അടുത്ത കാലത്തായി സോഷ്യൽ മീഡിയയെ ഒന്നടങ്കം പിടിച്ചുകുലുക്കിക്കൊണ്ടിരിക്കുന്ന സംഭവമാണ് നടിമാരുടെ ഡീപ്ഫെയ്ക്ക് വീഡിയോ. നടി രശ്‌മിക മന്ദാനയാണ് ഡീപ്ഫെയ്ക്കിന്റെ ഇരയായ സെലിബ്രിറ്റികളിലൊരാൾ. നടൻ അമിതാഭ് ബച്ചനടക്കം നിരവധി പേരാണ് രശ്മികയ്ക്ക് പിന്തുണയർപ്പിച്ച് രംഗത്തെത്തുകയും ഇത്തരം വീഡിയോകൾ നിർമിച്ച് പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമനടപടിയാവശ്യപ്പെടുകയും ചെയ്തത്.

ഇപ്പോൾ വിവാദവുമായി ബന്ധപ്പെട്ട് തുറന്നുസംസാരിച്ചിരിക്കുകയാണ് രശ്മിക മന്ദാന. ഡീപ് ഫെയ്ക്ക് പോലുള്ള സമൂഹ്യവിപത്തുകൾക്കെതിരേ നിരന്തം സംസാരിക്കേണ്ടത് അനിവാര്യമാണെന്നും പെൺകുട്ടികളുടെ അവസ്ഥയെക്കുറിച്ച് ഭയം തോന്നുന്നുവെന്നും രശ്‌മി ഈയിടെ നൽകിയ ഒരു അഭിമുഖത്തിൽ പറഞ്ഞു.

“ഇത്തരം സംഭവങ്ങൾ തുടർച്ചയായി ആവർത്തിക്കുകയാണ്. അതുകൊണ്ടു തന്നെയാണ് നിരന്തരം സംസാരിക്കേണ്ടി വരുന്നത്. ഞാൻ കോളേജിൽ പഠിക്കുമ്പോഴാണ് ഇത് സംഭവിക്കുന്നതെങ്കിൽ എനിക്ക് ഇത്രയും പിന്തുണ ലഭിക്കില്ലായിരുന്നു. കോളേജിൽ പഠിക്കുന്ന ഒരു സാധാരണ പെൺകുട്ടിയെക്കുറിച്ചോർത്തു നോക്കൂ. എനിക്കവരെയോർത്ത് ഭയം തോന്നുന്നു. ഇത്തരം സംഭവങ്ങൾ നൽകുന്ന മാനസികാഘാതമുണ്ട്. അതിനെ അതിജീവിക്കുക എളുപ്പമല്ല. “

ഫിറ്റഡ് ഔട്ട്ഫിറ്റ് ധരിച്ച് ലിഫ്റ്റിലേക്ക് ഓടിക്കയറുന്ന രശ്‌മികയുടെ വീഡിയോ എന്ന രീതിയിലാണ് ദൃശ്യം പ്രചരിച്ചത്. രശ്‌മിക മന്ദാനയുടെ ഡീഫേക്ക് വീഡിയോ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ 2023 നവംബർ പത്താംതീയതി ഡൽഹി പോലീസ് കേസെടുത്തു. തുടർന്ന് ഈ വർഷം ജനുവരി മാസത്തിൽ ഡൽഹിയിൽ വച്ച് ബിടെക് ബിരുദധാരി അറസ്റ്റിലാവുകയും ചെയ്തു. ആന്ധ്രപ്രദേശിലെ ഗുണ്ടൂർ ജില്ലയിലെ ഇരുപത്തിനാലുകാരനായ ഈമണി നവീനാണ് പോലീസ് പിടിയിലായത്.

രശ്മികയുടെ വീഡിയോ പുറത്ത് വന്നതിന് പിന്നാലെ നടിമാരായ കജോളിന്റെയും കത്രീന കൈഫിന്റെയും ആലിയാ ഭട്ടിന്റെയും വ്യാജ വീഡിയോകൾ പ്രചരിച്ചു. കജോൾ വസ്ത്രം മാറുന്നു എന്ന രീതിയിലുള്ള തലക്കെട്ടുകളോടെയാണ് ഒരേ വീഡിയോ വിവിധ സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമുകളിൽ പ്രചരിച്ചത്. കത്രീന അഭിനയിച്ച ടൈഗർ 3 എന്ന സിനിമയിലെ ഒരു സംഘട്ടന രംഗം ഡീപ് ഫേക്ക് ഉപയോഗിച്ച് മോശമാക്കിയാണ് പ്രചരിപ്പിച്ചത്. സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറായ ഒരു യുവതിയുടെ വീഡിയോ എഡിറ്റ് ചെയ്താണ് ആലിയയുടേതാണെന്ന വ്യാജേന പോസ്റ്റ് ചെയ്തത്.


