Wednesday, May 8, 2024

അംഗങ്ങളിൽനിന്നു പിരിച്ച 5 കോടി രൂപ സർക്കാർ അഭിഭാഷകന് കൈമാറി; കേസുകൾ അട്ടിമറിക്കാൻ ഹൈറിച്ച് ഗ്രൂപ്പ് അംഗങ്ങളുടെ ഗൂഢനീക്കം

CRIMEഅംഗങ്ങളിൽനിന്നു പിരിച്ച 5 കോടി രൂപ സർക്കാർ അഭിഭാഷകന് കൈമാറി; കേസുകൾ അട്ടിമറിക്കാൻ ഹൈറിച്ച് ഗ്രൂപ്പ് അംഗങ്ങളുടെ ഗൂഢനീക്കം

ഹൈറിച്ച് കമ്പനിക്കെതിരായ സാമ്പത്തിക തട്ടിപ്പ് കേസുകൾ അട്ടിമറിക്കാൻ ഗ്രൂപ്പ് അംഗങ്ങളുടെ ഗൂഢനീക്കമെന്ന് റിപ്പോർട്ട്. പബ്ലിക് പ്രോസിക്യൂട്ടർക്ക് കോഴ നൽകി കേസുകൾ ഒഴിവാക്കാൻ ശ്രമം നടക്കുന്നെന്ന് വ്യക്തമാക്കുന്ന ശബ്ദരേഖ പുറത്തുവന്നു. അംഗങ്ങളിൽനിന്നു പിരിച്ച 5 കോടി രൂപ സർക്കാർ അഭിഭാഷകന് കൈമാറിയെന്നും ശബ്‌ദരേഖയിൽ പറയുന്നു.

“എല്ലാവരും പൈസ ഇറക്കുന്നുണ്ട്. ഇപ്പോൾ അഞ്ച് കോടി രൂപ ഇറക്കിയിട്ടുണ്ടെന്ന് പറഞ്ഞു. സർക്കാർ വക്കീലിനാണ് ഇപ്പോൾ കൊടുത്തിരിക്കുന്നത്. അതു കൊടുത്തു കഴിഞ്ഞാൽ ഹൈറിച്ച് റിട്ടേൺ വരും എന്നൊക്കെ അവൻ നിഷ്കളങ്കമായി എന്റയെടുത്ത് വന്നു പറഞ്ഞതാണ്. നിങ്ങൾ വേഗം ഒപ്പിട്ടു കൊടുത്തോ എന്നൊക്കെ എന്നോട് ഫോൺ വിളിച്ചു പറഞ്ഞു.”- ഗ്രൂപ്പ് അംഗമായ വനിതയുടെ ഫോൺ സംഭാഷണത്തിൽ പറയുന്നു.

ഹൈറിച്ച് അംഗങ്ങൾക്കിടയിൽ നടന്ന സംഭാഷണമാണ് ചോർന്നത്. ഇതു വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇതോടൊപ്പം ഹൈറിച്ച് കമ്പനിക്കെതിരെ പരാതിയില്ലെന്നും കമ്പനി തുറന്ന് പ്രവർത്തിക്കാൻ അനുവദിക്കണമെന്നും ആവശ്യപ്പെടുന്ന ഫോമും നിക്ഷേപകരിൽ നിന്ന് ഒപ്പിട്ടുവാങ്ങി. കോടതിയിൽനിന്ന് അനുകൂല നടപടിയുണ്ടാകുമെന്ന് വിശ്വസിപ്പിച്ചാണ് ഈ നീക്കം.

ഹൈറിച്ച് ഉടമകൾ സംസ്‌ഥാനത്തിന് അകത്തും പുറത്തുമായി 3141 കോടി രൂപ നിക്ഷേപമായി സ്വീകരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ വ്യക്തമാക്കിയിരുന്നു. ഹൈറിച്ച് ഓൺലൈൻ ഷോപ്പിയുടെ പേരിലുള്ള സ്‌ഥാവര ജംഗമവസ്തുക്കൾ ബഡ്‌സ് ആക്‌ട് പ്രകാരം കണ്ടുകെട്ടാനുള്ള നടപടികൾ അവസാനഘട്ടത്തിലാണെന്നും മുഖ്യമന്ത്രി ജനുവരിയിൽ മറുപടി നൽകിയതാണ്.

മാസങ്ങൾ പിന്നിടുമ്പോഴും ഹൈ റിച്ച് ഓൺലൈൻ ഷോപ്പി പ്രൈവറ്റ് ലിമിറ്റഡ് എന്ന മൾട്ടി ലെവൽ മാർക്കറ്റിങ് കമ്പനിയുടെ മാനേജിങ് ഡയറക്‌ടർ വലിയാലുക്കൽ കോലാട്ട് കെ.ഡി.പ്രതാപൻ, ഭാര്യയും സിഇഒയുമായ കാട്ടുക്കാരൻ ശ്രീന എന്നിവരെ പൊലീസ് ചോദ്യം ചെയ്യാത്തത് അട്ടിമറിയെന്ന സംശയം ബലപ്പെടുത്തുന്നു. കേസിൽ തുടരുന്ന ഇ.ഡി അന്വേഷണം കൂടി ചെറുക്കുകയെന്ന ലക്ഷ്യത്തോടെയാണ് കേസുകൾ ഇല്ലാതാക്കാനുള്ള ഗൂഢനീക്കം.

മണിചെയിൻ തട്ടിപ്പിനു പുറമേ 127 കോടി രൂപയുടെ നികുതി വെട്ടിച്ചതിനു ജിഎസ്‌ടി ഇന്റലിജൻസ് വിഭാഗം ഇവർക്കെതിരെ കേസ് റജിസ്റ്റർ ചെയ്തതിട്ടുണ്ട്. ഒടിടി പ്ലാറ്റ്ഫോം, ക്രിപ്റ്റോ കറൻസി തുടങ്ങിയ ബിസിനസുകളിലും പണം മുടക്കി കോടികളുടെ ലാഭം നേടാമെന്നു വ്യാമോഹിപ്പിച്ചും പ്രതികൾ 1,157 കോടി രൂപയുടെ നിക്ഷേപം സ്വീകരിച്ചിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.

spot_img

Check out our other content

Check out other tags:

Most Popular Articles