Wednesday, May 1, 2024

ഇറാൻ ആക്രമണം; ഇസ്രയേലിനെ സഹായിക്കാൻ യുദ്ധക്കപ്പലുകൾ അയച്ച് അമേരിക്ക

Newsഇറാൻ ആക്രമണം; ഇസ്രയേലിനെ സഹായിക്കാൻ യുദ്ധക്കപ്പലുകൾ അയച്ച് അമേരിക്ക

സിറിയയിലെ നയതന്ത്ര കാര്യാലയം ആക്രമിച്ചതിന് പ്രതികാരമായി ഇറാൻ ആക്രമണത്തിന് തയ്യാറെടുക്കുന്നതായുള്ള റിപ്പോർട്ടുകൾക്കിടയിൽ ഇസ്രയേലിനെ സഹായിക്കാൻ യുദ്ധക്കപ്പലുകൾ അയച്ച് അമേരിക്ക. തിരിച്ചടി ഉടനുണ്ടായേക്കുമെന്നും ഇത് യുദ്ധത്തിലേക്ക് നയിച്ചേക്കുമെന്നുമാണ് യു.എസ്. ഇന്റലിജൻസ് ഏജൻസികൾ പറയുന്നത്. ഇതിന് പിന്നാലെയാണ് യു.എസ്. ഇസ്രയേലിന് സൈനിക സഹായം നൽകിയത്.

മേഖലയിലെ ഇസ്രയേലി, അമേരിക്കൻ സൈനിക കേന്ദ്രങ്ങളെ സംരക്ഷിക്കാനാണ് യു.എസ്. സൈനിക സഹായങ്ങൾ അയച്ചത്. കിഴക്കൻ മെഡിറ്ററേനിയൻ കടലിലേക്ക് രണ്ട് യുദ്ധക്കപ്പലുകളാണ് യു.എസ്. നാവികസേന അയച്ചതെന്ന് നേവി ഉദ്യോഗസ്ഥൻ പറഞ്ഞു. നിലവിൽ ചെങ്കടലിലുള്ള എസ്.എസ്. കാർനിയാണ് അമേരിക്ക അയച്ച ഒരു യുദ്ധക്കപ്പൽ. ഹൂതികളുടെ ഡ്രോൺ ആക്രമണവും കപ്പൽവേധ മിസൈലുകളും പ്രതിരോധിക്കുന്ന വ്യോമദൗത്യമാണ് ചെങ്കടലിൽ യു.എസ്.എസ്. കാർനിക്കുള്ളത്.

ആക്രമണം ഏതുനിമിഷവും പ്രതീക്ഷിക്കണമെന്ന മുന്നറിയിപ്പ് യു.എസ്. പ്രസിഡന്റ് ജോ ബൈഡൻ തന്നെ ഇസ്രയേലിന് നൽകിയിട്ടുണ്ട്. അതേസമയം ഒരുകാരണവശാലും ആക്രമിക്കരുതെന്ന് ഇറാനോടും നിർദേശിച്ചിട്ടുണ്ട്.

അടുത്ത 48 മണിക്കൂറിനുള്ളിൽ ഇസ്രയേലിനെ ആക്രമിക്കുമെന്ന് ഇറാന്റെ മുതിർന്ന ഉദ്യോഗസ്ഥനാണ് കഴിഞ്ഞ ദിവസം വോൾ സ്ട്രീറ്റ് ജേണലിനോട് പറഞ്ഞത്. ഇസ്രയേലിൽ എവിടെയും ഏതു സമയത്തും ആക്രമണം നടക്കാമെന്ന് റിപ്പോർട്ടിൽ പറയുന്നു. ആക്രമണപദ്ധതി ഇറാൻ്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ മുന്നിലുണ്ടെന്നും അതുണ്ടാക്കാവുന്ന പ്രത്യാഘാതങ്ങൾ വിലയിരുത്തുകയാണെന്നും അദ്ദേഹത്തിൻ്റെ ഉപദേഷ്ട്‌ടാവ് പറഞ്ഞതായാണ് വിവരം.

ഗാസയിൽ ആറുമാസം പിന്നിട്ട യുദ്ധം ഇസ്രയേലും സായുധസംഘടനയായ ഹമാസും തമ്മിലുള്ളതാണെങ്കിൽ ഇറാൻ നേരിട്ട് ഇസ്രയേലിനെ ആക്രമിക്കുന്നതിലൂടെ അത് രണ്ട് രാജ്യങ്ങൾ തമ്മിലുള്ളതാകും.

ആക്രമണഭീതി ഉടലെടുത്തതോടെ ഇസ്രയേലിൽ അവശ്യസാധനങ്ങൾ വാങ്ങിക്കൂട്ടുകയാണ് ജനം. ഊർജവിതരണം തടസ്സപ്പെടുമെന്നതിനാൽ ജനറേറ്ററുകളും വൻതോതിൽ വിറ്റഴിയുന്നു.

spot_img

Check out our other content

Check out other tags:

Most Popular Articles