ലോ എർത്ത് ഓർബിറ്റിലേക്ക് 21 സ്റ്റാർലിങ്ക് ഉപഗ്രഹങ്ങൾ വിക്ഷേപിച്ച് സ്പേസ് എക്സ്. കാലിഫോർണിയയിലെ വാൻഡെൻബെർ സ്പേസ് ഫോഴ്സ് ബേസിലെ സ്പേസ് ലോഞ്ച് കോംപ്ലക്സ് 4 ഈസ്റ്റിൽ നിന്നായിരുന്നു വിക്ഷേപണം. സ്റ്റാർലിങ്ക് ടെർമിനലുകളില്ലാതെ മൊബൈൽ ഫോണുകളിൽ ഉപഗ്രഹ ഇന്റർനെറ്റ് എത്തിക്കുന്നതിനുള്ള ആദ്യ ആറ് ഉപഗ്രഹങ്ങളും ഇക്കൂട്ടത്തിലുണ്ട്.

ഡയറക്ട് ടു സെൽ സ്റ്റാർലിങ്ക് ഉപഗ്രഹങ്ങൾ എന്ന് വിളിക്കുന്ന ഈ ഉപഗ്രഹങ്ങൾ ബഹിരാകാശത്ത് നിന്നുള്ള മൊബൈൽ ടവറുകളെ പോലെയാണ് പ്രവർത്തിക്കുക. ഭൂമിയിൽ എവിടെ നിന്നും ഫോണുകളിൽ കണക്ടിവിറ്റി ലഭിക്കാൻ ഇത് സൗകര്യമൊരുക്കും. സാധാരണ ടെലികോം കമ്പനികൾ ആഗോള റോമിങ് സേവനങ്ങൾ നൽകുന്നത് പോലെയാണ് സ്റ്റാർലിങ്ക് ഡയറക്ട് ടു സെൽ സേവനം നൽകുക. മൊബൈൽ ഫോൺ ഉപഭോക്താക്കൾക്ക് നേരിട്ട് സ്റ്റാർലിങ്കിന്റെ സൗകര്യം പ്രയോജനപ്പെടുത്താനുമാവും.
യുഎസിലെ ടിമൊബൈൽ, കാനഡയിലെ റോജേഴ്സ്, ജപ്പാനിലെ കെഡിഡിഐ, ഓസ്ട്രേലിയ ഓപ്റ്റസ്, ന്യൂസിലാൻഡിലെ വൺ എൻസീ, സ്വിറ്റസർലണ്ടിലെ സാൾട്ട്, ചിലിയിലും പെറുവിലുമുള്ള എൻ്റെൽ തുടങ്ങിയവരെല്ലാം നേരത്തെ തന്നെ ഡയറക്ടട് ടു സെൽ സംവിധാനങ്ങൾ ഉപയോഗിക്കുന്നവരാണ്.

സ്റ്റാർലിങ്കിന്റെ ഉപഗ്രഹ ഇൻ്റർനെറ്റ് സേവനങ്ങൾക്ക് ഇതിനകം വലിയ സ്വീകാര്യത നേടാനായിട്ടുണ്ട്. നിലവിൽ 5000 സജീവ ഉപഗ്രഹങ്ങൾ സ്റ്റാർലിങ്കിനുണ്ട്. ബുധനാഴ്ച നടത്തിയതിന് സമാനമായ വിക്ഷേപണങ്ങളിലൂടെ ഉപഗ്രഹങ്ങളുടെ എണ്ണം വർധിപ്പിച്ചുകൊണ്ടിരിക്കുകയാണ് കമ്പനി. ഡയറക്ട് ടു സെൽ സൗകര്യമുള്ള കൂടുതൽ ഉപഗ്രഹങ്ങൾ ഭാവിയിൽ കമ്പനി വിക്ഷേപിച്ചേക്കും. ഇതുവഴി ലോകത്തെ ഏറ്റവും വലിയ ഉപഗ്രഹ ഇൻർനെറ്റ് സേവനദാതാവായി സ്റ്റാർലിങ്ക് താമസിയാതെ മാറും.


