
മെയ് ഒന്നു മുതൽ സ്വകാര്യ ബസ് സർവീസുകൾ നിർത്തിവെക്കാൻ ബസുടമകളുടെ തീരുമാനം. സംസ്ഥാനത്തെ ഭൂരിപക്ഷം പഞ്ചായത്തുകളും, മുൻസിപ്പൽ, കോർപറേഷൻ വാർഡുകളും കണ്ടയ്‌മെന്റ് സോണുകളാക്കി മാറ്റിയതോടെ സ്വകാര്യബസുകളിൽ യാത്രക്കാർ വലിയ തോതിൽ കുറഞ്ഞതായി ബസുടമകൾ പറയുന്നു.നിലവിൽ ബസുകൾക്ക് ലഭിക്കുന്ന വരുമാനം ദിവസചിലവിനു പോലും തികയാത്ത സാഹചര്യത്തിലാണ് മെയ് 1 മുതൽ സംസ്ഥാനത്തെ സ്വകാര്യ ബസുകൾ സർവ്വീസുകൾ നിർത്തി വെയ്ക്കുന്നത്. ഇതിനായി വാഹന നികുതി ഒഴിവാക്കി കിട്ടുവാനുള്ള അപേക്ഷയായ ജി ഫോം നൽകിയാവും സർവ്വീസുകൾ നിർത്തുക.ഇതിന് പുറമെ ഏപ്രിൽ, മെയ്, ജൂൺ മാസങ്ങളിലെ ക്വാർട്ടർ നികുതി ഒഴിവാക്കി കിട്ടുന്നതിന് വേണ്ടി സർക്കാരിലേക്ക് അപേക്ഷ നൽകിയിട്ടുണ്ട് എങ്കിലും സർക്കാരിന്റെ ഭാഗത്തു നിന്നും യാതൊരു തീരുമാനവും ഇല്ലാത്തത്തിനാലാണ് ബസുകൾ നിർത്തിവെക്കേണ്ടി വരുന്നത് എന്നും ഉടമകൾ പറയുന്നു.



