Saturday, April 27, 2024

കർഷകർ സമരം; ‘അഞ്ചുവർഷ ഫോർമുല’ മുന്നോട്ട് വച്ച് കേന്ദ്രസർക്കാർ

TOP NEWSINDIAകർഷകർ സമരം; 'അഞ്ചുവർഷ ഫോർമുല' മുന്നോട്ട് വച്ച് കേന്ദ്രസർക്കാർ

കർഷകരുമായി ഞായറാഴ്‌ച നടന്ന നാലാംവട്ട മന്ത്രിതല ചർച്ചയിൽ ‘അഞ്ചുവർഷ ഫോർമുല’ മുന്നോട്ട് വച്ച് കേന്ദ്രസർക്കാർ. അടുത്ത അഞ്ചുവർഷത്തേക്കു കർഷകരിൽനിന്ന് പയർവർഗങ്ങൾ, പരുത്തിവിളകൾ, ചോളം എന്നിവ സർക്കാരിന്റെ സഹകരണ സംഘങ്ങൾ വഴി താങ്ങുവിലയ്ക്കു വാങ്ങാമെന്ന നിർദേശമാണ് കേന്ദ്രം മുന്നോട്ട് വച്ചതെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ പറഞ്ഞു. അതേസമയം, കർഷകർ മുന്നോട്ടുവച്ച മറ്റു ആവശ്യങ്ങളിൽ തീരുമാനം ആയിട്ടില്ല.

“നാഷനൽ കോഓപ്പറേറ്റീവ് കൺസ്യൂമേഴ്‌സ് ഫെഡറേഷൻ, നാഷനൽ അഗ്രികൾച്ചറൽ കോപ്പറേറ്റീവ് മാർക്കറ്റിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ എന്നീ കോർപറേറ്റീവ് സൊസൈറ്റികൾ അടുത്ത അഞ്ചുവർഷത്തേക്കു പയറുവർഗങ്ങൾ ഉല്‌പാദിപ്പിക്കുന്ന കർഷകരുമായി കരാറിൽ ഏർപ്പെടും” – മന്ത്രി പറഞ്ഞു. കേന്ദ്ര നിർദേശത്തിൽ ചർച്ച ചെയ്‌ത്‌ തീരുമാനമെടുക്കാൻ കർഷകനേതാക്കൾ രണ്ടുദിവസത്തെ സമയം ആവശ്യപ്പെട്ടിട്ടുണ്ട്. വിദഗ്ധരുടെ അഭിപ്രായം ആരാഞ്ഞശേഷം ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്നു കർഷക നേതാവ് സർവൺ സിങ് പവ്വർ പറഞ്ഞു. തങ്ങളുടെ മറ്റാവശ്യങ്ങൾ അടുത്ത രണ്ടു ദിവസത്തിനുള്ളിൽ പരിഹരിക്കപ്പെടുമെന്നും പസ്ഥർ പ്രത്യാശ പ്രകടിപ്പിച്ചു.

മന്ത്രിമാരായ അർജുൻ മുണ്ട, നിത്യാനന്ദ് റായ് എന്നിവർക്കൊപ്പമാണു പിയൂഷ് ഗോയൽ കർഷകരുമായി ചർച്ച നടത്തിയത്. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനും യോഗത്തിൽ പങ്കെടുത്തു. വൈകിട്ട് ആറുമണിയോടെ ചർച്ച ആരംഭിക്കുമെന്നാണ് പറഞ്ഞിരുന്നതെങ്കിലും മന്ത്രിമാർ എത്താൻ വൈകിയതിനെ തുടർന്ന് ചർച്ച ആരംഭിക്കാനും വൈകിയിരുന്നു. ചർച്ച രാത്രി ഒരു മണിവരെ തുടർന്നു.

സ്വാമിനാഥൻ കമ്മിഷൻ ശുപാർശകൾ നടപ്പിലാക്കുക, കടം എഴുതിത്തള്ളുക, കർഷകർക്കും കർഷക തൊഴിലാളികൾക്കും പെൻഷൻ, കർഷക പ്രക്ഷോഭത്തിൽ പങ്കെടുത്തവർക്കെതിരായ കേസുകൾ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് കഴിഞ്ഞ ചൊവ്വാഴ്‌ച കർഷകർ സമരം ആരംഭിച്ചത്.

spot_img

Check out our other content

Check out other tags:

Most Popular Articles