ഐഫോണുകളുടെ സുരക്ഷ വർധിപ്പിക്കാൻ ഐഒഎസ് 17.3 അപ്ഡേറ്റിൽ ‘സ്റ്റോളൻ ഡിവൈസ് പ്രൊട്ടക്ഷൻ ഫോർ ഐഫോൺ’ എന്ന പുതിയ ഫീച്ചർ അവതരിപ്പിച്ചിരിക്കുകയാണ് ആപ്പിൾ. വീട്, ജോലിസ്ഥലം പോലുള്ള പരിചിത സ്ഥലങ്ങൾ അല്ലാത്ത ഇടങ്ങളിൽ നിന്ന് ഐഫോൺ ഉപയോഗിക്കുമ്പോൾ ഉപഭോക്താക്കളുടെ അക്കൗണ്ടുകളും വ്യക്തിവിവരങ്ങളും സംരക്ഷിക്കാൻ ലക്ഷ്യമിട്ടാണ് ഈ ഫീച്ചർ അവതരിപ്പിച്ചിരിക്കുന്നത്.

ഫോണിന്റെ ഉടമ സാധാരണ ചിലവിടുന്ന പ്രദേശങ്ങൾക്ക് പുറത്തേക്ക് ഫോൺ എത്തുമ്പോഴോ, അസ്വാഭാവികമായ രീതിയിൽ ഫോൺ ഉപയോഗിക്കപ്പെടുമ്പോഴോ സ്റ്റോളൻ ഡിവൈസ് പ്രൊട്ടക്ഷൻ ഫീച്ചർ സുരക്ഷ ശക്തമാക്കും. ഇതുവഴി, ഒരു മോഷ്ടാവ് ഫോണും ഫോണിൻ്റെ പാസ് വേഡും കൈക്കലാക്കിയാൽ പോലും ഫോൺ ഉപയോഗിക്കാനാകാതെ വരും. ആപ്പിൾ ഐഡി പാസ്വേഡ് മാറ്റുന്നത് പോലുള്ള പ്രവർത്തനങ്ങൾക്ക് ഒരു മണിക്കൂർ നീണ്ട കാത്തിരിപ്പും ഒരു സെക്കൻഡറി ഫേസ് ഐഡി നിർബന്ധമാക്കുന്ന സെക്യൂരിറ്റി ഡിലേ പ്രോട്ടോക്കോളും അവതരിപ്പിച്ചിട്ടുണ്ട്.

ഫോൺ മോഷ്ടിക്കപ്പെടുമ്പോൾ, സെക്യൂരിറ്റി ഡിലേ സംവിധാനം മോഷ്ടാവിന് ഒരു തടസമായി നിൽക്കും. അനധികൃതമായി ഫോണിൽ പാസ് വേഡ് മാറ്റുന്നത് പോലുള്ള പ്രവൃത്തികൾ നിശ്ചിത നേരത്തേക്ക് തടയും. ഈ സമയം ഫോണിന്റെ ഉടമയ്ക്ക് ഫോൺ മോഷ്ടിക്കപ്പെട്ടതായി മാർക്ക് ചെയ്യാനും ആപ്പിൾ അക്കൗണ്ട് സുരക്ഷിതമാക്കാനും ഉപയോഗിക്കാം. സ്റ്റോളൻ ഡിവൈസ് പ്രൊട്ടക്ഷൻ ആക്ടിവേറ്റ് ചെയ്താൽ, വീട്, ജോലിസ്ഥലം, മറ്റ് പതിവ് ഉപയോഗ മേഖലകൾ എന്നിവയുൾപ്പെടെ പരിചിതമായ സ്ഥലങ്ങളിൽ ഉപഭോക്താവിന് തന്റെ പാസ് കോഡ് ഉപയോഗിച്ച് ലോഗിൻ ചെയ്യാനാവും. എന്നാൽ ഈ സ്ഥലങ്ങൾക്ക് പുറത്തുപോവുമ്പോൾ ഫീച്ചർ പ്രവർത്തിച്ചുതുടങ്ങും.

ഐഒഎസ് 17.3 അപ്ഡേറ്റ് ചെയ്തതിന് ശേഷം, സെറ്റിങ്സിൽ ഫേസ് ഐഡി, പാസ്കോഡ് ഓപ്ഷൻ തിരഞ്ഞെടുത്ത് താഴേക്ക് സ്ക്രോൾ ചെയ്താൽ സ്റ്റോളൻ ഡിവൈസ് പ്രൊട്ടക്ഷൻ ഓപ്ഷൻ കാണാം. ഡിവൈസ് പാസ്കോഡ് നൽകി ഫീച്ചർ ആക്ടിവേറ്റും ഡീആക്ടിവേറ്റും ചെയ്യാം. രിചിതമല്ലാത്ത സ്ഥലത്ത് വെച്ച് ഈ ഫീച്ചർ ഓഫ് ചെയ്യാൻ ശ്രമിച്ചാൽ സെക്യൂരിറ്റി ഡിലേ പ്രവർത്തിക്കും. ഐഫോൺ വിൽക്കുന്നതിനും എക്സ്ചേഞ്ച് ചെയ്യുന്നതിനും മുമ്പ് ഫീച്ചർ ഡീആക്റ്റിവേറ്റ് ചെയ്തിരിക്കണം. അല്ലാത്തപക്ഷം മറ്റാർക്കും ആ ഫോൺ ഉപയോഗിക്കാനാവില്ല. ഉടമയ്ക്കല്ലാതെ അതിന് സാധിക്കുകയുമില്ല.

സ്റ്റോളൻ പ്രൊട്ടക്ഷൻ ആക്ടിവേറ്റ് ചെയ്താൽ ഫോണിൽ ശേഖരിച്ചുവെച്ച പാസ് വേഡുകൾ ഉപയോഗിക്കുക, ലോസ്റ്റ് മോഡ് ഓഫ് ചെയ്യുക, ഉള്ളടക്കങ്ങൾ നീക്കം ചെയ്യുക, പുതിയ ആപ്പിൾ കാർഡിന് അപേക്ഷിക്കുക പോലുള്ള കാര്യങ്ങൾക്ക് ഫേസ് ഐഡി, ടച്ച് ഐഡി ഉൾപ്പടെയുള്ള സുരക്ഷാ സംവിധാനങ്ങൾ മറികടക്കണം. ആപ്പിൾ ഐഡി പാസ് വേഡ് മാറ്റുക, സൈൻ ഔട്ട് ചെയ്യുക, സുരക്ഷാ സെറ്റിങ്സ് മാറ്റുക തുടങ്ങിയവയ്ക്ക് ശ്രമിക്കുമ്പോൾ സെക്യൂരിറ്റി ഡിലേ ഫീച്ചറും പ്രവർത്തിക്കും.


