Sunday, May 5, 2024

വിപിഎഫ് പൂർണമായി നിർത്തലാക്കും; തർക്കം ഒത്തുതീർന്നു, പിവിആർ തിയറ്ററുകളിൽ മലയാള സിനിമകൾ പ്രദർശിപ്പിച്ചു തുടങ്ങി

TOP NEWSKERALAവിപിഎഫ് പൂർണമായി നിർത്തലാക്കും; തർക്കം ഒത്തുതീർന്നു, പിവിആർ തിയറ്ററുകളിൽ മലയാള സിനിമകൾ പ്രദർശിപ്പിച്ചു തുടങ്ങി

പിവിആർ തിയറ്ററുകളിൽ മലയാള സിനിമ പ്രദർശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനുമായി നിലനിന്ന തർക്കം ഒത്തുതീർന്നു. ഇരുകൂട്ടരും കഴിഞ്ഞ രണ്ടു ദിവസമായി തുടരുന്ന ചർച്ചകൾക്കൊടുവിലാണ് തർക്കം തീർന്നതായി പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ വ്യക്‌തമാക്കിയത്. തർക്കത്തിന് പ്രധാന കാരണമായ വിർച്വൽ പ്രിൻ്റ് ഫീ (വിപിഎഫ്) 2025 ജനുവരി മാസം മുതൽ പൂർണമായി നിർത്തലാക്കുമെന്നും നിർമാതാക്കളുടെ സംഘടന അറിയിച്ചിട്ടുണ്ട്. തിയറ്ററിൽ സിനിമയുടെ കണ്ടന്റ് നൽകുന്നതിന് ഒരു നിർമാതാവിന്/വിതരണക്കാരന് ചെലവാകുന്ന തുകയാണ് വിർച്വൽ പ്രിന്റ് ഫീ.

തർക്കം അവസാനിച്ചതിനാൽ പിവിആർ കൊച്ചിയിലെ ഫോറം മാളിൽ ഈയിടെ ആരംഭിച്ച തിയറ്ററുകളിലും കോഴിക്കോട്ടെ ആർപി മാളിലും മലയാള സിനിമകൾ പ്രദർശിപ്പിച്ചു തുടങ്ങി. വിപിഎഫ് ഇനത്തിൽ സിനിമ നിർമാതാക്കൾ വലിയ തുക തിയറ്ററുകൾക്ക് നൽകുന്നതുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ തർക്കം നിലനിന്നിരുന്നു. ഇത് പിൻവലിക്കണമെന്നായിരുന്നു നിർമാതാക്കളുടെ ആവശ്യം. ഇക്കാര്യത്തിൽ ചർച്ചകൾ നടന്നുകൊണ്ടിരിക്കെ കൊച്ചിയിലേയും കോഴിക്കോട്ടെയും മാളുകളിൽ പുതുതായി തുറന്ന തിയറ്ററുകളിൽ നിർമാതാക്കളുടെ സംഘടന ആരംഭിച്ച കണ്ടൻ്റ് മാസ്‌റ്ററിങ് സംവിധാനം (പ്രൊഡ്യൂസേഴ്‌സ് ഡിജിറ്റൽ സിനിമ) ഉപയോഗിച്ച് സിനിമകൾ പ്രദർശിപ്പിക്കില്ല എന്ന നിലപാട് പിവിആർ സ്വീകരിച്ചു. ഇതിനു തൊട്ടു പിന്നാലെ രാജ്യം മുഴുവനുമുള്ള തങ്ങളുടെ തിയറ്റുകളിൽ പിവിആർ മലയാള സിനിമകളുടെ പ്രദർശനവും നിർത്തിവച്ചു.

ആടുജീവിതം നിറഞ്ഞ സദസ്സിൽ പ്രദർശിപ്പിക്കുമ്പോഴായിരുന്നു ഈ തീരുമാനം. ആവേശം, വർഷങ്ങൾക്ക് ശേഷം എന്നീ സിനിമകൾ ഇതിനു രണ്ടു ദിവസം മുമ്പ് റിലീസ്‌ ചെയ്‌ത്‌ നല്ല അഭിപ്രായം നേടി മുന്നേറിക്കൊണ്ടിരിക്കുകയും ചെയ്‌തിരുന്നു. പിവിആർ വിലക്ക് പ്രഖ്യാപിച്ചതോടെ ഫെഫ്‌കയും നിർമാതാക്കളുടെ സംഘടനയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് രംഗത്തുവന്നിരുന്നു.

സിനിമ പ്രദർശിപ്പിക്കാത്ത ദിവസങ്ങളിൽ നിർമാതാക്കൾക്ക് ഉണ്ടായ നഷ്‌ടം നികത്താതെ ഒരു മലയാള സിനിമയും പിവിആർ തിയറ്ററുകളിൽ പ്രദർശിപ്പിക്കില്ലെന്ന് ഫെഫ്ക നിലപാടെടുത്തു. ഇതോടെ പ്രതിസന്ധി രൂക്ഷമായി. വ്യവസായി യൂസഫ് അലി അടക്കമുള്ളവർ ഇടപെട്ടതോടെയാണ് പിന്നീട് പിവിആർ വിലക്ക് പിൻവലിച്ച് സിനിമകൾ പ്രദർശിപ്പിക്കാൻ ആരംഭിച്ചത്. എന്നിട്ടും ഫോറം, ആർപി മാളുകളിലെ തിയറ്ററുകളിൽ സിനിമ പ്രദർശിപ്പിച്ചിരുന്നില്ല.

പ്രൊഡ്യൂസേഴ്‌സ്‌ അസോസിയേഷൻ്റെ കണ്ടൻ്റ് മാസ്‌റ്ററിങ് സംവിധാനം ഉപയോഗിച്ചാൽ തിയറ്റുകൾക്ക് കൊടുക്കേണ്ട പണം ഗണ്യമായി കുറയ്ക്കാം. എന്നാൽ യുഎഫ്‌ഒ പ്രൊജക്ഷൻ സംവിധാനം ഉപയോഗിക്കുന്ന പിവിആർ ഇതിന് തയാറായില്ല. യുഎഫ്ഒ, ക്യൂബ് തുടങ്ങി ഏതു പ്രൊജക്ഷൻ ഉപയോഗിച്ചാലും തങ്ങൾക്ക് കുഴപ്പമില്ലെന്നും വിപിഎഫ് തുക ഒഴിവാക്കണമെന്നുമാണ് തങ്ങളുടെ ആവശ്യമെന്ന് ഫെഫ്‌കയും പ്രെഡ്യൂസേഴ്‌സ് അസോസിയേഷനും ഇന്ന് വ്യക്തമാക്കിയിരുന്നു. ഇക്കാര്യത്തിലാണ് ഇപ്പോഴുണ്ടായ ചർച്ചയിൽ തീരുമാനമായിരിക്കുന്നത്. പ്രതിസന്ധി അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് മറ്റെന്തെങ്കിലും വ്യവസ്‌ഥകൾ കൂടി ഉൾപ്പെട്ടിട്ടുണ്ടോ എന്ന് വ്യക്‌തമായിട്ടില്ല.

spot_img

Check out our other content

Check out other tags:

Most Popular Articles