നടി രശ്‌മിക മന്ദാനയുടെ ഡീപ് ഫേക്ക് വീഡിയോ നിർമിച്ച കേസിൽ പ്രതി ഈമാനി നവീൻ (24) കുറ്റം സമ്മതിച്ചു. ഡൽഹി പോലീസ് ശനിയാഴ്ച ആന്ധ്രാപ്രദേശിൽനിന്നാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്. ഇൻസ്റ്റഗ്രാമിലെ ഫോളോവേഴ്‌സിൻ്റെ എണ്ണം വർധിപ്പിക്കാനായാണ് വീഡിയോ നിർമിച്ചതെന്ന് നവീൻ പോലീസിനോട് പറഞ്ഞു. പ്രതിയുമായി പോലീസ് സംഘം ഡൽഹിയിലേക്ക് തിരിച്ചു.

രശ്മികയുടെ ഡീപ് ഫേക്ക് വീഡിയോയുമായി ബന്ധപ്പെട്ട അഞ്ഞൂറിലേറെ സാമൂഹികമാധ്യമ അക്കൗണ്ടുകൾ പരിശോധിച്ചാണ് പോലീസ് നവീനിലേക്ക് എത്തിയത്. ഡിജിറ്റൽ മാർക്കറ്റിങ് രംഗത്ത് പ്രവർത്തിക്കുന്നയാളാണ് നവീൻ. കഴിഞ്ഞ നവംബറിലാണ് ബ്രിട്ടീഷ്-ഇന്ത്യൻ സോഷ്യൽ മീഡിയാ ഇൻഫ്ളുവൻസർ സാറാ പട്ടേലിന്റെറെ വീഡിയോയിൽ എ.ഐ. സാങ്കേതികവിദ്യ ഉപയോഗിച്ച് രശ്മികയുടെ മുഖം മോർഫ് ചെയ്ത‌് ഉണ്ടാക്കിയ ഡീപ്പ് ഫേക്ക് വീഡിയോ പ്രചരിച്ചത്.

താൻ രശ്മിക മന്ദാനയുടെ കടുത്ത ആരാധകനാണെന്നും സോഷ്യൽ മീഡിയയിൽ രശ്‌മികയുടെ പേരിൽ ഫാൻ പേജ് നടത്തുന്നുണ്ടെന്നും നവീൻ പോലീസിനോട് പറഞ്ഞു. ഈ പേജിലാണ് ഡീപ് ഫേക്ക് വീഡിയോ ആദ്യമായി പോസ്റ്റ് ചെയ്തത്. പോസ്റ്റ് ചെയ്‌ത് മിനിറ്റുകൾ കൊണ്ട് വീഡിയോ വൈറലായെന്നും ഫോളോവേഴ്‌സിൻ്റെ എണ്ണം കുതിച്ചുകയറിയെന്നും നവീൻ പോലീസിനോട് പറഞ്ഞു.

എന്നാൽ കാര്യങ്ങൾ കൈവിട്ടുപോകുമെന്ന് തോന്നിയ ഉടൻ നവീൻ വീഡിയോ നീക്കം ചെയ്യുകയും ഇൻസ്റ്റഗ്രാം ചാനലിൻ്റെ പേര് മാറ്റുകയും ചെയ. കൂടാതെ സ്മാർട്ട്ഫോൺ ഉൾപ്പെടെയുള്ള തൻ്റെ ഡിജിറ്റൽ ഉപകരണങ്ങളിൽനിന്ന് നവീൻ, വീഡിയോയും അനുബന്ധ ഫയലുകളും ഡിലീറ്റ് ചെയ്യുകയും ചെയ്‌തിരുന്നു.

കഴിഞ്ഞ നവംബറിലാണ് രശ്‌മികയുടെ ഡീപ് ഫേക്ക് വീഡിയോ ഇന്റർനെറ്റിൽ വ്യാപകമായി പ്രചരിച്ചത്. ഫിറ്റഡ് ഔട്ട്ഫിറ്റ് ധരിച്ച് ലിഫ്റ്റിലേക്ക് ഓടിക്കയറുന്ന രശ്മികയുടെ വീഡിയോ എന്ന രീതിയിലാണ് ദൃശ്യം പ്രചരിച്ചത്. എ.ഐ. അധിഷ്‌ഠിതമായ ഡീപ് ഫേക്ക് സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമിച്ച മോർഫ്ഡ് വീഡിയോ ആയിരുന്നു പ്രചരിച്ചതെന്ന് അന്ന് തന്നെ വ്യക്തമായിരുന്നു.
രശ്മികയുടെ വീഡിയോ പ്രചരിച്ചതോടെയാണ് ഇന്ത്യയിൽ ഡീപ് ഫേക്ക് വലിയ ചർച്ചയായത്. രശ്‌മികയ്ക്ക് പിന്തുണയറിയിച്ചും ഡീപ് ഫേക്ക് വീഡിയോയിൽ നടപടി ആവശ്യപ്പെട്ടും ബോളിവുഡ് താരം അമിതാഭ് ബച്ചൻ ഉൾപ്പെടെ നിരവധി പേർ അന്ന് രംഗത്തെത്തിയിരുന്നു. ഡീപ്പ് ഫേക്കിനെ കുറിച്ച് കേന്ദ്ര ഐ.ടി. മന്ത്രി രാജീവ് ചന്ദ്രശേഖർ അന്ന് സോഷ്യൽ മീഡിയാ കമ്പനികൾക്ക് മുന്നറിയിപ്പും നൽകിയിരുന്നു.
വീഡിയോ പ്രചരിച്ചതിന് പിന്നാലെ ഡൽഹി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 465, 469, ഐ.ടി. നിയമത്തിലെ 66 (സി), 66 (ഇ) എന്നീ വകുപ്പുകൾ പ്രകാരമാണ് ഡൽഹി പോലീസ് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്‌തത്. വീഡിയോ പങ്കുവെച്ചവർ ഉൾപ്പെടെ നിരവധി പേരെ കേസുമായി ബന്ധപ്പെട്ട് പോലീസ് ചോദ്യം ചെയ്‌തിരുന്നു.


