സംസ്ഥാനത്ത് 18 വയസിനും 45 വയസിനും ഇടയില്‍ പ്രായമുള്ളവര്‍ക്ക് കോവിഡ് വാക്സിന് സൗജന്യമായി നല്‍കും. ഇത് സംബന്ധിച്ചുള്ള ഉത്തരവ് ആരോഗ്യ വകുപ്പ് പുറത്തിറക്കി. പുതിയ ഉത്തരവോടെ സംസ്ഥാനത്ത് വാക്സിന് എല്ലാവര്ക്കും സൗജന്യമായി ലഭിക്കും. മെയ് ഒന്നു മുതലാണ് 18 വയസിനു മുകളിലുള്ളവര്‍ക്ക് വാക്സിനേഷന് ആരംഭിക്കുന്നത്. ബുധനാഴ്ച മുതല്‍ വാക്സിനേഷന് രജസ്ട്രേഷന്‍ ആരംഭിച്ചിരുന്നു.സംസ്ഥാനത്ത് എല്ലാവര്ക്കും കോവിഡ് വാക്സിന് സൗജന്യമായി ലഭ്യമാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. 18 വയസിനു മുകളിലുള്ളവര്‍ക്ക് രണ്ടു ഡോസ് വാക്സിനും സൗജന്യമായി നല്കാന് മന്ത്രിസഭ യോഗം തീരുമാനിച്ചു. അതേസമയം കേരളം ഒരു കോടി ഡോസ് വാക്സിന് വില കൊടുത്ത് വാങ്ങാന്‍ തീരുമാനിച്ചു.സംസ്ഥാനങ്ങള്‍ക്ക് നല്കാന് നിശ്ചയിച്ചിരുന്ന കോവാക്സിന്റെ വില 600 രൂപയില്‍ നിന്ന് 400 രൂപയായി കുറച്ചു. എന്നാല്‍ സ്വകാര്യ ആശുപത്രികള്‍ക്ക് വാക്സിന് നല്‍കുക 1200 രൂപയായി തുടരും. ഭാരത് ബയോടെക്- ഐസിഎംആര്‍ സഹകരണത്തോടെ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത കോവിഡ് പ്രതിരോധ വാക്സിനാണ് കോവാക്സിന്.കഴിഞ്ഞ ദിവസം സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ കോവിഷീല്‍ഡ് വാക്സിന് വില കുറച്ചിരുന്നു. സംസ്ഥാനങ്ങള്‍ക്ക് വാക്സിന് നല്കാന് നിശ്ചയിച്ചിരുന്ന 400 രൂപയില്‍ നിന്ന് 300 രൂപയായി സെറം ഇന്‍സ്റ്റിറ്റ്യൂട്ട് കുറച്ചത്. ‘സംസ്ഥാനങ്ങള്‍ വിതരണം നിശ്ചയിച്ചിരുന്ന കോവിഷീല്‍ഡ് വാക്സിന്റെ വിലയില്‍ 25 ശതമാനം കുറച്ചു. 400 രൂപയില്‍ നിന്ന് 300 രൂപയായി കുറച്ചുകൊണ്ട് വാക്സിന്റെ പുതിയ വില പ്രാബല്യത്തില്‍ വരും’ അദാര്‍ പൂനെവാല അറിയിച്ചു.

വാക്സിന്റെ വില കുറയ്ക്കുന്നതിലൂടെ സംസ്ഥാനങ്ങളില്‍ കൂടുതല്‍ ഫണ്ട് നഷ്ടപ്പെടാതെയിരിക്കുകയും കൂടുതല്‍ വാക്സിനേഷന് നടക്കാനും സഹായിക്കുമെന്ന് അദ്ദേഗം പറഞ്ഞു. അതേസമയം വാക്സിന് നിര്‍മ്മാതക്കളായ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, ഭാരത് ബയോടെക് എന്നിവരോട് വാക്സിന്റെ വില കുറയ്ക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടതായി ഔദ്യോഗിക വൃത്തങ്ങളെ ഉദ്ദരിച്ചുകൊണ്ട് വാര്‍ത്ത ഏജന്‍സി പിടിഐ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കേന്ദ്രത്തിന്റെ പുതിയ വാക്സിന് നയത്തിന് കീഴില്‍ മെയ് ഒന്നു മുതല്‍ 18 വയസിനു മുകളിലുള്ളവര്‍ക്ക് വാക്സിനേഷന് ആരംഭിക്കുന്നതിന് മുന്നോടിയായിരുന്നു ഈ നീക്കം.



