആർപിഎഫ് ഉദ്യോഗസ്‌ഥരോടു ടിടിയെ പിടിച്ചുതള്ളിയ കാര്യം രജനികാന്ത് പറയുന്ന വിഡിയോയും ആർപിഎഫിൻ്റെ കൈവശമുണ്ട്. ടിക്കറ്റ് ചോദിച്ചപ്പോൾ രണ്ടു കൈ കൊണ്ടും തള്ളിയെന്നാണ് ഇയാൾ പറയുന്നതെന്ന് ആർപിഎഫ് അധികൃതർ പറഞ്ഞു. പ്രതിയെ തൃശൂർ റെയിൽവേ പൊലീസിനു കൈമാറി. “ഞാൻ രണ്ടു കൈ കൊണ്ടും തള്ളി, അവൻ വീണു, എന്നെ ഒഡീഷയിലേക്കു കൊണ്ടുപോകൂ” എന്നാണ് ഇയാൾ ആവശ്യപ്പെടുന്നത്.

തൃശൂരിൽനിന്ന് 9 കിലോമീറ്റർ മാറിയാണു മുളങ്കുന്നത്തുകാവ് സ്‌റ്റേഷൻ. ഇവിടെനിന്ന് ഒന്നര കിലോമീറ്റർ കൂടി മുന്നോട്ടുപോയി മുളങ്കുന്നത്തുകാവ് ഓവർ ബ്രിജിനു സമീപത്താണു വിനോദിൻ്റെ മൃതദേഹം കിടന്നിരുന്നത്. തൊട്ടപ്പുറത്തെ ട്രാക്കിലൂടെ വന്ന ട്രെയിൻ കയറിയിരിക്കാം എന്നാണു കരുതുന്നത്. തലയിടിച്ചു ചോര വാർന്നതെന്നു കരുതുന്നിടത്തുനിന്നു മൂന്നുനാലു മീറ്റർ മാറിയാണു ശരീരത്തിന്റെ ഭാഗങ്ങൾ കടന്നിരുന്നത്.

തിരുവനന്തപുരം സ്വദേശിയായ വിനോദ് മഞ്ഞുമ്മൽ പള്ളിക്കു സമീപം പുതിയ വീട്ടിൽ താമസം തുടങ്ങിയത് കഴിഞ്ഞ 27ന് ആണ്. അമ്മ ലളിതയോടൊപ്പമായിരുന്നു താമസം. ഗൃഹപ്രവേശത്തിനു സഹപ്രവർത്തകരെയെല്ലാം ക്ഷണിച്ചിരുന്നു. മുൻപ് ഡീസൽ ലോക്കോ ഷെഡിലാണു വിനോദ് ജോലി ചെയ്‌തിരുന്നത്. ഏതാനും സിനിമകളിൽ ചെറുവേഷങ്ങൾ ചെയ്‌തിട്ടുമുണ്ട്. എസ്ആർഎംയു യൂണിയന്റെ സജീവ പ്രവർത്തകനായ വിനോദ് റെയിൽവേ ജീവനക്കാരനായിരുന്ന പിതാവ് വേണുഗോപാലൻ നായർ 2002ൽ മരിച്ചതോടെയാണു സർവീസിൽ പ്രവേശിക്കുന്നത്.

spot_img

Check out our other content

Check out other tags:

Most Popular Articles