അഭയകേന്ദ്രത്തിൽ ഭിന്നശേഷികുട്ടിയെ കെട്ടിയിട്ട സംഭവത്തിൽ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. റിപ്പോർട്ട് ലഭിച്ചശേഷം തുടർനടപടിയെടുക്കുമെന്ന് ബാലാവകാശ കമ്മീഷൻ അറിയിച്ചു. നെയ്യാറ്റിൻകര ശ്രീകാരുണ്യമിഷൻ ചാരിറ്റബിൾ സൊസൈറ്റിയിലാണ് അനാഥനായ ഭിന്നശേഷി കുട്ടിയെ കെട്ടിയിട്ടത്. കുട്ടി നിലവിൽ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്.
കുട്ടി രക്ഷപ്പെടാതിരിക്കാൻ കെട്ടിയിട്ടുവെന്ന് അധികൃതർ വിശദീകരണം. തുടർച്ചയായി കെട്ടിയിട്ടതിനെ തുടർന്ന് കുട്ടിയുടെ കയ്യിൽ പരുക്കുകളുണ്ട്. സംഭവത്തിൽ സി ഡബ്ല്യുസി ചെയർമാൻ റിപ്പോർട്ട് തേടി. നാലുമാസം മുൻപ് തിരു വനന്തപുരെ റെയിൽവേ സ്റ്റേഷനിൽ നിന്ന് സിഡബ്ല്യുസിയാണ് കുട്ടിയെ ഏറ്റെടുക്കുന്നത്. കുട്ടിക്ക് സംസാരശേഷിയോ കേൾവി ശക്തിയോ ഇല്ല. പിന്നീട് ഭിന്നശേഷിക്കാർക്ക് കൂടുതൽ സംവിധാനങ്ങളുള്ള ശ്രീ കാരുണ്യ ചാരിറ്റബിൾ സൊസൈറ്റിയിലേക്ക് കുട്ടിയെ മാറ്റി താമസിപ്പിച്ചു. തുടർന്ന് സിഡ്ബ്ല്യുസിക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കെട്ടിയിട്ട വിവരം പുറത്തറിയുന്നത്.


