സമൂഹമാധ്യമങ്ങളിലെ ചർച്ചാ വിഷയമാണ് എക്‌സ് തലവൻ എലോൺ മസ്‌കിൻ്റെ പരാമർശങ്ങൾ. ചില്ലറ വിവാദമൊന്നുമല്ല മസ്‌ക് ഉണ്ടാക്കാറുള്ളത്. ഇപ്പോഴിതാ, മസ്‌കിൻ്റെ മേൽനോട്ടത്തിലുള്ള ഗ്രോക്കിനെ കുറിച്ചുള്ള പരാമർശമാണ് സോഷ്യൽമീഡിയകളിൽ ചർച്ചയായിരിക്കുന്നത്.

ഗ്രോക്കിന് അൽപ്പം ഇടതു രാഷ്ട്രീയ ചായ്‌വുണ്ടെന്ന റിസർച്ച് ശാസ്ത്രജ്ഞനായ ഡേവിഡ് റൊസാഡോയുടെ ആരോപണവും പിന്നാലെയുണ്ടായ മസ്‌കിൻ്റെ പുതിയ നിർദേശവുമാണ് ചർച്ചയായിരിക്കുന്നത്. ഗ്രോക്ക് നൽകുന്ന ഉത്തരങ്ങളിൽ കൂടുതൽ ഇടതുപക്ഷ ചിന്താഗതി പ്രതിഫലിക്കുന്നുണ്ടെന്നാണ് ആരോപണം. ചാറ്റ്ജിപിടിയെയും ഗ്രോക്കിനെയും താരതമ്യം ചെയ്‌തു പഠിച്ച റിപ്പോർട്ടിലാണ് ഡേവിഡ് റൊസാഡോ ഇക്കാര്യം പറയുന്നത്. തന്റെ പഠനവേളയിൽ ഗ്രോക്ക് നൽകിയ പല ഉത്തരങ്ങളിലും മാർക്‌സിസത്തിൻ്റെ സ്വാധീനമുണ്ടെന്ന് ഡേവിഡ് പറയുന്നു.
ഗവേഷകൻ നൽകിയ പൊളിറ്റിക്കൽ സ്പെക്ട്രം ക്വിസിനാണ് ഗ്രോക്ക് അത്തരത്തിൽ മറുപടി നൽകിയത്. റിപ്പോർട്ട് പ്രസിദ്ധികരിച്ച് മിനിറ്റുകൾക്കുള്ളിൽ ഗ്രോക്കിന് വേണ്ടി പ്രവർത്തിക്കുന്ന ഒരാൾ തന്നെ ബന്ധപ്പെട്ടതായും ഡേവിഡ് പറയുന്നു. രാഷ്ട്രീയ പക്ഷപാതം ഇല്ലാത്ത രീതിയിലായിരിക്കണം ഇനി ഗ്രോക്കിൻ്റെ ഉത്തരങ്ങൾ എന്നാണ് മസ്കിന്റെ പുതിയ നിർദേശമെന്നാണ് സൂചന.

നിലവിൽ ഇന്ത്യയുൾപ്പെടെ 46 രാജ്യങ്ങളിൽ ഗ്രോക്ക് ലഭ്യമായി തുടങ്ങിയിട്ടുണ്ട്. എക്‌സ് പ്രീമിയമുള്ളവർക്കാണ് ഗ്രോക്ക് ലഭ്യമാകുക. എഐ അധിഷ്‌ഠിത സെർച്ച് സംവിധാനമായ ചാറ്റ്ജിപിടിയുടെ വിജയത്തിന് പിന്നാലെ നിരവധി സേവനങ്ങൾ ഇത്തരത്തിൽ ആരംഭിച്ചിരുന്നു. അതിലൊന്നാണ് എലോൺ മസ്‌കിൻ്റെ എക്‌സ്‌എഐ (xAI) Slo പുറത്തിറക്കിയ ഗ്രോക്ക്. ചോദ്യങ്ങൾ എത്ര കട്ടിയുള്ളതായാലും ഉത്തരം ഗ്രോക്ക് നൽകും. ചോദ്യം ചോദിക്കാൻ അറിയില്ലെങ്കിൽ ചോദിക്കേണ്ട ചോദ്യമെന്താണെന്ന നിർദേശം വരെ ഗ്രോക്ക് തരും. ഉത്തരങ്ങളിൽ തമാശയുമുൾപ്പെടുത്താമെന്നതും ശ്രദ്ധേയമാണ്.


