Tuesday, April 30, 2024

ഇറാനിയൻ മണ്ണിൽനിന്ന് ഇസ്രായേലിനെ നേരിട്ട് ആക്രമിക്കുന്നത് ഇതാദ്യം; പിന്തുണ നൽകിയാൽ അമേരിക്കൻ താവളങ്ങളിലേക്കും ആക്രമണം വ്യാപിപ്പിക്കുമെന്ന് മുന്നറിയിപ്പ്

Newsഇറാനിയൻ മണ്ണിൽനിന്ന് ഇസ്രായേലിനെ നേരിട്ട് ആക്രമിക്കുന്നത് ഇതാദ്യം; പിന്തുണ നൽകിയാൽ അമേരിക്കൻ താവളങ്ങളിലേക്കും ആക്രമണം വ്യാപിപ്പിക്കുമെന്ന് മുന്നറിയിപ്പ്

ഇറാനിലെ ഉന്നത സൈനിക ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയതിനു പ്രത്യക്ഷപ്രതികാരമായി ഇറാൻ ഇസ്രയേലിനെതിരെ ഡ്രോണുകളും മിസൈലുകളും പ്രയോഗിച്ചതു വലിയ പ്രത്യാഘാതങ്ങൾക്കു വഴിയൊരുക്കുമെന്നു വിലയിരുത്തൽ. ആക്രമണം ലക്ഷ്യം കണ്ടെന്നാണ് ഇറാന്റെ അവകാശവാദം. ഇസ്രയേലിനു അമേരിക്ക പിന്തുണ നൽകിയാൽ അമേരിക്കൻ താവളങ്ങളിലേക്കും ആക്രമണം വ്യാപിപ്പിക്കുമെന്നാണു മുന്നറിയിപ്പ്. ഇസ്രയേലിനു നേരെയുള്ള ആക്രമണത്തിനു പിന്നാലെ ഇറാൻ നഗരങ്ങളിൽ വലിയതോതിലുള്ള സന്തോഷ പ്രകടനങ്ങളാണു നടക്കുന്നത്.

ഇറാൻ ഡ്രോൺ ആക്രമണം നടത്തിയെന്നും സൈന്യം അതീവ ജാഗ്രതയിലാണെന്നും ഇസ്രയേൽ സായുധ സേന ശനിയാഴ്‌ച വൈകിയാണു പ്രഖ്യാപിച്ചത്. 20 കിലോഗ്രാം സ്ഫോടകവസ്‌തുക്കൾ വഹിക്കാൻ ശേഷിയുള്ള ഡ്രോണുകളാണ് ഇസ്രയേലിൽ പതിച്ചത്. ഇതാദ്യമായാണ് ഇറാൻ പരമാധികാര ഇറാനിയൻ മണ്ണിൽനിന്ന് ഇസ്രായേലിനെ നേരിട്ട് ആക്രമിക്കുന്നതെന്നു മുൻ ഇസ്രയേൽ ഡിഫൻസ് ഫോഴ്‌സ് വക്‌താവ് ജോനാഥൻ കോൺറിക്കസ് പറഞ്ഞു.

ഇറാനിൽനിന്നും സഖ്യ രാജ്യങ്ങളിൽനിന്നുമാണ് ഡ്രോണുകൾ തൊടുത്തത്. കനത്ത തിരിച്ചടി ഉണ്ടാകുമെന്ന് ഇസ്രയേൽ ഇതിനോടകം മുന്നറിയിപ്പു നൽകിയിട്ടുണ്ട്. ആക്രമണത്തെ നേരിടാൻ ഇസ്രയേൽ തയാറെന്നായിരുന്നു പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിൻ്റെ പ്രതികരണം. ആക്രമണ സാധ്യത കണക്കിലെടുത്ത് ഇസ്രയേലിലെ എല്ലാ സ്‌കൂളുകളും അടച്ചു. രാജ്യമെങ്ങും യുദ്ധ ഭീതിയാണു നിലനിൽക്കുന്നത്. ജോർദാനും ഇറാഖും ലബനോനും വ്യോമ മേഖല അടച്ചു. ഇസ്രയേൽ വ്യേമമേഖലയും വിമാനത്താവളവും അടച്ചു. അതേസമയം, സ്‌ഥിതി വിലയിരുത്തുകയാണെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ വ്യക്‌തമാക്കി.

ഇറാനെതിരായ ആക്രമണത്തിൽ അമേരിക്ക പങ്കാളിയാകില്ലെന്ന് അമേരിക്കൻ പ്രസിഡൻ്റ് ജോ ബൈഡൻ ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹുവിനെ ഫോണിലൂടെ അറിയിച്ചു. ഇസ്രയേൽ ഇറാനെ വീണ്ടും ആക്രമിച്ചാൽ അമേരിക്ക അതിനെ പിന്തുണക്കില്ല. ഇറാന്റെ ഭൂരിഭാഗം ഡ്രോണുകളും മിസൈലുകളും തകർക്കാൻ സാധിച്ചതിനാൽ ശനിയാഴ്‌ച രാത്രിയിലുണ്ടായ സംഭവം ഇസ്രയേലിന്റെ വിജയമായി കണക്കാക്കണമെന്നും നെതന്യാഹുവിനോടു ബൈഡൻ പറഞ്ഞു.

spot_img

Check out our other content

Check out other tags:

Most Popular Articles